Top

റയല്‍ നോട്ടമിട്ടിരിക്കുന്ന കൗമാരക്കാരന്‍ വിറ്റോര്‍ റോക്ക്; കാനറികളുടെ പുതിയ 'റൊണാള്‍ഡോ'

അവന്‍ വളരെ ഉയരത്തില്‍ പറക്കാന്‍ പോകുന്നു- റൊണാള്‍ഡോ

12 July 2022 9:39 AM GMT
ജോണ്‍സ് ജോളി

റയല്‍ നോട്ടമിട്ടിരിക്കുന്ന കൗമാരക്കാരന്‍ വിറ്റോര്‍ റോക്ക്; കാനറികളുടെ പുതിയ റൊണാള്‍ഡോ
X

ബ്രസീലിയന്‍ ആരാധകരെ ചടുലമായ മൂന്നേറ്റങ്ങള്‍ കൊണ്ട് ഒരു കൗമാരക്കാരന്‍ അതിശയിപ്പിച്ചിട്ട് ഏകേദശം 30 വര്‍ഷങ്ങള്‍ കഴിയുന്നു. ആഭ്യന്തര മത്സരങ്ങളിലും രാജ്യാന്തര മത്സരങ്ങളിലും വിസ്മയമായിരുന്നു ആ മുന്നേറ്റം. 16 ാം വയസ്സില്‍ അരങ്ങേറ്റം നടത്തിയ ആ താരമാണ് സാക്ഷാല്‍ റൊണാള്‍ഡോ നസാരിയോ (ഞ9). യൂറോപ്പിലേക്കും അവിടെനിന്ന് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ മനസിലേക്കും എത്തുന്നതിന് മുമ്പ് റൊണാള്‍ഡോ ക്രൂസെയ്‌റോയുടെ ഫസ്റ്റ് ടീമിനായി കളിച്ചിരുന്നു. ഒരു വര്‍ഷം നീണ്ടു നിന്ന ആ കാലയളവില്‍, ഏതാണ്ട് ഒരു മത്സരത്തില്‍ ഒരു ഗോള്‍ എന്ന നിരക്കില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തു. അതേ ക്രൂസെയ്‌റോ ക്ലബ്ബ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിഭയുടെ മിന്നലാട്ടം കണ്ട ഒരു കുഞ്ഞ് താരത്തെ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ആ കുട്ടിയാണ് വിറ്റോര്‍ റോക്ക്. കാനറികളുടെ പുതിയ റൊണാള്‍ഡോ എന്നാണ് ഇന്ന് വിറ്റോറിനെ വിശേഷിപ്പിക്കുന്നത്.

10 വയസ്സ് മുതല്‍ അമേരിക്ക എംജി അക്കാദമിയില്‍ ആയിരുന്നു വിറ്റോറിന്റെ പരിശീലനം. എംജി അക്കാദമിയില്‍ നിന്ന് ക്രൂസെയെറോ വിറ്റോറിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണമുയര്‍ന്നത്. കുട്ടിക്കായി കരാര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതോടെ അക്കാദമി ക്രൂസെയ്‌റോ ക്ലബിനെതിരെ കേസെകൊടുക്കുകയും ചെയ്തു. എന്നിട്ടും പിന്മാറാതെ ക്രൂസെ്‌റോ 2019ല്‍ വിറ്റോറിനെ സ്വന്തമാക്കി. തുടര്‍ന്ന് റൊണാള്‍ഡോയെപ്പോലെ 16ാം വയസ്സില്‍ ക്രൂസറോ ഫസ്റ്റ് ടീമിനായി വിറ്റോറും അരങ്ങേറ്റം കുറിച്ചു. പക്ഷെ താരത്തിന് ആഭ്യന്തര എതിരാളിയോട് പരാജയപ്പെടാനായിരുന്നു വിധി. എന്നാല്‍ മികച്ച പ്രകടനത്തോടെ 2021ല്‍ വിറ്റോര്‍ റോക്ക് സീനിയര്‍ ടീമില്‍ എത്തി. ഇതോടെ ആരാധകര്‍ വിറ്റോറിനെ റൊണാള്‍ഡോയോട് താരതമ്യം ചെയ്യാന്‍ തുടങ്ങി. ക്രൂസെറോ ക്ലബ്ബിന്റെ ഓഹരി ഉടമകൂടിയാണ് റോണാള്‍ഡോ. ' അവന്‍ വളരെ ഉയരത്തില്‍ പറക്കാന്‍ പോകുന്നു എന്നായിരുന്നു വിറ്റോറിനെ കുറിച്ച് റൊണാള്‍ഡോ തന്നെ പറഞ്ഞത്. എന്റെ യുക്തിക്ക് നിരക്കാത്തതാണെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രശംസയെക്കുറിച്ച് വിറ്റോറിന്റെ പിതാവ് ജുവനല്‍ പ്രതികരിച്ചത്. 'ലോകത്തിലെ ഏറ്റവും മികച്ചവന്‍ എന്റെ മകനെ പുകഴ്ത്തിയതിലും, ഓ ഫെനോമെനോയുടെ (റൊണാള്‍ഡോ) പാത പിന്തുടരുന്നുവെന്നും അറിയുന്നതിലും ഞാന്‍ സന്തുഷ്ടനാണ്'. ജുവനല്‍ പറഞ്ഞു.

ഏഴ് കളികളില്‍ നിന്ന് ആറ് ഗോളുകള്‍ നേടിയ ഈ 17കാരന്‍ മികച്ച ഫോമില്‍ എത്തി നില്‍ക്കുന്ന സമയത്താണ് പ്രശംസകള്‍ കടന്നുവന്നത്. എന്നാല്‍ മിനെയ്‌റോയില്‍ ആ മികവ് നീണ്ടുനിന്നില്ല. റൊണാള്‍ഡോയെപ്പോലെ, തന്റെ കഴിവിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നതിന് മുമ്പ് വിറ്റോര്‍ ക്ലബ് വിട്ടു. തുടര്‍ന്ന് 2022 ഏപ്രിലില്‍ 4.4 മില്യണ്‍ യൂറോയെന്ന റെക്കോര്‍ഡ് തുകയ്ക്ക് അത്‌ലറ്റിക്കോ പരാനെന്‍സ് താരത്തെ സൈന്‍ ചെയ്തു. കരാര്‍ പൂര്‍ത്തിയായി ആറാഴ്ച്ചക്കപ്പുറം, അത്‌ലറ്റിക്കോയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ ലീഗ് ഗോള്‍ സ്‌കോററായി.

വൈഡ് ഔട്ട് കളിക്കാന്‍ കഴിവുണ്ടെങ്കിലും, ഒരു സെന്‍ട്രല്‍ സ്‌ട്രൈക്കര്‍ എന്ന നിലയിലാണ് വിറ്റോറിന്റെ ഏറ്റവും മികച്ച പൊസിഷന്‍. മികച്ച ശരീര ഭാഷയില്ലെന്ന വിമര്‍ശനങ്ങളെ വേഗതയും ബുദ്ധിപരമായ ചലനവും കൊണ്ടും പരിചയക്കുറവിനെ കംപോസ്ഡ് ഫിനിഷിംഗ് കൊണ്ടും മറികടന്നാണ് വിറ്റോര്‍ മായാജാലം തീര്‍ക്കുന്നത്. കൗമാരക്കാരനായ താരത്തെ സൈന്‍ ചെയ്യുന്നതില്‍ റയല്‍ മാഡ്രിഡ് ഇതിനകം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നന്നാണ് പുറത്തു വരുന്ന് വിവരം. കൂടാതെ വിറ്റര്‍ വിവിധ ക്ലബുകളുടെയും സൂക്ഷ്മമായ നിരീക്ഷണത്തിലാണ്. നിലവില്‍ 25 മില്യനാണ് 17 കാരനായ ബ്രസീലിയന്റെ മാര്‍ക്കറ്റ് വാല്യൂ.

Story Highlights - Real Target Vitor Roque; Canaries' new 'Ronaldo'

Next Story