Top

'പാകിസ്ഥാന്‍ പേടിക്കണം'; ഇന്ത്യയുടെ കുന്തമുനയായ നാല് യുവതാരങ്ങള്‍

വീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ടീമിലുണ്ടെങ്കിലും രാഹുലിന്റെ സ്പിന്‍ ശൈലി ഇവരില്‍ നിന്നും വ്യത്യസ്ഥമാണ്.

24 Oct 2021 10:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാകിസ്ഥാന്‍ പേടിക്കണം; ഇന്ത്യയുടെ കുന്തമുനയായ നാല് യുവതാരങ്ങള്‍
X

സൂര്യകുമാര്‍ യാദവ്


2012 ഐപിഎല്‍ കരിയര്‍ ആരംഭിച്ച സൂര്യകുമാര്‍ യാദവ് അന്ന് ഒരു മത്സരത്തിലാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളത്തിലിറങ്ങിയത്. സീസണില്‍ ഒരു റണ്‍സ് പോലും താരത്തിന് നേടാനായില്ല. 2014ല്‍ 16 മത്സരങ്ങളില്‍ നിന്ന് 164 റണ്‍സ്. 2018 മുതലുള്ള സീസണുകളിലാണ് സൂര്യകുമാര്‍ എന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മുംബൈയുടെ വിശ്വസ്തനായി മാറുന്നത്. 2018ല്‍ 14 മത്സരങ്ങളില്‍ നിന്ന് 512 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഇന്ത്യന്‍ ടീം ജഴ്‌സ് അന്യം നിന്നെങ്കിലും ഐപിഎല്ലില്‍ മിന്നും പ്രകടനം തുടര്‍ന്നു. 2019 സീസണില്‍ 424 റണ്‍സ്, 2020ല്‍ 480, 2021ല്‍ 314 എന്നിങ്ങനെ സൂര്യകുമാര്‍ പ്രതിഭ തെളിയിച്ചു. ഐപിഎല്ലില്‍ 115 മത്സരങ്ങളില്‍ നിന്ന് 2341 റണ്‍സാണ് താരം സ്വന്തം പോക്കറ്റിലാക്കിയത്. ഇതില്‍ 19 ഇന്നിംഗ്‌സുകളില്‍ അപാരജിത മുന്നേറ്റം. 82 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന് സ്‌കോര്‍.

2021 മാര്‍ച്ച് 14ന് ഇംഗ്ലണ്ടിനെതിരെ 20-20യില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറി. നാല് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് പാഡണിഞ്ഞത്. ഇതില്‍ ഒരു അര്‍ധസെഞ്ച്വറി. പ്രായം കൊണ്ട് യുവത്വം പറയാനാവില്ലെങ്കിലും പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്ഥമായി ബാറ്റു വീശാനുള്ള സൂര്യകുമാറിന്റെ കഴിവ് ശ്രദ്ധിക്കപ്പെട്ടു. 122.77 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റുവീശുന്നത്. ടി20 വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ മധ്യനിര സൂര്യകുമാറിന്റെ കൈകളില്‍ ഭദ്രം.

ഇഷാന്‍ കിഷന്‍


ഋഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറിയാല്‍ ഇന്ത്യ പരിഗണിക്കുക ഇഷാന്‍ കിഷനെയായിരിക്കും. വിക്കറ്റിന് പിന്നില്‍ ഋഷഭ് ഉണ്ടായാല്‍ പോലും 23കാരനായ ഇഷാനെ ടീമില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യക്ക് വേണ്ടി മൂന്ന് ടി20യിലും രണ്ട് ഏകദിനങ്ങളിലുമാണ് ഇഷാന്‍ കളത്തിലിറങ്ങിയിട്ടുള്ളത്. ഇരു ഫോര്‍മാറ്റുകളിലും ഓരോ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. ഏകദിനത്തില്‍ 130.43 സ്‌ട്രൈക് റേറ്റിലും കുട്ടിക്രിക്കറ്റില്‍ 145.45 സ്‌ട്രൈക് റേറ്റിലുമാണ് താരം ബാറ്റു വീശുന്നത്.

ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടി20 കരിയറില്‍ ഇതുവരെ രണ്ട് സെഞ്ച്വറികളും 15 അര്‍ധസെഞ്ച്വറികളും ഇഷാന്റെ പേരിലുണ്ട്. യുഎഇയിലെ പിച്ചുകളില്‍ അപകടകാരിയായി മാറാന്‍ ഇഷാന്‍ കഴിയുമെന്ന് നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. മധ്യനിരയില്‍ സൂര്യകുമാറിനെ പരിഗണിച്ചാല്‍ മാത്രമാവും ഇഷാന്‍ ബെഞ്ചിലിരിക്കേണ്ടി വരിക.

ഷാര്‍ദ്ദുള്‍ ഠാക്കൂര്‍


പാഡണിഞ്ഞ് ക്രീസിലെത്തേണ്ടി വന്നാല്‍ അപ്രതീക്ഷിത സ്‌കോറിംഗിന് വേഗത കൂട്ടാന്‍ കൂടി പ്രാപ്തനായ ഓള്‍റൗണ്ടറാണ് ഷാര്‍ദ്ദുള്‍ ഠാക്കൂര്‍. ഐപിഎല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ മറ്റു യുവതാരങ്ങളെക്കാള്‍ പരിചയ സമ്പത്തും ഷാര്‍ദ്ദുളിനുണ്ട്. ഓപ്പണിംഗ്, ഡെത്ത് ഓവറുകളില്‍ വിശ്വസിക്കാം.

22 ടി20 മത്സരങ്ങളില്‍ നിന്ന് 31 വിക്കറ്റ് ഇന്ത്യക്ക് വേണ്ടി ഷാര്‍ദ്ദുള്‍ നേടിക്കഴിഞ്ഞു. 4 വിക്കറ്റ് പ്രകടനമാണ് ഏറ്റവും മികച്ചത്. ആകെ കരിയറില്‍ കളിച്ച 122 മത്സരഭങ്ങളില്‍ 145 വിക്കറ്റുകളും ഷാര്‍ദ്ദുളിന്റെ പേരിലുണ്ട്. താരതമ്യേന യുവതാരങ്ങളില്‍ പരിചയസമ്പത്തുള്ള ഷാര്‍ദ്ദുള്‍ എതിര്‍ ക്യാംപില്‍ അപകടം വിതയ്ക്കാന്‍ പ്രാപ്തിയുള്ള താരമാണ്.

രാഹുല്‍ ചഹര്‍


ടീം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് രാഹുല്‍ ചഹര്‍. രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ടീമിലുണ്ടെങ്കിലും രാഹുലിന്റെ സ്പിന്‍ ശൈലി ഇവരില്‍ നിന്നും വ്യത്യസ്ഥമാണ്. 42 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 43 വിക്കറ്റ് നേടാന്‍ 23കാരനായ ചഹറിന് സാധിച്ചിട്ടുണ്ട്.

ലെഗ് സ്പിന്നുകളില്‍ മികവ് പുലര്‍ത്തുന്ന ആര്‍. ചഹറിന് ഇതുവരെ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറാന്‍ സാധിച്ചിട്ടില്ല. കൊഹ്ലിക്ക് സ്പിന്‍ പരീക്ഷണ സാധ്യകള്‍ ഉപയോഗിച്ചാല്‍ യുവതാരം കളത്തിലിറങ്ങും. പാകിസ്ഥാനെ പോലുള്ള ടീമുകള്‍ക്ക് ചഹര്‍ വെല്ലുവിളി ഉയര്‍ന്നുമെന്ന് നിസംശയം പറയാം. ഐപിഎല്‍ പരിചയമാവും താരത്തിന് സഹായകരമാവുക.

Next Story