വാംഖഡെയില് ലങ്കാദഹനം 2.0; ചരിത്ര വിജയത്തോടെ ഇന്ത്യ സെമിയില്

ലോകകപ്പില് ഇന്ത്യയുടെ തുടര്ച്ചയായ ഏഴാം വിജയമാണിത്

dot image

മുംബൈ: ലോകകപ്പില് ശ്രീലങ്കയ്ക്കെതിരെ റെക്കോര്ഡ് വിജയവുമായി ഇന്ത്യ. ഹിറ്റ്മാനും സംഘവും ഉയര്ത്തിയ 358 റണ്സ് പിന്തുടര്ന്ന ലങ്ക 52 റണ്സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ പ്രകടനമാണ് 'മെന് ഇന് ബ്ലു'വിന് സ്വപ്നവിജയം സാധ്യമാക്കിയത്. ഷമിയെ കൂടാതെ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംമ്ര, രവീന്ദ്ര ജഡേജ എന്നിവര് ഒരോ വിക്കറ്റും വീഴ്ത്തി. ഇന്നത്തെ വിജയത്തോടെ ഇന്ത്യ സെമി ബെര്ത്ത് ഉറപ്പിച്ചു. ലോകകപ്പില് ഇന്ത്യയുടെ തുടര്ച്ചയായ ഏഴാം വിജയമാണിത്.

'ചേസിനിറങ്ങിയ' ലങ്കയ്ക്ക് അവശ്വസിനീയമായിരുന്നു കാര്യങ്ങള്. ഇന്നിംഗ്സിലെ ആദ്യ പന്തില് തന്നെ വിക്കറ്റ് നേടി ബുംമ്രയാണ് പേസാക്രമണം ആരംഭിച്ചത്. നിസ്സങ്കയെ വിക്കറ്റിന് മുന്നില് കുരുക്കിയായിരുന്നു ബുംമ്ര മാജിക്. തൊട്ടുപിന്നാലെ രണ്ടാം ഓവറില് രണ്ട് വിക്കറ്റുകള് വീഴ്ത്തി സിറാജ് ആക്രമണത്തിന്റെ വേഗം കൂട്ടി. രണ്ടാം ഓവറിലെ ആദ്യ പന്തില് ദിമുത്ത് കരുണാരത്നയെ വിക്കറ്റിനു മുന്പില് കുരുക്കിയായിരുന്നു സിറാജിന്റെ വിക്കറ്റ് വേട്ടയുടെ തുടക്കം. ഇതേ ഓവറിന്റെ അഞ്ചാം പന്തില് സദീര സമര വിക്രമയേയും (0) സിറാജ് മടക്കി.

രണ്ടാം ഓവറിലെ അഞ്ചാം പന്തില് ക്യാപ്റ്റന് കുശാല് മെന്ഡിസിനെ (1) കൂടെ സിറാജ് പുറത്താക്കിയതോടെ മൂന്ന് റണ്സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ശ്രീലങ്ക തകര്ന്നു. പത്താം ഓവറില് സ്പെല്ലിനെത്തിയ ഷമി കാര്യങ്ങള് പൂര്ണമായും ലങ്കയില് നിന്ന് പിടിച്ചെടുത്തു. ചരിത് അസലങ്കയായിരുന്നു (1) ഷമിയുടെ ആദ്യ ഇര. പിന്നീട് ദുഷന് ഹേമന്ദയെയും ദുഷ്മന്ത ചമീരയെയും സംപൂജ്യരാക്കി മടക്കി. ആറാമനായി ക്രീസിലെത്തിയ എയ്ഞ്ചലോ മാത്യൂസാണ് മധ്യനിരയില് അല്പ്പമെങ്കിലും ചെറുത്തുനിന്നത്. 25 പന്തില് 12 റണ്സ് നേടിയ മാത്യൂസിനെ ഷമി ബൗള്ഡാക്കിയതോടെ തകര്ച്ച പൂര്ണം. 14-ാം ഓവറില് എട്ടാം വിക്കറ്റ് വീഴുമ്പോള് ലങ്കന് സ്കോര് ബോര്ഡില് 29 റണ്സ്.

വാലറ്റക്കാര്ക്ക് സ്കോര് 50 കടത്താനെ സാധിച്ചുള്ളു. അവസാനക്കാരായി എത്തിയ മഹീഷ് തീക്ഷ്ണയും കസുന് രജിതയുമാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്. 17 പന്തില് 14 റണ്സ് നേടിയ കസുന് രജിതയെ മുഹമ്മദ് ഷമിയും ദില്ഷന് മധുശങ്കയെ ജഡേജയും പുറത്താക്കിയതോടെ ലങ്കന് ഇന്നിങ്സ് അവസാനിച്ചു. ലോകകപ്പിൽ ശ്രീലങ്ക വഴങ്ങിയ ഏറ്റവും വലിയ തോല്വിയാണിത്. റണ് അടിസ്ഥാനത്തില് ഇന്ത്യ നേടിയ ഏറ്റവും വലിയ ലോകകപ്പ് വിജയവുമാണിത്. അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് മത്സരത്തിലെ താരം. 2023 ലോകകപ്പില് മൂന്ന് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ശ്രീലങ്കക്കെതിരെയുള്ള വിക്കറ്റ് വേട്ടയോടെ ഏകദിന ലോകകപ്പില് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റെക്കോഡ് ഷമി സ്വന്തമാക്കി.

വാംഖഡെ സ്റ്റേഡിയത്തില് ടോസ് നേടിയ ലങ്ക ആതിഥേയരെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 357 റണ്സ് ഇന്ത്യ നേടി. രണ്ടാം പന്തില് തന്നെ ക്യാപ്റ്റന് രോഹിത് ശര്മ പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ മിക്കവരും തകര്ത്തടിക്കുകയായിരുന്നു. ശുഭ്മാന് ഗില് (92), വിരാട് കോഹ്ലി (88), ശ്രേയസ് അയ്യര് (82) എന്നിവരുടെ തകര്പ്പന് ഇന്നിങ്സാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ശ്രീലങ്കക്ക് വേണ്ടി ദില്ഷന് മധുശങ്ക അഞ്ച് വിക്കറ്റ് വീഴ്ത്തി.

dot image
To advertise here,contact us
dot image