'ബാഴ്‌സയ്ക്കായി മെസി ഫ്രീയായി കളിക്കും എന്നു പ്രതീക്ഷിച്ചിരുന്നു'; പരോക്ഷ കുറ്റപ്പെടുത്തലുമായി ക്ലബ് പ്രസിഡന്റ്
2003-ലാണ് മെസി ബാഴ്‌സലോണയുടെ ഭാഗമായത്. തുടര്‍ന്ന് നീണ്ട 18 വര്‍ഷങ്ങള്‍ കളിച്ചശേഷമാണ് ഈ സീസണ്‍ ആദ്യം അദ്ദേഹം ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്കു മാറിയത്. 778 മത്സരങ്ങളില്‍ ബാഴ്‌സയ്ക്കായി ബൂട്ടുകെട്ടിയ മെസി 672 ഗോളുകളും നേടി. ക്ലബിനൊപ്പം 10 ലാ ലിഗ കിരീട നേട്ടങ്ങളിലും നാലു ചാമ്പ്യന്‍സ് ലീഗ്, രണ്ടു ക്ലബ് ലോകകപ്പ് നേട്ടങ്ങളിലും അദ്ദേഹം പങ്കുവഹിച്ചു. ബാഴ്‌സയ്ക്കായി കരിയറില്‍ 34 കിരീടങ്ങളാണ് മെസി നേടിയത്.
9 Oct 2021 11:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതിഹാസ താരം ലയണല്‍ മെസിക്കെതിരേ പരോക്ഷ കുറ്റപ്പെടുത്തലുമായി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ പ്രസിഡന്റ് യൊവാന്‍ ലാപോര്‍ട്ട. രണ്ടു പതിറ്റാണ്ടോളം ക്ലബിന്റെ ഭാഗമായിരുന്ന മെസി ബാഴ്‌സയ്ക്കായി പ്രതിഫലം വാങ്ങാതെ കളിക്കുമെന്നു താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നാണ് ലാപോര്‍ട്ട വെളിപ്പെടുത്തിയത്.
''മെസിയുടെ വേതന കരാര്‍ ലാ ലിഗ അംഗീകരിക്കാത്തതു കൊണ്ടാണ് അദ്ദേഹത്തിനു ബാഴ്‌സ വിടേണ്ടി വന്നത്. ആ സമയത്ത് സൗജന്യമായി കളിക്കാനാകുമോയെന്നു മെസിയോടു ചോദിക്കാന്‍ എനിക്കാകില്ലായിരുന്നു. പക്ഷേ അങ്ങനെ ചെയ്യാമെന്ന് അദ്ദേഹം ഇങ്ങോട്ടു പറയുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു''- ലാപോര്‍ട്ട പറഞ്ഞു. എന്നാല്‍ പി.എസ്.ജിയുടെ സമ്മര്‍ദ്ദം വളരെ വലുതായിരുന്നുവെന്നും തനിക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ലെന്നും മെസി സൗജന്യമായി ആയി കളിക്കാന്‍ തയാറായിരുന്നെങ്കില്‍ ലാ ലിഗ അതിനു സമ്മതിച്ചേനെയെന്നും ലാപോര്‍ട്ട കൂട്ടിച്ചേര്‍ത്തു.
2003-ലാണ് മെസി ബാഴ്‌സലോണയുടെ ഭാഗമായത്. തുടര്‍ന്ന് നീണ്ട 18 വര്‍ഷങ്ങള്‍ കളിച്ചശേഷമാണ് ഈ സീസണ്‍ ആദ്യം അദ്ദേഹം ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്കു മാറിയത്. 778 മത്സരങ്ങളില്‍ ബാഴ്‌സയ്ക്കായി ബൂട്ടുകെട്ടിയ മെസി 672 ഗോളുകളും നേടി. ക്ലബിനൊപ്പം 10 ലാ ലിഗ കിരീട നേട്ടങ്ങളിലും നാലു ചാമ്പ്യന്‍സ് ലീഗ്, രണ്ടു ക്ലബ് ലോകകപ്പ് നേട്ടങ്ങളിലും അദ്ദേഹം പങ്കുവഹിച്ചു. ബാഴ്‌സയ്ക്കായി കരിയറില്‍ 34 കിരീടങ്ങളാണ് മെസി നേടിയത്.
ലാപോര്‍ട്ടയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി മെസിയും രംഗത്തു വന്നിട്ടുണ്ട്. ''പെട്ടെന്ന് ഒരു ദിവസം ഞാന്‍ ക്ലബിന്റെ ഭാഗമല്ലാതായി മാറി എന്ന് ബാഴ്‌സലോണ പ്രഖ്യാപിച്ചപ്പോള്‍ എന്റെ ഭാവിയെക്കുറിച്ചാണ് ഞാന്‍ ഓര്‍ത്തത്. ആ സമയത്താണ് പി.എസ്.ജി. ഓഫറുമായി സമീപിക്കുന്നത്. എന്റെ മുമ്പില്‍ മറ്റു മാര്‍ഗമില്ലായിരുന്നു'' -മെസി പറഞ്ഞതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.