
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഇംഗ്ലീഷ് താരങ്ങളുടെ വ്യക്തിപരമായ ആക്രമണത്തിന് ഇരയായിരുന്നതായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. മത്സരത്തിനിടെ സാക്ക് ക്രൗളിയുമായി ഗില്‍ തര്‍ക്കിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കവേയായിരുന്നു മഞ്ജരേക്കറുടെ വെളിപ്പെടുത്തല്‍. ലോര്‍ഡ്സില്‍ ക്യാപ്റ്റനെന്ന നിലയിലെ ആവേശവും അഗ്രഷനും ബാറ്ററെന്ന നിലയില്‍ ഗില്ലിന് പ്രകടിപ്പിക്കാന്‍ സാധിച്ചില്ലെന്നും അവിടെയാണ് വിരാട് കോഹ്‌ലിയും ഗില്ലും തമ്മിലുള്ള വ്യത്യാസമെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.
'എതിര്‍ ടീമിനോട് ദേഷ്യപ്പെട്ടതിന് ശേഷം വിരാട് കോഹ്‌ലി തന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാറുണ്ട്. എന്നാല്‍ ഗില്ലിന്റെ കാര്യം അങ്ങനെയായിരുന്നില്ല. സാക് ക്രൗളിയോട് വാക്കേറ്റമുണ്ടായ ആ സംഭവം ശുഭ്മന്‍ ഗില്ലില്‍ ശരിയായ രീതിയിലല്ല സ്വാധീനിച്ചത്', മഞ്ജരേക്കര്‍ പറഞ്ഞു.
Sanjay Manjrekar On Shubman Gill's Aggressive Side 🗣️#CricketTwitter #IndianCricket pic.twitter.com/9aKNV7OT8n
— CRICKETNMORE (@cricketnmore) July 18, 2025
ലോര്‍ഡ്സില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 'വ്യക്തിപരമായ ആക്രമണത്തിന്' വിധേയനായി എന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റംപ് മൈക്രോഫോണ്‍ സംഭാഷണം ഉദ്ധരിച്ചാണ് ബ്രോഡ്കാസ്റ്റിംഗ് ടീമിലെ അംഗമായ മഞ്ജരേക്കര്‍ ഇക്കാര്യം അവകാശപ്പെട്ടത്. കൂടാതെ ഗില്‍ അത് നല്ല രീതിയില്‍ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഗില്ലിന്റെ പുറത്താകലും വളരെ സംശയാസ്പദമായിരുന്നു. മൈക്ക് സ്റ്റംപില്‍ പതിയാറുള്ള സംഭാഷണങ്ങള്‍ ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയും. ലോര്‍ഡ്‌സില്‍ ഗില്ലും വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇത് ഒരു പുതിയ അനുഭവമായിരിക്കാം. കാരണം വിദേശ മണ്ണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊതുവേ നല്ല സ്വീകരണമാണല്ലോ ലഭിക്കാറുള്ളത്. എന്നാല്‍ ആ ഘട്ടത്തില്‍ ഗില്ലിന്റെ പെരുമാറ്റം എന്നെ സംശയിപ്പിച്ചു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം മത്സരം അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപ് ഗില്ലും സാക് ക്രൗളിയും തമ്മിൽ വാക്കേറ്റമുണ്ടായത് വലിയ വാർത്തയായിരുന്നു. ഇംഗ്ലണ്ട് ബാറ്റർ വെറുതെ സമയം കളയുകയാണെന്ന് ആരോപിച്ച് ഗിൽ ചോദ്യം ചെയ്യുകയായിരുന്നു.
Content Highlights: England made ‘personal attacks’ on India captain Shubman Gill at Lord's says Sanjay Manjarekkar