Top

പരിശീലകനെപ്പോലും അമ്പരപ്പിച്ച ഒമ്പതു വയസുകാരന്‍

ഇന്ന് ആ കൊച്ചുമിടുക്കന്‍ വളര്‍ന്ന് തന്റെ ആരാധനാപാത്രമായ സാക്ഷാല്‍ വിരാട് കോഹ്ലി ഉള്‍പ്പെടുന്ന ലോകകപ്പ് ജേതാക്കളുടെ പട്ടികയില്‍ സ്വന്തം പേരും എഴുതിച്ചേര്‍ത്തിരിക്കുകയാണ്.

7 Feb 2022 11:30 AM GMT
ശ്യാം ശശീന്ദ്രന്‍

പരിശീലകനെപ്പോലും അമ്പരപ്പിച്ച ഒമ്പതു വയസുകാരന്‍
X

''എനിക്ക് വിരാട് ഭയ്യയെപ്പോലെ ഒരു ക്രിക്കറ്റര്‍ ആകണം''- തന്റെ ക്രിക്കറ്റ് അക്കാദമിയില്‍ എത്തിയ ആദ്യ ദിനം യഷ് ദുള്‍ എന്ന ഒമ്പതു വയസുകാരന്‍ കൊച്ചുമിടുക്കന്‍ ആദ്യം പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുക്കുകയാണ് സ്‌കൂള്‍ കാല പരിശീലകന്‍ രാജേഷ് നാഗര്‍.

ഇന്ന് ആ കൊച്ചുമിടുക്കന്‍ വളര്‍ന്ന് തന്റെ ആരാധനാപാത്രമായ സാക്ഷാല്‍ വിരാട് കോഹ്ലി ഉള്‍പ്പെടുന്ന ലോകകപ്പ് ജേതാക്കളുടെ പട്ടികയില്‍ സ്വന്തം പേരും എഴുതിച്ചേര്‍ത്തിരിക്കുകയാണ്. 2022 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ കിരീടവിജയക്കുതിപ്പിന്റെ കടിഞ്ഞാണ്‍ പിടിച്ചത് അന്നത്തെ ആ കൊച്ചുമിടുക്കനായിരുന്നു.

ആന്റിഗ്വയിലെ സര്‍ വിവ് റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിനു തോല്‍പിച്ചാണ് യഷിന്റെ നേതൃത്വത്തിലുള്ള യുവനിര ഇന്ത്യക്ക് അഞ്ചാം ലോകകിരീടം സമ്മാനിച്ചത്. സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരേ ടീം പതറിയപ്പോള്‍ തളരാതെ നായകന്റെ ഇന്നിങ്‌സ് കാഴ്ചവച്ച യഷ് ടൂര്‍ണമെന്റിലുടനീളം മികച്ച നായകപാടവവും കാഴ്ചവച്ചു.


ലോകകിരീടവും കൈയിലേന്തി തിരികെവരുന്ന തന്റെ പ്രിയ ശിഷ്യനെ കാണാന്‍ കാത്തിരിക്കുകയാണ് രാജേഷ് നാഗര്‍. യഷിന്റെ നേതൃത്വത്തില്‍ ടീം ലോകകപ്പ് നേടുമെന്ന് താന്‍ ഉറച്ചു വിശ്വസിച്ചിരുന്നതായും നാഗര്‍ പറഞ്ഞു.

''എനിക്കുറപ്പായിരുന്നു അവന്‍ ഇന്ത്യക്കായി ലോകകപ്പ് ഉയര്‍ത്തുമെന്ന്. അവന്‍ എല്ലായ്‌പ്പോഴും വിജയതൃഷ്ണ ഉള്ളവനാണ്. ഞാന്‍ അവനെയോര്‍ത്ത് അഭിമാനിക്കുന്നു. അവന്‍ ടീമിനെ മുന്നില്‍നിന്നു നയിച്ചു. അവന്റെ നേതൃത്വത്തില്‍ ടൂര്‍ണമെന്റിലുടനീളം ഇന്ത്യ സമഗ്ര ആധിപത്യമാണ് പുലര്‍ത്തിയത്'' -നാഗര്‍ പറഞ്ഞു.

കോഹ്ലിയുടെ ബാറ്റിങ്, ധോണിയുടെ ക്യാപ്റ്റന്‍സി

യഷിന്റെ ആരാധനാപാത്രം സീനിയര്‍ ടീമിന്റെ റണ്‍ മെഷീന്‍ വിരാട് കോഹ്ലിയാണ്. എന്നാല്‍ നാഗര്‍ അവനില്‍ കാണുന്നത് ഇന്ത്യയുടെ ഇതിഹാസ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഛായയാണ്. ധോണിയുടെ നായകപാടവത്തിന്റെയും ടീമിനോടുള്ള പ്രതിബദ്ധതയുടെയും ലാഞ്ചനകള്‍ യഷില്‍ പലപ്പോഴും കണ്ടിട്ടുണ്ടെന്നും നാഗര്‍ പറയുന്നു.

''അവന്‍ ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് വിരാട് കോഹ്ലിയുടെ തുടക്കകാലം കാണാന്‍ കഴിയും. ആക്രമണോത്സുകതയോടെയാണ് അവര്‍ ബാറ്റ് ചെയ്യുന്നത്. കളത്തിലുടനീളം കോഹ്ലിയെപ്പോലെ ആക്രമണോത്സുകനാണ് അവന്‍ എപ്പോഴും, അതു ബാറ്റ് ചെയ്യുമ്പോഴായാലും ഫീല്‍ഡ് ചെയ്യുമ്പോഴായാലും. എന്റെ അക്കാദമിയിലും സ്‌കൂള്‍ ക്രിക്കറ്റ് ടീമിലും കളിക്കുമ്പോള്‍ എപ്പോഴും അവന്‍ ഉരുവിട്ടുകൊണ്ടേയിരിക്കും ''എനിക്ക് വിരാട് ഭയ്യയെപ്പോലെ ഒരു ക്രിക്കറ്റര്‍ ആകണം'' എന്ന്'- നാഗര്‍ വ്യക്തമാക്കി.

എന്നാല്‍ ഒരു നായകനെന്ന നിലയില്‍ അവനില്‍ ധോണിയുടെ ആദ്യകാലമാണ് കാണാന്‍ സാധിക്കുന്നതെന്നും നാഗര്‍ പറഞ്ഞു. ധോണി തന്റെ ടീമംഗങ്ങളെ പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ടിപ്‌സ് നല്‍കുകയും ചെയ്യുന്നതു പോലെ യഷും എപ്പോഴും തന്റെ ടീമിന്റെ ഒപ്പമുണ്ടാകുമെന്നും ഗ്രൗണ്ടില്‍ തീരുമാനങ.ങള്‍ എടുക്കേണ്ട സമയത്ത് ധോണിയെപ്പോലെ കൂള്‍ ആണെന്നും പറഞ്ഞ നാഗര്‍ യഷ് ഒരു കോഹ്ലി-ധോണി സമന്വയം ആണെന്നും കൂട്ടിച്ചേര്‍ത്തു.

ടീമംഗങ്ങളെ പിന്തുണയ്ക്കാനും പ്രചോദിപ്പിക്കാനുമുള്ള ധോണിയുടെ കഴിവ് യഷിലുണ്ടെന്നു പറഞ്ഞ നാഗര്‍ അതു വെളിവാക്കുന്ന ഒരു രസകരമായ സംഭവവും ഓര്‍ത്തെടുത്തു.

''ഡെറാഡൂണില്‍ ഞങ്ങള്‍ക്ക് ഒരു ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റ് ഉണ്ടായിരുന്നു. അന്നു സ്‌കൂള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന താരം പരുക്കിനെത്തുടര്‍ന്ന് പുറത്തായി. അന്ന് ഞാന്‍ യഷിനെ സമീപിച്ച് ടീമിനെ നീ നയിക്കുമെന്നു പറഞ്ഞു. പട്യാലയാണ് എതിരാളികള്‍. മികച്ച യുവതാരം പ്രഭ്‌സിമ്രാന്‍ സിങ് അടക്കമുള്ളവര്‍ പട്യാലയ്ക്കായി കളിക്കുന്നുണ്ട്. മത്സരത്തില്‍ പ്രമുഖര്‍ അടങ്ങിയ പട്യാലയെ മെരുക്കാന്‍ യഷ് വ്യത്യസ്ത തന്ത്രമാണ് കൊണ്ടുവന്നത്. ടീമില്‍ സ്ഥിരമായി ബൗള്‍ ചെയ്യാത്ത ഒരു പാര്‍ട് ടൈം ഓഫ് സ്പിന്നറെ പന്തേല്‍പിച്ച യഷ് എവിടെ ഏത് ഏരിയയില്‍ എറിയണമെന്നും പറഞ്ഞു നല്‍കി. ആ ബൗളര്‍ ഏഴു വിക്കറ്റുകളാണ് അന്നു കൊയ്തത്''- നാഗര്‍ ഓര്‍മിപ്പിച്ച്.


യഷിന്റെ തീരുമാനം തങ്ങളെയാകെ അമ്പരപ്പിച്ചുവെന്നും കാരണം ആ ബൗളര്‍ അതുവരെ മികച്ച ബൗളിങ് പ്രകടനം കാഴ്ചവയ്ക്കാത്ത താരമായിരുന്നുവെന്നും പറഞ്ഞ നാഗര്‍ താന്‍ അയാളെ കളിപ്പിക്കുന്നതിനോട് യോജിച്ചിരുന്നില്ലെന്നും യഷിന്റെ നിര്‍ബന്ധം കാരണമാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ഒടുവില്‍ ആ താരം ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായെന്നും വ്യക്തമാക്കി.

''ഒരു താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയോ അല്ലെങ്കില്‍ ടീമില്‍ ഇടംലഭിക്കാതെ പോകുകയോ ചെയ്താല്‍ യഷ് അയാളെ പിന്തുണയ്ക്കുകയും മികവിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യും. ഒന്നിലേറെത്തവണ ഞങ്ങള്‍ കണ്ടിട്ടുണ്ട്. യഷിന് റിസല്‍ട്ടാണ് പ്രധാനം''- നാഗര്‍ പറഞ്ഞു.

തുടക്കം ഒമ്പതാം വയസില്‍

യഷിന് ഒമ്പതു വയസുള്ളപ്പോള്‍ അവന്റെ മുത്തച്ഛനാണ് അവനെ തന്റെ അക്കാദമിയില്‍ എത്തിക്കുന്നതെന്നും നാഗര്‍ ഓര്‍മിക്കുന്നു. ഡല്‍ഹിയിലെ ദ്വാരകയിലുള്ള അക്കാദമിയില്‍ മുത്തച്ഛനൊപ്പം എത്തിയ യഷിനോട് വിവരങ്ങള്‍ ഒക്കെ അറിഞ്ഞ ശേഷം പാഡണിഞ്ഞ് നെറ്റ്‌സില്‍ ഇറങ്ങാനാണ് നാഗര്‍ ആവശ്യപ്പെട്ടത്. ഒന്നു പരീക്ഷിച്ചു നോക്കുക മാത്രമേ അദ്ദേഹം ഉദ്ദേശിച്ചിരുന്നുള്ളു.

ഒരു സൈഡ് ആം ബൗളറെ ഉപയോഗിച്ച് ഏതാനും പന്തുകള്‍ യഷിനെതിരേ എറിയിച്ച നാഗര്‍ തികച്ചും അമ്പരന്നുപോയി. ഒരു ഒമ്പതു വയസകാരന്‍ പ്രായത്തെ വെല്ലുന്ന ടെക്‌നിക്കുകളും ബാലന്‍സിങ്ങുമായി ആ ബോളുകള്‍ എല്ലാം അടിച്ചകറ്റി. അവിശ്വസനീയമായത് എന്തോ കണ്ടതുപോലെ തോന്നിച്ച നാഗര്‍ യഷിനെ വീണ്ടും പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


അടുത്ത ദിവസം ഒരു ടൂര്‍ണമെന്റ് ഉണ്ടെന്നും അതില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ അക്കാദമിയില്‍ പ്രവേശനം നല്‍കാമെന്നുമാണ് നാഗര്‍ അന്നു കുഞ്ഞ് യഷിനോടു പറഞ്ഞത്. അവന്‍ അത് തലകുലുക്കി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ നാഗറിന്റെ സങ്കല്‍പ്പങ്ങളെ ഒന്നാകെ ഞെട്ടിച്ച പ്രകടനമാണ് യഷ് കാഴ്ചവച്ചത്.

തന്റെ ആദ്യ ടൂര്‍ണമെന്റ് ഗെയിമില്‍ സെഞ്ചുറിയുമായാണ് യഷ് ക്രീസില്‍ നിന്നു തിരിച്ചുകയറിയത്. ആ കുഞ്ഞു പ്രതിഭയ്ക്ക് അഡ്മിഷന്‍ നല്‍കാന്‍ രാജേഷ് നാഗര്‍ എന്ന പരിശീലകന് പിന്നീട് സംശയതേുമില്ലായിരുന്നു. ''അവന്‍ ജന്മസിദ്ധ പ്രതിഭകൊണ്ട് സമ്പന്നനാണ്. കളിയോട് അഭിനിവേശവും ഉത്തരവാദിത്തവും പുലര്‍ത്തുന്നവനാണ്. അതിനേക്കാള്‍ ഉപരി അച്ചടക്കമുള്ളവനും. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ മുത്തച്ഛനില്‍ നിന്ന് അവനു ലഭിച്ച ആ സിദ്ധി അവനെ കളിയോട് സത്യസന്ധതയുള്ളവനുമാക്കി തീര്‍ത്തു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി അവനില്‍ സുരക്ഷിതമാണ്''- നാഗര്‍ പറഞ്ഞുനിര്‍ത്തി.

Next Story