Top

'ഇന്ത്യന്‍ മണ്ണില്‍ വോളിബോളിന് അനന്തസാധ്യതകള്‍'; അമേരിക്കന്‍ താരം മാത്യൂ ഓഗസ്റ്റ് വിലയിരുത്തുന്നു

27 Feb 2022 7:56 AM GMT
ഇഖ്ബാല്‍ അറക്കല്‍

ഇന്ത്യന്‍ മണ്ണില്‍ വോളിബോളിന് അനന്തസാധ്യതകള്‍;  അമേരിക്കന്‍ താരം മാത്യൂ ഓഗസ്റ്റ് വിലയിരുത്തുന്നു
X

വോളിബോളെന്നാല്‍ ഇന്ത്യക്ക് മലയാളിയായ ജിമ്മി ജോര്‍ജ്ജാണ്. ബ്രസീലും അമേരിക്കയും റഷ്യയുമെല്ലാം അടക്കിവാണിരുന്ന വോളിലോകത്ത് ഇന്ത്യയെന്ന രാജ്യവും ചുവടുറപ്പിക്കുന്നത് ജിമ്മിയുടെ കളിപ്പെരുമയിലൂടെയായിരുന്നു. 1980കളില്‍ ജിമ്മിയുടെ കുടെ ഇന്ത്യ വോളിബോള്‍ കളിച്ചപ്പോള്‍ അത്രയും കാലമില്ലാത്ത പുത്തന്‍ ആവേശമായിരുന്നു ഇന്ത്യന്‍ മണ്ണില്‍ ആര്‍ത്തടിച്ചു തുടങ്ങിയത്. പിന്നീട് ടോം ജോസഫിലൂടെയും കിഷോര്‍ കുമാറിലൂടെയുമെല്ലാം വീണ്ടും വോളിബോള്‍ എന്ന കളിയാരവം ഇന്ത്യന്‍ മണ്ണില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വോളിബോള്‍ ഇന്ത്യന്‍ മണ്ണില്‍ ജനപ്രിയത നേടുകയാണ്. ഇന്ന് അജിത് ലാലിലൂടെയും, പങ്കജ് ശര്‍മ്മയിലൂടെയും, ജെറോം വിനീതിലൂടെയും, ഗുരീന്ദര്‍ സിങ്ങിലൂടെയെല്ലാം ഇന്ത്യന്‍ വോളിബോള്‍ പുതുജീവനായി നീട്ടി തുഴയുകയാണ്. ആ യാത്രക്ക് ഒരുപാട് ആക്കംകൂട്ടിയിരിക്കുകയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രൈം വോളിബോള്‍ ലീഗും. ഏഴ് ടീമുകളുമായി ഫെബ്രുവരി അഞ്ചിന് തുടങ്ങിയ ലീഗ് ഐപിഎല്‍, ഐഎസ്എല്‍ പോലെ തന്നെ ഒരുപാട് ജനപ്രിയത ഇതിനോടകം തന്നെ നേടിക്കഴിഞ്ഞിരിക്കുകയാണ്. ഒരു മാസത്തിലധികമായി ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന വോളിബോള്‍ മാമാങ്കത്തില്‍ ഒരുപാട് ഇന്ത്യന്‍ വോളിബോള്‍ താരങ്ങളും നിരവധി വിദേശികളും കോര്‍ട്ടിലിറങ്ങിയിരിക്കുകയാണ്.

ഇന്ന് ഒരു മാസത്തിലധികമായി നടന്നു കൊണ്ടിരിക്കുന്ന വോളിബോള്‍ ഉത്സവത്തിന് തിരശീല വീഴുമ്പോള്‍ ഇന്ത്യന്‍ മണ്ണിലെ വോളിബോളിന്റെ സാധ്യതകളും പ്രൈം വോളിയിലെ പ്രതീക്ഷകളും റിപ്പോര്‍ട്ടര്‍ ലൈവിനോട് പങ്കുവെക്കുകയാണ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിദേശ താരം മാത്യൂ ഓഗസ്റ്റ്. മാത്യുവിന്റെ മികച്ച പ്രകടനത്തിന്റെ മികവിലാണ് സെമിയില്‍ കാലിക്കറ്റ് ഹീറോസിനെ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് തകര്‍ത്തെറിഞ്ഞത്.

മികച്ച മത്സരമായിരുന്നു താങ്കളും കൊല്‍ക്കത്തയും ലീഗിലുടനീളം കാഴ്ചവെച്ചത്. ഇന്ന് ഇതാ അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സുമായി കലാശ പോരിനിറങ്ങുന്നു. എന്താണ് ഇന്നത്തെ ഫൈനലിലെ പ്രതീക്ഷകള്‍ ?

വളരെ ആകാംക്ഷയിലാണ് ഞങ്ങള്‍. ഈ ടൂര്‍ണമെന്റില്‍ മികച്ച കളി പുറത്തെടുത്ത ടീമുകളില്‍ ഒന്നാണ് കൊല്‍ക്കത്ത. ലീഗ് മത്സരങ്ങളിലായാലും ഈ കഴിഞ്ഞ സെമി ഫൈനല്‍ മത്സരങ്ങളിലായാലും മികച്ച വോളിബോളാണ് ഞങ്ങള്‍ കളിച്ചത്. ഫൈനലിലും അതേ കളി ഞങ്ങള്‍ പുറത്തെടുത്ത് ടീമിന്റെ വിജയത്തിനായി പരിശ്രമിക്കും.

താങ്കള്‍ക്കറിയാലോ ഇന്ത്യന്‍ കായിക ലോകത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത തന്നെ ഇവിടുത്ത കായിക പ്രേമികളാണ്. ഇത്തവണത്തെ മത്സരങ്ങളില്‍ ടീമിന്റെ ആരാധകരെ മിസ് ചെയ്തിരുന്നോ?

അവിശ്വസനീയമായ സപ്പോര്‍ട്ടാണ് ഞങ്ങള്‍ക്ക് ലീഗില്‍ ഉടനീളം ലഭിച്ചിരുന്നത്. ചെറിയൊരു ആരാധകകൂട്ടം മാത്രമാണ് ഗ്രൗണ്ടുകളില്‍ കാണാനായതെങ്കിലും രാജ്യത്തിന്റെ എല്ലാ കോണിലെയും വോളിബോള്‍ ആരാധകര്‍ ടീമിനായി ആശംസകളുമായി എത്തിയിരുന്നു. പലരും വീടുകളിലിരുന്ന ടീമിനായി ആരവം മുഴക്കുന്നതൊക്കെ കണ്ടു. തീര്‍ച്ചയായും ആരാധകര്‍ക്ക് വേണ്ടി ഞങ്ങള്‍ ഈ ടൂര്‍ണമെന്റ് വിജയിച്ചിരിക്കും.
കാലിക്കറ്റ് ഹീറോസുമായി നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ മികച്ച മുന്നേറ്റങ്ങളുമായിരുന്നു താങ്കളും ടീമും കാഴ്ചവെച്ചത്. എങ്ങനെയുണ്ടായിരുന്നു ഡേവിഡ് ലീയെ പോലുള്ളവര്‍ മറുപുറത്തുണ്ടായിരുന്ന സെമി ഫൈനല്‍ ?

വളരെ മികച്ച കളിതന്നെയായിരുന്നു കാലിക്കറ്റിനെതിരായ സെമി. മികച്ചൊരു ഗൈം പ്ലാനുമായാണ് ഞങ്ങള്‍ കാലിക്കറ്റിനെ നേരിടാന്‍ കളത്തിലിറങ്ങിയത്. ഡേവിഡ് ലീയെ പോലുള്ള മികച്ച ബ്ലോക്കര്‍മാരുള്ളത് കൊണ്ട് തന്നെ പിഴവുകള്‍ കുറച്ച് അറ്റാക്കിംഗിലും സെര്‍വ് ചെയുന്നതിലും ഞങ്ങള്‍ ശ്രദ്ധിച്ചു കളിച്ചു. അത് വിജയം കാണുകയും ചെയ്തു.

ലീഗില്‍ ഒട്ടേറെ മുന്നേറി തണ്ടര്‍ബോള്‍ട്ട്‌സിതാ ഫൈനലില്‍ എത്തിനില്‍ക്കുന്നു. അതില്‍ എടുത്തു പറയേണ്ട ഒന്നാണ് ടീമിന്റെ പരിശീലകനായ സണ്ണി ജോസഫിന്റെ നീക്കങ്ങള്‍. എങ്ങനെയുണ്ട് സണ്ണി ജോസഫിന്റെ കീഴിലെ വോളിബോള്‍ പരിശീലനം ?

സണ്ണി ജോസഫ് ഒരു ആസാധ്യ പരിശീലകനായിരുന്നു. തന്റെ ടീമിലെ താരങ്ങളെ ഇത്രയും ശ്രദ്ധിച്ച് കളിയില്‍ മികവുണ്ടാകാന്‍ ശ്രമിക്കുന്ന പരിശീലകര്‍ വേറെയുണ്ടാവില്ല. കളിക്കളത്തില്‍ മാത്രമല്ല കോര്‍ട്ടിന് പുറത്തും വളരെ നല്ല ഒരു വ്യക്തിയായിരുന്നു സണ്ണി. അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ് ടീമിന്റെ വിജയം. കോച്ച് മാത്രമല്ല ഞങ്ങളുടെ ക്യാപ്റ്റന്‍ അശ്വാലും നല്ല സഹകരണമുള്ള താരമാണ്. ടീമിലെ ഞങ്ങളുടെ പ്രകടനം മികച്ചതാക്കാനാണ് അശ്വല്‍ ഏറെ പരിശ്രമിച്ചത്. ശരിക്കും അശ്വാല്‍ കൊല്‍ക്കത്തന്‍ തണ്ടര്‍ബോള്‍ട്ട്‌സിനും ഇന്ത്യന്‍ വോളിബോളിനും വലിയൊരു മുതല്‍കൂട്ടാണ്.

ഇന്നത്തെ മത്സരത്തില്‍ നിങ്ങള്‍ ഏറ്റുമുട്ടുന്നത് ലീഗിലെ മികച്ച ടീമായ അഹ്മദാബാദുമായാണ്. അവരുടെ അമേരിക്കന്‍ താരമായ റയാനും, ഇന്ത്യന്‍ താരം ഷോണ്‍ ടി ജോണുമെല്ലാം മികച്ച കളിയാണ് പുറത്തെടുക്കുന്നത്. എങ്ങനെയായിരിക്കും നിങ്ങളുടെ ഫൈനലിനായുള്ള ഒരുക്കങ്ങള്‍ ?

സെമിയിലെ അതേ സ്ട്രാറ്റജി തന്നെയായിരിക്കും ഫൈനലിലും ഞങ്ങള്‍ പുറത്തെടുക്കുക. പക്ഷേ സെര്‍വ് ചെയ്യുന്നതില്‍ ഞങ്ങള്‍ ശ്രദ്ധിച്ചു കളിക്കും. സെര്‍വ് മികച്ചതാകാനാവും ഞങ്ങള്‍ കൂടുതല്‍ ശ്രമിക്കുക. മാത്രമല്ല ബ്ലോക്കിംഗിലും ഡിഫന്‍സിലും ഞങ്ങളുടെ എല്ലാ കഴിവും നാളെ കളത്തില്‍ പുറത്തെടുക്കും. ഷോണ്‍ ടി ജോണിനെ പോലെയും റയാനെ പോലെയും നിരവധി മികച്ച താരങ്ങള്‍ അഹ്മദാബാദിന്റെ ശേഖരത്തിലുണ്ട്. പക്ഷേ ഞങ്ങളുടെ ശേഖരത്തിലെ മുഴുവന്‍ പടക്കോപ്പുകളും ഞങ്ങള്‍ നാളെ കളത്തിലിറക്കും.താങ്കള്‍ ടൂര്‍ണമെന്റില്‍ നിരവധി തവണ കണ്ടതാണല്ലൊ ലീഗിലെ ഇന്ത്യന്‍ വോളിതാരങ്ങളുടെ പ്രകടനം. പ്രത്യേകിച്ച് കാലിക്കറ്റിന്റെ അജിത് ലാല്‍, ജെറോം വിനീതിനെ പോലുള്ളവരുടെ. എങ്ങനെയുണ്ട് ഇന്ത്യന്‍ താരങ്ങളുടെ വോളിബോള്‍ ?

ഇന്ത്യയില്‍ വരുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ താരങ്ങളുടെ വോളിബോളിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. നിരവധി യുവ താരങ്ങളായിരുന്നു ഇത്തവണ കോര്‍ട്ടിലിറങ്ങി മികച്ച കളി പുറത്തെടുത്തത്. പ്രത്യേകം എടുത്തു പറയേണ്ടതാണ് അജിത് ലാലിന്റെയും വിനീത് ജെറോമിന്റെയെല്ലാം പ്രകടനം. മികച്ച ജംപായിരുന്നു അജിതിന്റെ പ്രത്യേകത. മാത്രമല്ല വളരെ മികച്ച ഷോട്ടുകളായിരുന്നു അജിതിന്റേത്, വിനീതിന്റെയും ഷോട്ടുകള്‍ തന്നെയായിരുന്നു എടുത്തു പറയേണ്ടത്. ഇവര്‍ മാത്രമല്ല അഹ്മദാബാദിന്റെ ഷോണ്‍ ടി ജോണും ബംഗളൂരുവിന്റെ പങ്കജ് ശര്‍മ്മയെല്ലാം വളരെ മികച്ച പ്രകടനം കാഴ്ച് വെച്ച താരങ്ങളായിരുന്നു. ഇവരെല്ലാം ഇന്ത്യന്‍ വോളിബോളിന് വളരെ വലിയ പ്രതീക്ഷയാണ്. തീര്‍ച്ചയായും ഇവര്‍ക്ക് ഇന്ത്യക്കായി നേട്ടം ഉണ്ടാക്കാന്‍ സാധിക്കും.

മാത്യൂ കളിക്കളത്തിന് പുറത്തേക്ക് നമ്മളൊന്നിറങ്ങിയാല്‍ വലിയ സങ്കടകരമായ വാര്‍ത്തകളാണ് യുക്രൈനില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. റഷ്യയുടെ താരങ്ങള്‍ ഉള്‍പ്പെടെ കായിക ലോകത്തു നിന്ന് നിരവധി ആളുകളാണ് റഷ്യന്‍ നിലപാടിനെതിരെ എത്തിയിരിക്കുന്നത്. എന്താണ് ഈ വിഷയത്തില്‍ താങ്കളുടെ കാഴ്ചപ്പാട് ?

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ യുക്രൈനില്‍ നടന്നു കൊണ്ടിരിക്കുന്നത്. സമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അവിടുത്തെ കാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്. ഞാന്‍ ഈ വിഷയത്തില്‍ യുക്രൈനിന്റെ കൂടെയാണ്. അവിടെ നടക്കുന്ന ഈ കാര്യങ്ങള്‍ എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. പക്ഷേ ഒരു നാട്ടില്‍ ഇത് സംഭവിക്കാന്‍ പാടില്ല. കഴിഞ്ഞ വര്‍ഷം എന്റെ കൂടെ കളിച്ചിരുന്ന ഒരു താരം യുക്രൈനിലുണ്ട്. വളരെ ദുഖകരമായ വാര്‍ത്തകളാണ് അവിടുന്ന് കേള്‍ക്കുന്നത്. സുഹൃത്തും കുടുംബവുമെല്ലാം സുരക്ഷിതരാണ് എന്ന് അറിയാന്‍ കഴിഞ്ഞെങ്കിലും വളരെ ദുഃഖമുണ്ട് ഇപ്പോള്‍ സംഭവിക്കുന്ന കാര്യത്തില്‍. ഇത് വളരെ നിര്‍ഭാഗ്യകരമാണ്.

നിരവധി വോളിബോള്‍ ടൂര്‍ണമെന്റുകളാണ് വരാനിരിക്കുന്നത്. എന്താണ് മാത്യു പ്രൈം വോളിബോളിന് ശേഷം ചിന്തിക്കുന്ന ഭാവിയിലെ വോളിബോള്‍ മോഹങ്ങള്‍ ?

നാട്ടില്‍ എത്തി അവിടെയുള്ള കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കണം. തീര്‍ച്ചയായും പരിശീലനം മുടക്കാതെ വരുന്ന മാസങ്ങളില്‍ വോളിബോളിന് മാത്രമായി സമയം മാറ്റിവെക്കണം. സത്യം പറഞ്ഞാല്‍ നിലവില്‍ ഭാവി പരിപാടികളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല.എങ്ങനെയുണ്ട് ഇന്ത്യ ?

ശരിക്കും ഇന്ത്യ കാണാന്‍ കഴിഞ്ഞിട്ടില്ല ഇത്തവണ. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഹോട്ടലില്‍ തന്നെയാണ് കൂടുതല്‍ സമയവും ചെലവിട്ടിരുന്നത്. ഹോട്ടലുകളില്‍ ഒരുപാട് ഇന്ത്യക്കാരുണ്ട്. അവരോടെല്ലാം ഒരുപാട് സ്‌നേഹം മാത്രമാണ്. പുറത്തിറങ്ങിയില്ലെങ്കിലും ഇന്ത്യന്‍ ഭക്ഷണമെല്ലാം വളരെ നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. പ്രത്യേകിച്ച് നല്ല എരിവുള്ള സൗത്ത് ഇന്ത്യന്‍ ഭക്ഷണം.

Story High Prime Volleyball League Kolkata Thunderbolts American middle blocker Matthew August speaks about Indian sports interview Iqbal arakkal

Next Story