Top

ഇന്ത്യയില്‍ നിര്‍ത്തിയിടത്തു നിന്ന് യു.എ.ഇയില്‍ തുടങ്ങി ഡല്‍ഹി; സണ്‍റൈസേഴ്‌സിനെതിരേ തകര്‍പ്പന്‍ ജയം

ഇന്നു ദുബായിയില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിനു തോല്‍പിച്ചു അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

22 Sep 2021 5:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയില്‍ നിര്‍ത്തിയിടത്തു നിന്ന് യു.എ.ഇയില്‍ തുടങ്ങി ഡല്‍ഹി; സണ്‍റൈസേഴ്‌സിനെതിരേ തകര്‍പ്പന്‍ ജയം
X

ഇന്ത്യയില്‍ നടന്ന ഐ.പി.എല്‍. 2021 സീസണിന്റെ ആദ്യ പാദത്തിലെ ഫോം യു.എ.ഇയില്‍ നടക്കുന്ന രണ്ടാം പാദത്തിലും തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്നു ദുബായിയില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിനു തോല്‍പിച്ചു അവര്‍ പോയിന്റ്് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ്. കോവിഡ് ആശങ്കകളോടും മുന്‍നിരയുടെ മോശം ഫോമിനോടും പൊരുതി നനിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 13 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

41 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 47 റണ്‍സ് നേടിയ മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍, 37 പന്തില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റണ്‍സ് നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍, 21 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 35 റണ്‍സ് നേടിയ നായകന്‍ റിഷഭ് പന്ത് എന്നിവരാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്.കളിയവസാനിക്കുമ്പോള്‍ ശ്രേയസും പന്തുമായിരുന്നു. ക്രീസില്‍. ധവാനു പുറമേ എട്ടു പന്തില്‍ നിന്ന് 11 റണ്‍സ് നേടിയ മറ്റൊരു ഓപ്പണര്‍ പൃഥ്വി ഷായുടെ വിക്കറ്റാണ് ഡല്‍ഹിക്കു നഷ്ടമായത്. സണ്‍റൈസേഴ്‌സിനു വേണ്ടി റാഷിദ് ഖാനും ഖലീല്‍ അഹമ്മദുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. തോല്‍വിയോടെ അവരുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറേ അസ്തമിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. മുന്‍നിര താരങ്ങളൊന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയപ്പോള്‍ മധ്യനിരയില്‍ 21 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 28 റണ്‍സ് നേടിയ അബ്ദുള്‍ സമദും 19 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 22 റണ്‍സ് നേടിയ റാഷിദ് ഖാനും ചേര്‍ന്നാണ് അവരെ 100 കടത്തിയത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ(17 പന്തില്‍ 18), നായകന്‍ കെയ്ന്‍ വില്യംസണ്‍(26 പന്തില്‍ 18), മധ്യനിര താരം മനീഷ് പാണ്ഡെ(16 പന്തില്‍ 17), വാലറ്റക്കാരന്‍ ജേസണ്‍ ഹോള്‍ഡര്‍(ഒമ്പതു പന്തില്‍ 10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഡല്‍ഹിക്കായി നാലോവറില്‍ 37 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ കാഗിസോ റബാഡയാണ് തിളങ്ങിയത്. നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ആന്റ്‌റിച്ച് നോര്‍ട്ടെയും 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ അക്‌സര്‍ പട്ടേലും മികച്ച പിന്തുണ നല്‍കി.

സണ്‍റൈസേഴ്‌സിന്റെ ഇന്ത്യന്‍ പേസര്‍ ടി. നടരാജന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ ഏറെ ആശങ്കകള്‍ക്കിടയിലാണ് ഇന്നു മത്സരം നടത്താന്‍ തീരുമാനമായത്. ആര്‍.ടി. - പി.സി.ആര്‍. പരിശോധനയില്‍ ടീമിലെ മറ്റുതാരങ്ങളും സ്റ്റഫാംഗങ്ങളും സുരക്ഷിതരാണെന്നു ബോധ്യപ്പെട്ടതോടെയാണ് മത്സരത്തിന് ബി.സി.സി.ഐ. അനുമതി നല്‍കിയത്. തുടര്‍ന്ന് ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മോശം തുടക്കമാണ് അവരെ കാത്തിരുന്നത്. ഐ.പി.എല്ലിന്റെ ആദ്യപാദത്തില്‍ ഇന്ത്യയില്‍ മോശം പ്രകടനം കാഴ്ചവച്ച ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ യു.എ.ഇയിലും ഫോം വീണ്ടെടുക്കാതെ വന്നതോടെ സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് അവര്‍ തുടങ്ങിയത്.

നേരിട്ട മൂന്നാം പന്തില്‍ തന്നെ പൂജ്യനായി വാര്‍ണര്‍ ആന്റ്‌റിച്ച് നോര്‍ട്ടെയ്ക്കു വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 17 പന്തില്‍ 18 റണ്‍സുമായി ഭേദപ്പെട്ട തുടക്കം നേടിയ വൃദ്ധിമാന്‍ സാഹയുടെ ഊഴമായിരുന്നു അടുത്ത്. അഞ്ചാം ഓവറിന്റെ അവസാന പന്തില്‍ സാഹ കാഗിസോ റബാഡയ്ക്കു വിക്കറ്റ് സമ്മാനിക്കുമ്പോള്‍ രണ്ടിന് 29 എന്ന നിലയിലായിരുന്നു അവര്‍. പിന്നീട് നായകന്‍ കെയ്ന്‍ വില്യംസണും മധ്യനിര താരം മനീഷ് പാണ്ഡെയും ചേര്‍ന്ന് ഇന്നിങ്‌സ് കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒടുവില്‍ സമദും റാഷിദും നടത്തിയ ചെറുത്തുനില്‍പ്പാണ് അവര്‍ക്കു രക്ഷയായത്.

അതേസമയം ഇന്നു നടത്തിയ ആര്‍.ടി. - പി.സി.ആര്‍. പരിശോധനയില്‍ സണ്‍റൈസേഴ്‌സിന്റെ ഇന്ത്യന്‍ പേസര്‍ ടി. നടരാജനു കോവിഡ് സ്ഥിരീകരിച്ചത്. നടരാജന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും താരത്തെ ഐസൊലേഷനിലേക്കു മാറ്റിയെന്നും സണ്‍റൈസേഴ്‌സ് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. ഇന്ത്യന്‍ താരം വിജയ് ശങ്കര്‍ ഉള്‍പ്പടെ സണ്‍റൈസേഴ്‌സ് ക്യാമ്പിലെ ആറുപേരാണ് നടരാജനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്. ഇവരെയും ഐസൊലേഷനിലേക്കു മാറ്റിയെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി. ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് ശ്യാം സുന്ദര്‍, ടീം ഡോക്ടര്‍ അഞ്ജന വന്നന്‍, ലോജിസ്റ്റിക്‌സ് മാനേജര്‍ തുഷാര്‍ ഖേദ്കര്‍, നെറ്റ്‌സ് ബൗളര്‍ പെരിയസ്വാമി ഗണേഷന്‍ എന്നിവരാണ് നടരാജനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവര്‍.

Next Story