Top

ആറ് മത്സരം, നാല് നോട്ടൗട്ട്, മൂന്നു ഫിഫ്റ്റി, ആകെ 227 റണ്‍സ്!!!

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാറാവുന്നതില്‍ നിന്ന് അയാളെ ഇതുവരെ തടഞ്ഞു നിര്‍ത്തിയ ഒരേയൊരു കാര്യം സ്ഥിരതയില്ലായ്മയായിരുന്നു. ഇതാ ഇപ്പോള്‍ പുതിയ ആഭ്യന്തര സീസണില്‍ അതിനും പരിഹാരം കണ്ടെത്തിയെന്ന സൂചനയാണ് സഞ്ജു നല്‍കുന്നത്.

16 Nov 2021 12:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആറ് മത്സരം, നാല് നോട്ടൗട്ട്, മൂന്നു ഫിഫ്റ്റി, ആകെ 227 റണ്‍സ്!!!
X

ഇന്ത്യന്‍ ക്രിക്കറ്റിലെ എണ്ണം പറഞ്ഞ മിടുക്കന്‍മാരായ യുവതാരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഇതിഹാസ താരങ്ങളായ സുനില്‍ ഗാവസ്‌കറും രാഹുല്‍ ദ്രാവിഡും ഉള്‍പ്പടെയുള്ളവര്‍ പ്രശംസകൊണ്ടു മൂടിയ താരമാണ് സഞ്ജു.

പക്ഷേ അവനെക്കുറിച്ച് ഏറെ ഉയര്‍ന്നു കേട്ട ഒരു പരാതിയാണ് സ്ഥിരത ഇല്ലയെന്നത്. സഞ്ജുവിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ള ഗാവസ്‌കറും ഏറെ പ്രശംസിച്ചിട്ടുള്ള ഗാവസ്‌കറും ദ്രാവിഡുമെല്ലം പ്രത്യക്ഷത്തിലും പരോക്ഷത്തിലും ഇതു തുറന്നു പറഞ്ഞിട്ടുണ്ട്.

എല്ലാ പന്തും സിക്‌സര്‍ അടിക്കാന്‍ ശ്രമിച്ചു വിക്കറ്റ് വലിച്ചെറിയുന്നവന്‍, ഒരു മത്സരത്തില്‍ മികച്ച ഇന്നിങ്‌സ് കളിച്ചാല്‍ അടുത്ത അഞ്ച് ഇന്നിങ്‌സിലും പരാജയപ്പെടുന്നവന്‍... സഞ്ജു കേട്ട പരിഹാസങ്ങള്‍ എടുത്താല്‍ നീണ്ട ലിസ്റ്റ് കാണും. കുറെയൊക്കെ ശരിയാണു താനും. പലപ്പോഴും സ്ഥിരത നിലനിര്‍ത്താനാകാതെ സഞ്ജു പരാജയപ്പെട്ടത് മലയാളി ക്രിക്കറ്റ് പ്രേമികള്‍ കണ്ടതാണ്.

സഞ്ജുവിന്റെ അഗ്രസീവ്‌നെസാണ് അതിനു കാരണമെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അഗ്രസീവ് ആകുകയെന്നത് സഞ്ജുവിന്റെ ശൈലിയാണ്. ഏതു പന്തിനെയും സിക്‌സറടിക്കാന്‍ മുതിരുന്ന ആ ആറ്റിറ്റിയൂഡ് ആണ് സഞ്ജു സാംസണ്‍ എന്ന മലയാളിയെ ഇന്ന് ഇന്ത്യ അറിയുന്ന സഞ്ജുവാക്കി മാറ്റിയത്. അതിനാല്‍ത്തന്നെ തന്റെ ശൈലി മാറ്റില്ലെന്നു പലപ്പോഴും സഞ്ജു തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്.

സഞ്ജു കളിക്കുന്ന പുള്‍ ഷോട്ടുകളും, അതുവഴി നേടുന്ന സിക്‌സും സ്പിന്നര്‍മാരെ ഗ്രൗണ്ടിന്റെ ഏതു കോണിലേക്കും 'തഴുകിവിട്ട്' നേടുന്ന ബൗണ്ടറികളും ഏറെ മനോഹരമായ കാഴ്ചയാണ്. അയാള്‍ മികച്ച ടച്ചിലാണെങ്കില്‍ ആ ബാറ്റിങ് എത്രനേരം വേണേെങ്കിലും കണ്ടിരിക്കാന്‍ താന്‍ തയാറാണെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞത് വെറുതേയല്ല.

ഇത്രയധികം വാഴ്ത്തുപാട്ടുകള്‍ കേട്ടിട്ടും ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാറാവുന്നതില്‍ നിന്ന് അയാളെ ഇതുവരെ തടഞ്ഞു നിര്‍ത്തിയ ഒരേയൊരു കാര്യം സ്ഥിരതയില്ലായ്മയായിരുന്നു. ഇതാ ഇപ്പോള്‍ പുതിയ ആഭ്യന്തര സീസണില്‍ അതിനും പരിഹാരം കണ്ടെത്തിയെന്ന സൂചനയാണ് സഞ്ജു നല്‍കുന്നത്.

പുതിയ സീസണിന്റെ തുടക്കമെന്നോണം നടക്കുന്ന സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അത്രകണ്ട് മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവയ്ക്കുന്നത്. ടൂര്‍ണമെന്റില്‍ കേരളത്തെ നയിക്കുന്ന സഞ്ജുവിന്റെ മികവില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു കഴിഞ്ഞു.

പ്രീക്വാര്‍ട്ടര്‍ വരെയുള്ള സഞ്ജുവിന്റെ പ്രകടനം എടുത്തുനോക്കിയാല്‍ ആരാണ് സ്ഥിരതയില്ലെന്നു പറഞ്ഞത് എന്നു ചോദിച്ചുപോകും. ആറു മത്സരങ്ങളില്‍ നിന്ന് 113.50 ശരാശരിയില്‍ 227 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. 143.67 ആണ് ശരാശരി. 56 നോട്ടൗട്ട് ആണ് ഉയര്‍ന്ന സ്‌കോര്‍. ആറു മത്സരങ്ങളില്‍ നാലിലും സഞ്ജു പുറത്താകാതെ നില്‍ക്കുകയായിരുന്നു.

നായക സ്ഥാനം ഏറ്റെടുക്കുന്നത് സഞ്ജുവിന്റെ പ്രകടനത്തെ ബാധിക്കുമെന്നു വിധിയെഴുതിയവര്‍ക്കു കൂടിയുള്ള മറുപടിയാണിത്. ഐ.പി.എല്ലില്‍ രാജസ്ഥാന റോയല്‍സിനെ രണ്ടു സീസണില്‍ നയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ആ വിധിയെഴുത്ത്. എന്നാല്‍ കേരളത്തിനായി ബാറ്റ് ചെയ്യുമ്പോള്‍ ക്യാപ്റ്റന്റെ റോളിനെക്കുറിച്ച് ചിന്തിക്കാതെ ബാറ്റിംഗില്‍ മാത്രം ശ്രദ്ധിച്ച സഞ്ജുവിനെയാണ് കാണാന്‍ സാധിച്ചത്.

തനിക്കു നേരെ ഉയര്‍ന്നിരുന്ന എല്ലാ പരാതികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കുകയാണ് സഞ്ജു. ക്വാര്‍ട്ടര്‍വരെ ദുര്‍ബലരായ ടീമുകളായിരുന്നു കൂടുതല്‍ എന്നായിരിക്കും ഇനി വിമര്‍ശകര്‍ ഉന്നയിക്കാണ്‍ പോകുന്നത്. സാങ്കേതികമായി മൂന്നു മത്സരങ്ങള്‍ ശേഷിക്കുന്നയിനാല്‍ അതിനും സഞ്ജുവിനു മറുപടി നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവഴി ടീം ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്ക് തിരികെയെത്താനും സഞ്ജുവിന് സാധിക്കട്ടെയെന്നു പ്രാര്‍ഥിക്കാം.

Next Story

Popular Stories