
കായിക മേഖലയില് സൗദി അറേബ്യ കോടികള് മുടക്കുന്ന പ്രവണത തുടരുമെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന് ബെന് സ്റ്റോക്സ്. സൂപ്പര് താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്ഡോ, നെയ്മര് ജൂനിയര്, കരീം ബെന്സെമ തുടങ്ങി അപ്രതീക്ഷിത സൈനിംഗുകള് നടത്തി ഞെട്ടിപ്പിക്കുന്ന ഫുട്ബോള് ലോകത്തെ ഞെട്ടിച്ച സൗദി അറേബ്യ ഇനി ക്രിക്കറ്റിലേക്ക് തിരിയാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ബെന് സ്റ്റോക്സിന്റെ പ്രതികരണം. രാജ്യത്തെ ഒരു ആഗോള ക്രിക്കറ്റ് ലക്ഷ്യസ്ഥാനമാക്കാന് ആഗ്രഹിക്കുന്നുവെന്ന് സൗദി ക്രിക്കറ്റ് ബോര്ഡ് ചെയര്മാന് പ്രിന്സ് സൗദ് ബിന് മിഷാല് അല് സൗദ് പറഞ്ഞിരുന്നു.
ക്രിക്കറ്റിലും സൗദി മോഹിപ്പിക്കുന്ന ഓഫറുകളുമായി താരങ്ങളെ ആകര്ഷിക്കാന് തുടങ്ങിയാല് അടുത്ത സൈനിംഗ് തന്റേതായിരിക്കുമെന്ന് ബെന് സ്റ്റോക്സ് പറഞ്ഞു. സൗദി നിക്ഷേപിക്കുന്ന കോടിക്കണക്കിന് രൂപ കായികരംഗത്തെ മാറ്റിമറിക്കുമെന്നും അത്തരം വമ്പന് ഓഫറുകൾ സ്വീകരിക്കാതിരിക്കുന്നത് താരങ്ങളെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'നിങ്ങള്ക്ക് സൗദിയുമായി മത്സരിക്കാനാവില്ല. മറ്റ് കായിക ഇനങ്ങളില് അവര് എറിയുന്ന പണത്തിന്റെ അളവ് വലുതാണ്. അടുത്ത അഞ്ച് വര്ഷത്തിനുള്ളില് അവരുടെ കായികരംഗത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവാനാണ് സൗദി ശ്രമിക്കുന്നത്', സ്റ്റോക്സ് കൂട്ടിച്ചേര്ത്തു.
2023 ജനുവരിയില് ക്രിസ്റ്റ്യാനോ റൊണാള്ഡോ സൗദി പ്രോ ലീഗ് ക്ലബ്ബ് അല് നസറിലേക്ക് എത്തിയതുമുതലാണ് സൗദിയിലേക്ക് സൂപ്പര് താരങ്ങളുടെ കുത്തൊഴുക്ക് ആരംഭിക്കുന്നത്. നിലവിലെ ബാലന്ഡിയോര് ജേതാവായ കരീം ബെന്സെമ, നെയ്മര് ജൂനിയര്, സാദിയോ മാനെ, റിയാദ് മഹ്റെസ് തുടങ്ങി യൂറോപ്പിലെ മുന്നിര കളിക്കാരെയാണ് സൗദി പ്രോ ലീഗ് ക്ലബ്ബുകള് വലവീശിപ്പിടിച്ചത്.