Top

ഹാര്‍ദ്ദിക്കിന് ശാരീരികാസ്വസ്ഥതകള്‍; ഉടന്‍ ക്രിക്കറ്റിലേക്കു തിരിച്ചെത്തില്ലെന്നു സൂചിപ്പിച്ച് പരിശീലകന്‍

21 Sep 2021 2:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹാര്‍ദ്ദിക്കിന് ശാരീരികാസ്വസ്ഥതകള്‍; ഉടന്‍ ക്രിക്കറ്റിലേക്കു തിരിച്ചെത്തില്ലെന്നു സൂചിപ്പിച്ച് പരിശീലകന്‍
X

ഇന്ത്യയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി ഹര്‍ദ്ദിക് പാണ്ഡ്യ ഉടന്‍ ക്രിക്കറ്റിലേക്കു മടങ്ങിയെത്തില്ലെന്നു റിപ്പോര്‍ട്ടുകള്‍. കോവിഡ് മഹാമാരിയെത്തുടര്‍ന്നു നിര്‍ത്തിവച്ച ഐ.പി.എല്‍. മത്സരങ്ങള്‍ യു.എ.ഇയില്‍ പുനരാരംഭിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ കളിക്കാന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഹര്‍ദ്ദിക് പാണ്ഡ്യയും ഇല്ലായിരുന്നു.

രോഹിതിനു പരുക്കാണ് വിനയായതെന്നു വ്യക്തമാക്കിയെങ്കിലും ഹാര്‍ദ്ദിക്കിന്റെ അഭാവത്തിന്റെ കാരണം ടീം മാനേജ്‌മെന്റ് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ കാരണം വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് മുംബൈ പരിശീലകന്‍ മഹേള ജയവര്‍ധനെ.

ഹാര്‍ദ്ദിക്കിനെ മുംബൈ തഴഞ്ഞതല്ലെന്നും പരിശീലനത്തിനിടെ അദ്ദേഹത്തിന് ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനാല്‍ താരത്തിനു വിശ്രമം അനുവദിക്കുകയായിരുന്നുവെന്നുമാണ് ജയവര്‍ധനെ പറഞ്ഞത്.''ഹാര്‍ദിക് ടീമിനൊപ്പം പരിശീലനം നടത്തി വരികയായിരുന്നു. പക്ഷെ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടു. അതുകൊണ്ടാണ് ഒരു മുന്‍കരുതലെന്ന രീതിയില്‍ കുറച്ചു ദിവസത്തേക്കു അവന് വിശ്രമം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്''- ജയവര്‍ധനെ വ്യക്തമാക്കി. താരത്തിനു ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നു പറഞ്ഞ ജയവര്‍ധനെ പക്ഷേ അടുത്ത മത്സരത്തിനുള്ള ടീമില്‍ ഉണ്ടാകുമോയെന്നു വ്യക്തമാക്കാന്‍ തയാറായില്ല. വ്യാഴാഴ്ച കൊല്‍ക്കത്ത നൈറ്റ്റൈഡേ്ഴ്സുമായിട്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മല്‍സരം.

എന്നാല്‍ ഈ മത്സരത്തില്‍ ഹാര്‍ദ്ദിക് തിരിച്ചുവരില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മാത്രമല്ല ഏതാനും മത്സരങ്ങളില്‍ക്കൂടി ഹാര്‍ദ്ദിക്കിന് വിശ്രമം അനുവദിച്ചേക്കുമെന്നു സൂചനയുണ്ട്. ഐ.പി.എല്ലിനു പിന്നാലെ ട്വന്റി 20 ലോകകപ്പ് വരുന്നതിനാല്‍ ഹാര്‍ദ്ദിക്കിന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ ബി.സി.സി.ഐയും തയാറല്ല. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹാര്‍ദ്ദിക് ഇടംപിടിച്ചിട്ടുണ്ട്.

പൂര്‍ണ ഫിറ്റ്നസില്ലെന്നതാണ് ഹാര്‍ദിക്കിന് വിനയാവുന്നതെന്നാണ് വിവരം. ഇതുകാരണം ഇനിയുള്ള മല്‍സരങ്ങളില്‍ അദ്ദേഹം ബൗള്‍ ചെയ്യാനുള്ള സാധ്യതയും കുറവാണ്. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ഫിറ്റ്നസ് പ്രശ്നങ്ങളെ തുടര്‍ന്ന് ഹാര്‍ദിക് ഒരോവര്‍ പോലും ബൗള്‍ ചെയ്തിരുന്നില്ല. 2020-ലെ കഴിഞ്ഞ ഐ.പി.എല്‍ യു.എ.ഇയില്‍ നടന്നപ്പോള്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. അന്ന് 14 മല്‍സരങ്ങളില്‍ നിന്നും 179 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റോടെ 281 റണ്‍സ് താരം നേടിയിരുന്നു.

Popular Stories

    Next Story