Top

സാക്കയെ 'എഴുന്നേറ്റു വണങ്ങി' ബ്രെന്റ്‌ഫോര്‍ഡ് ആരാധകര്‍; ഉദാത്തമായ മാതൃകയെന്നു കായികപ്രേമികള്‍

''നോര്‍ത്ത് ലണ്ടന്‍ സാക്കയ്‌ക്കൊപ്പമാണ്. ഞങ്ങളുടെ താരങ്ങളും ഞങ്ങളും വംശീയ വിദ്വേഷങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരാണ്'' എന്ന ബാനര്‍ ഉയര്‍ത്തിയാണ് ബ്രെന്റ് ആരാധകര്‍ സാക്കയെ കളത്തിലേക്ക് സ്വീകരിച്ചത്. അനുപമവും അവിസ്മരണീയവുമായിരുന്നു ആ മുഹൂര്‍ത്തങ്ങള്‍.

14 Aug 2021 7:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാക്കയെ എഴുന്നേറ്റു വണങ്ങി ബ്രെന്റ്‌ഫോര്‍ഡ് ആരാധകര്‍; ഉദാത്തമായ മാതൃകയെന്നു കായികപ്രേമികള്‍
X

യൂറോ കപ്പ് ഫുട്‌ബോള്‍ ഫൈനലിനു ശേഷം നടന്ന സംഭവങ്ങള്‍ ഇംഗ്ലീഷ് ഫുട്‌ബോളിന്റെ മേല്‍ തീര്‍ത്ത കളങ്കം ഇതുവരെ മാഞ്ഞു പോയിട്ടില്ല. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ കാണികളുടെ ഭാഗത്തു നിന്നുണ്ടായ ഒരു പെരുമാറ്റം ആ വേദനകള്‍ക്ക് എല്ലാം ഒരു ലേപനമായി മാറിയിരിക്കുമെന്നു തീര്‍ച്ച.

പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന്റെ ഉദ്ഘാടന ദിനത്തില്‍ ബ്രെന്റ്‌ഫോര്‍ഡും ആഴ്‌സണലും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ബ്രെന്റ്‌ഫോര്‍ഡ് ആരാധകരുടെ ഭാഗത്തുനിന്നും കായികലോകത്തിന്റെ മുഴുവന്‍ പ്രശംസയും പിടിച്ചുപറ്റിയ പ്രതികരണം ഉണ്ടാകുന്നത്.

യൂറോ കപ്പിനു പിന്നാലെ കടുത്ത വംശീയ അധിക്ഷേപങ്ങള്‍ക്കു വിധേയനായ ഇംഗ്ലീഷ് യുവതാരങ്ങളില്‍ ഒരാളായ ബുക്കായേ സാക്കയ്ക്ക് ബ്രെന്റ്‌ഫോര്‍ഡ് ആരാധകര്‍ നല്‍കിയ ബഹുമാനമാണ് ഇപ്പോള്‍ വൈറലാകുന്നത്. ആഴ്‌സണല്‍ താരമായ സാക്ക കളത്തിലിറങ്ങിയ നിമിഷം ബ്രെന്റിന്റെ ആരാധകര്‍ ഒന്നടങ്കം എഴുന്നേറ്റു നിന്ന് ആദരിച്ചത് ലോകം രോമാഞ്ചത്തോടെയാണ് കണ്ടിരുന്നത്.

ബ്രെന്റ് ആരാധകരുടെ ഈ നീക്കം ഫുട്‌ബോള്‍ ലോകത്ത് നിലനില്‍ക്കുന്ന വംശീയ വിദ്വേഷങ്ങള്‍ക്കുള്ള കനത്ത മറുപടിയാണെന്നും ഇവരുടെ പാത പിന്തുടരകുയാണ് കായിക ലോകം ചെയ്യേണ്ടതെന്നും ഇംഗ്ലീഷ് ഇതിഹാസതാരം ഗ്യാരി ലിനേക്കര്‍ ഉള്‍പ്പെടയുള്ളവര്‍ അഭിപ്രായപ്പെട്ടു.

''നോര്‍ത്ത് ലണ്ടന്‍ സാക്കയ്‌ക്കൊപ്പമാണ്. ഞങ്ങളുടെ താരങ്ങളും ഞങ്ങളും വംശീയ വിദ്വേഷങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരാണ്'' എന്ന ബാനര്‍ ഉയര്‍ത്തിയാണ് ബ്രെന്റ് ആരാധകര്‍ സാക്കയെ കളത്തിലേക്ക് സ്വീകരിച്ചത്. അനുപമവും അവിസ്മരണീയവുമായിരുന്നു ആ മുഹൂര്‍ത്തങ്ങള്‍. കാണികളുടെ ഈ സ്‌നേഹത്തിനു മുന്നില്‍ ഒരു നിമിഷം സാക്കയും വികാരഭരിതനായിരുന്നു. ഗ്യാലറിയെ കൈയടിച്ചും കൈകൂപ്പിയുമാണ് സാക്ക ആ ആദരം സ്വീകരിച്ചത്.

യൂറോ കപ്പ് ഫുട്ബോളില്‍ ഇറ്റലിക്കെതിരായ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് തോറ്റത്. ഇംഗ്ലണ്ടിനായി കിക്കെടുത്ത മാര്‍ക്കസ് റഷ്ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവര്‍ക്കാണ് പിഴച്ചത്. ഇതിന്റെ പേരില്‍ ഈ മൂന്നു താരങ്ങള്‍ക്കു നേരെയും ഇംഗ്ലീഷ് ആരാധകര്‍ വംശീയാധിക്ഷേപം അഴിചച്ചുവിടുകയായിരുന്നു. ഫൈനലില്‍ പെനാല്‍റ്റി നഷ്ടമാക്കിയതിന്റെ പേരില്‍ വംശീയാധിക്ഷേപം നേരിടേണ്ടി വരുന്നതില്‍ വൈകാരികമായി സാക്ക നേരത്തെ പ്രതികരിച്ചിരുന്നു.

അന്നേ ദിവസത്തിനു ശേഷം താനും ജേഡന്‍ സാഞ്ചോയും മാര്‍ക്കസ് റാഷ്ഫോര്‍ഡും നേരിട്ട അധിക്ഷേപങ്ങള്‍ മറ്റൊരു കുട്ടിക്കും നേരിടേണ്ടി വരരുതേയെന്നു മാത്രമാണ് പ്രാര്‍ഥനയെന്നും താരം പറഞ്ഞു. അധിക്ഷേപങ്ങള്‍ക്കിടയിലും ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നുവെന്നു പറഞ്ഞ താരം ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

Next Story