Top

''ഞാന്‍ ഇല്ലായിരുന്നെങ്കില്‍ അന്നു ഫ്രാന്‍സ് ജയിച്ചേനെ''; വൈകാരിക പ്രതികരണവുമായി ഫ്രഞ്ച് സൂപ്പര്‍ താരം

''നീയില്ലായിരുന്നെങ്കില്‍ ഫ്രാന്‍സ് യൂറോകപ്പ് നേടിയേനെ എന്ന് ദേശീയടീമിലെ സഹതാരങ്ങളില്‍ ചിലര്‍ എന്നോടു പറഞ്ഞത്''

6 Oct 2021 11:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ ഇല്ലായിരുന്നെങ്കില്‍ അന്നു ഫ്രാന്‍സ് ജയിച്ചേനെ; വൈകാരിക പ്രതികരണവുമായി ഫ്രഞ്ച് സൂപ്പര്‍ താരം
X

ഇക്കഴിഞ്ഞ യൂറോ കപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിനു പിന്നാലെ ടീമംഗങ്ങള്‍ക്കിടയില്‍ നിന്നു കേട്ട കുറ്റപ്പെടുത്തലുകള്‍ തുറന്നു പറഞ്ഞു ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ചാമ്പ്യന്‍ഷിപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോടു തോറ്റാണ് ഫ്രാന്‍സ് പുറത്തായത്.

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തില്‍ നിര്‍ണായകമായ ഷോട്ട് എംബാപ്പെ തുലച്ചതാണ് ഫ്രാന്‍സിന്റെ വിധിയെഴുതിയത്. ഷൂട്ടൗട്ടില്‍ 4-5 എ്ന്ന സ്‌കോറിനായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജയം. ഫ്രാന്‍സിനു വേണ്ടി കിക്കെടുത്ത പോള്‍ പോഗ്ബ, ഒളിവര്‍ ഗിറൗഡ്, മാര്‍ക്കസ് തുറാം, പ്രെസ്‌നല്‍ കിംബെംബെ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ അവസാന കിക്കെടുത്ത എംബാപ്പെയ്ക്കു പിഴയ്ക്കുകയായിരുന്നു. അഞ്ചു കിക്കുകളും ഫ്രഞ്ച് വലയില്‍ നിക്ഷേപിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറിലേക്കു മുന്നേറുകയും ചെയ്തു. ഈ മത്സരത്തിനു ശേഷം ഡ്രെസിങ് റൂമില്‍ നടന്ന സംഭവങ്ങളാണ് എംബാപ്പെ ഇപ്പോള്‍ തുറന്നുപറയുന്നത്.

''നീയില്ലായിരുന്നെങ്കില്‍ ഫ്രാന്‍സ് യൂറോകപ്പ് നേടിയേനെ എന്ന് ദേശീയടീമിലെ സഹതാരങ്ങളില്‍ ചിലര്‍ എന്നോടു പറഞ്ഞത്'' എന്നാണ് എംബാപ്പെയുടെ വെളിപ്പെടുത്തല്‍. ''ഒരൊറ്റ പ്രതിഫലവും വാങ്ങാതെ രാജ്യത്തിന് വേണ്ടി പന്ത് തട്ടാന്‍ ഞാനൊരുക്കമായിരുന്നു. ടീമിനകത്ത് ഒരു പ്രശ്‌നമാകാതിരിക്കാന്‍ ഞാനെപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ യൂറോയിലെ പരാജയത്തിന് ശേഷം ടീമിനകത്ത് ഞാനൊരു പ്രശ്‌നമായിത്തുടങ്ങി. എന്റെ ഈഗോ ടീമിനെ തോല്‍പിച്ചുവെന്നായിരുന്നു ആരോപണം.ഞാനില്ലായിരുന്നെങ്കില്‍ ഫ്രാന്‍സ് ആ മത്സരത്തില്‍ വിജയിക്കുമായിരുന്നു എന്നുമെഴുതി ടീമംഗങ്ങളില്‍ ചിലരില്‍ നിന്ന് എനിക്കൊരു സന്ദേശം ലഭിച്ചു ''- ഒരഭിമുഖത്തില്‍ എംബാപ്പെ തുറന്നടിച്ചു.

ദേശീയടീമിന് തന്നെ ആവശ്യമില്ലെന്ന് തോന്നിയാല്‍ താന്‍ ടീമില്‍ തുടരില്ലെന്നും യൂറോയില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് ശേഷം കുരങ്ങുവിളിയടക്കം നിരവധി അധിക്ഷേപങ്ങള്‍ താന്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താരത്തിന്റെ വെളിപ്പെടുത്തലുകളോടു പ്രതികരിക്കാന്‍ യൂറോ കപ്പിലെ ഫ്രഞ്ച് സ്‌ക്വാഡിലുള്ള മറ്റു താരങ്ങളോ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സോ ഇതുവരെ തയാറായിട്ടില്ല.

Next Story

Popular Stories