Top

'സെക്യൂരിറ്റി അലേർട്ട്'; ടോസിന് തൊട്ടുമുന്‍പ് പാക് പര്യടനം ഉപേക്ഷിച്ച് ന്യൂസീലാന്‍ഡ്

സുരക്ഷാ ഭീഷണിയുടെ വിശദാംശങ്ങളെക്കുറിച്ച് ന്യൂസിലാന്‍ഡ് സംഘം പ്രതികരിച്ചിട്ടില്ല

17 Sep 2021 10:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെക്യൂരിറ്റി അലേർട്ട്; ടോസിന് തൊട്ടുമുന്‍പ് പാക് പര്യടനം ഉപേക്ഷിച്ച് ന്യൂസീലാന്‍ഡ്
X

ഇസ്ലാമാബാദ്: പതിനെട്ട് വർഷത്തെ ഇടവേളയ്ക്കുശേഷം നടക്കാനിരുന്ന പാക് പര്യടനത്തില്‍ നിന്ന് ന്യൂസീലാന്‍ഡ് പിന്മാറി. റാവല്‍പിണ്ടിയില്‍ ആദ്യ ഏകദിന മത്സരം തുടങ്ങാനിരിക്കെയാണ് പര്യടനം റദ്ദാക്കിയതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചത്. സുരക്ഷ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. അതേസമയം, സുരക്ഷാ ഭീഷണിയുടെ വിശദാംശങ്ങളെക്കുറിച്ച് ന്യൂസിലാന്‍ഡ് സംഘം പ്രതികരിച്ചിട്ടില്ല. അതേസമയം, എത്രയും പെട്ടെന്ന് പാകിസ്ഥാനില്‍ നിന്ന് തിരിച്ചെത്താനാണ് നിർദേശമെന്നാണ് റിപ്പോർട്ടുകള്‍.

ഇന്ന് മൂന്നു മണിക്ക് റാവല്‍പിണ്ടി സ്‌റ്റേഡിയത്തില്‍ മത്സരം നടക്കാനിരിക്കെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും പാക് സുരക്ഷാ ഉദ്യോഗസ്ഥരും താരങ്ങളുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെങ്കിലും ന്യൂസിലന്‍ഡ് താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. പരമ്പര ഉപേക്ഷിക്കാനുള്ള തീരുമാനം ഏകപക്ഷീയമായിരുന്നു എന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം.

അതേസമയം, ന്യൂസിലാന്‍ഡിന്റെ ചില താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 18 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയത്. നേരത്തെ 2002ല്‍ ന്യൂസീലന്‍ഡ് പാക്കിസ്ഥാനില്‍ പര്യടനം നടത്തുന്ന സമയത്ത് ടീമംഗങ്ങള്‍ താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിനു പുറത്ത് ബോംബ് സ്‌ഫോടനം നടന്നിരുന്നു. പിന്നീട് 2003-ല്‍ അഞ്ച് ഏകദിനങ്ങള്‍ക്കായി വീണ്ടും പാകിസ്ഥാനില്‍ എത്തിയിരുന്നെങ്കിലും പിന്നീട് സുരക്ഷാ മുന്നറിയിപ്പു പ്രകാരം കിവീസ് പാകിസ്ഥാന്‍ പര്യടനത്തിന് തയ്യാറായിരുന്നില്ല.

റാവല്‍പിണ്ടിയിലും ലാഹോറിലുമായി മൂന്ന് ഏകദിന മത്സരങ്ങളും, അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ക്കുമായാണ് ഇത്തവണ ന്യൂസീലാന്‍ഡ് പാക് പര്യടനത്തിനെത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 3 വരെ ഷെഡ്യൂള്‍ ചെയ്തിരുന്ന മത്സരമാണ് ആദ്യ മത്സരത്തിന്റെ ടോസിന് മുന്‍പ് കിവീസ് ഉപേക്ഷിച്ചത്.

Next Story

Popular Stories