Top

ഹൈദരാബാദിന്റേത്‌ ഇംഗ്ലീഷുകാരില്‍ നിന്ന് പോലീസ് ഏറ്റെടുത്ത പന്തുകളി

നഷ്ടമായ തങ്ങളുടെ ആദ്യ പ്രണയം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹൈദരാബാദ് നഗരം

21 March 2022 9:53 AM GMT
ശ്യാം ശശീന്ദ്രന്‍

ഹൈദരാബാദിന്റേത്‌ ഇംഗ്ലീഷുകാരില്‍ നിന്ന് പോലീസ് ഏറ്റെടുത്ത പന്തുകളി
X

പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ഫുട്‌ബോളിന് ചോരയും നീരും നല്‍കിയിട്ടുണ്ട് നൈസാമിന്റെ നഗരമായ ഹൈദരാബാദ്. ഒരുകാലത്ത് ഞരമ്പുകളില്‍ ഫുട്‌ബോള്‍ മാത്രം നിറഞ്ഞുനിന്നിരുന്ന, തെരുവുകളില്‍ ഗോളാരവം മാത്രം ഉയര്‍ന്നിരുന്ന അവിടെ ഇന്നലെ, 2022 മാര്‍ച്ച് 20-ന് പുതിയ പ്രതീക്ഷകളുടെ ഒരു നുറുങ്ങുവെട്ടം തെളിഞ്ഞിരിക്കുകയാണ്. ഫുട്‌ബോള്‍ പാരമ്പര്യത്തിനു പേരു കേട്ട കേരളത്തില്‍ നിന്നുള്ള ബ്ലാസ്‌റ്റേഴ്‌സിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഹൈദരാബാദ് സിറ്റി എഫ്.സി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെറുകയിലേക്ക് കയറിയപ്പോള്‍ ഗതകാല സ്മരണകളില്‍ നിന്നു പതിയെ ഉണരുകയാണ് ആ നഗരം.

ഹൈദരാബാദ് എന്ന പേരുകേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്നത് ചാര്‍മിനാറിന്റെ മിനാരങ്ങളും ആവി പറക്കുന്ന ചൂട് ബിരിയാണിയും അത്തര്‍ മണക്കുന്ന ഗലികളുമാണ്. എന്നാല്‍ 400 വര്‍ഷത്തെ പഴക്കമുള്ള ഈ നഗരത്തിന്റെ ചരിത്രം മറിച്ചു നോക്കിയാല്‍ ഇതിനൊക്കെ പുറമേ മികച്ച കായിക പാരമ്പര്യവുമുണ്ടെന്ന് മനസിലാകും. മുഹമ്മദ് അസ്ഹറുദ്ദീന്‍, വി.വി.എസ്. ലക്ഷ്മണ്‍, സാനിയ മിര്‍സ, സെയ്‌ന നെഹ്‌വാള്‍, പി.വി. സിന്ധു, പുല്ലേല ഗോപീചന്ദ് തുടങ്ങി ക്രിക്കറ്റ്, ടെന്നീസ്, ബാഡ്മിന്റണ്‍, ബോക്‌സിങ്, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ്, സൈക്ലിങ്, ടേബിള്‍ ടെന്നീസ് എന്നിവയിലൊക്കെ ഒട്ടേറെ മിന്നും താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് ഈ നഗരം.

എന്നാല്‍ ഹൈദരാബാദിന്റെ ആദ്യ പ്രണയം കാറ്റുനിറച്ച ഉരുണ്ട വലിയ പന്തിനോടായിരുന്നുവെന്നത് ഈ തലമുറയ്ക്ക് അജ്ഞാതമാണ്. സ്വാതന്ത്ര്യാനന്തരം മൂന്നു പതിറ്റാണ്ടോളം ഇവിടുത്തെ ഗലികളില്‍ നിറഞ്ഞു നിന്നത് ഗോളാരവങ്ങളായിരുന്നുവെന്നത് തികച്ചും അവിശ്വസനീയമായി തോന്നാം. കാരണം ഇന്ത്യയില്‍ ഫുട്‌ബോള്‍ എന്നത് കൊല്‍ക്കത്തയിലും ഗോവയിലും കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മാത്രമുള്ളതാണെന്നാണ് പലരുടെയും വിശ്വാസം.

ഇവിടങ്ങളിലേതിനു സമാനമായി ആന്ധ്രാപ്രദേശിലെ(ഇന്നത്തെ തെലങ്കാന) ഇരട്ട നഗരങ്ങളായ ഹൈദരാബാദിലും സെക്കന്തരാബാദിലും ഫുട്‌ബോള്‍ എത്തിച്ചത് ബ്രിട്ടീഷുകാരാണ്. ബ്രിട്ടീഷ് സൈന്യത്തിലെ വിവിധ ടീമുകള്‍ സെക്കന്തരാബാദ് കന്റോണ്‍മെന്റ് ആണ് തങ്ങളുടെ പരിശീലന ഗ്രൗണ്ടാക്കിയത്. ഇവിടെ സൈനിക ടീമുകളുടെ പരിശീലനം കാണാനെത്തിയതോടെയാണ് തദ്ദേശവാസികളുടെ ചിന്തയിലേക്കും ചോരയിലേക്കും ഫുട്‌ബോള്‍ പടര്‍ന്നു കയറിയത്.


കളിയില്‍ ഹരംകയറിയ അന്നത്തെ യുവത്വം കാറ്റുനിറച്ച പന്തിനു പിന്നാലെ പായാന്‍ തുടങ്ങിയെങ്കിലും യാഥാസ്ഥിതികരായ മുതിര്‍ന്നവരും മത-സാമുദായിക നേതാക്കളും ചില വിലക്കുകള്‍ ഏര്‍പ്പെടുത്തിയതോടെ അവിടെ ഫുട്‌ബോളിന്റെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. എന്നാല്‍ ഇതിനു മാറ്റം വന്നത് ക്ഷണവേഗത്തിലും. ഇതിനും കാരണഭൂതനായത് ഒരു ബ്രിട്ടീഷുകാരനാണ്. പ്രശസ്തമായ നൈസാം കോളജിന്റെ അന്നത്തെ പ്രിന്‍സിപ്പലായിരുന്ന കെന്നത്ത് ബേണറ്റ് തന്റെ വിദ്യാര്‍ഥികളില്‍ ഫുട്‌ബോള്‍ ജ്വരം പകര്‍ന്നു നല്‍കി. ഒപ്പം സമൂഹത്തിന് ആ കളിയോടുള്ള തെറ്റിദ്ധാരണ നീക്കാന്‍ പല ടൂര്‍ണമെന്റുകളും സംഘടിപ്പിച്ചു. അങ്ങനെ നൈസാം കോളജില്‍ ഹൈദരാബാദ് ഫുട്‌ബോളിന്റെ ആദ്യ വിത്ത് വിതയ്ക്കപ്പെട്ടു. അതു തഴച്ചു വളരാന്‍ അധികം താമസിച്ചതുമില്ല.

നൈസാം കോളജ് ആരംഭിച്ച രണ്ടു ചാമ്പ്യന്‍ഷിപ്പുകളാണ് നഗരത്തെ ഫുട്‌ബോള്‍ ജ്വരത്തിലേക്ക് വലിച്ചെറിഞ്ഞത്. ഒരു ടൂര്‍ണമെന്റ് കോളജ് ടീമുകള്‍ക്കും മറ്റൊരു ടൂര്‍ണമെന്റ് സൈനിക ടീമുകള്‍ക്കും ക്ലബുകള്‍ക്കും വേണ്ടിയായിരുന്നു. ഇതു രണ്ടും വന്‍ വിജയമായതോടെ നഗരത്തിന്റെ പലയിടങ്ങളിലും ഫുട്‌ബോള്‍ ക്ലബുകള്‍ മുളച്ചുപൊന്തി. മികച്ച പരിശീലനം ലഭിച്ച സൈനിക ടീമുകളോട് ഏറ്റുമുട്ടി ദയനീയ പരാജയമേറ്റു വാങ്ങിയത് അവരുടെ ഫുട്‌ബോള്‍ കമ്പത്തെ നിരാശപ്പെടുത്തുകയായിരുന്നില്ല ചെയ്തത്, മറിച്ച് വാശിനിറച്ച് ആളിക്കത്തിക്കുകയാണ് ചെയ്തത്.

1910-ലാണ് ഹൈദരാബാദിന് ആദ്യമായി തങ്ങളുടെ അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ലഭിക്കുന്നത്. മജീദ് ടൂര്‍ണമെന്റ് എന്ന പേരില്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് ആദ്യ മൂന്നു വര്‍ഷങ്ങളിലും വന്‍ വിജയമായിരുന്നു. മികച്ച ടീമുകളുടെ പ്രാതിനിധ്യവും വന്‍ ജനപങ്കാളിത്തവും കൊണ്ട് ചാമ്പ്യന്‍ഷിപ്പ് ഏറെ ശ്രദ്ധപിടിച്ചു പറ്റിയെങ്കിലും മൂന്നു വര്‍ഷത്തിനപ്പുറത്തേക്ക് അതിന് ആയുസുണ്ടായില്ല. ഹൈദരാബാദ് സിറ്റി പോലീസും ഹൈദരാബാദ് സൈന്യവും തമ്മിലുള്ള ഉള്‍പ്പോരിനെത്തുടര്‍ന്ന് അത് ഉപേക്ഷിക്കുകയായിരുന്നു.

1939-ല്‍ ഹൈദരാബാദ് ഫുട്‌ബോള്‍ അസോസിയേഷന്‍(എച്ച്.എഫ്.എ) നിലവില്‍ വന്നു. എസ്.എം. ഹാദി ആയിരുന്നു സെക്രട്ടറി. 1942-ല്‍ ഹാദി പ്രസിഡന്റായി. ഐതിഹാസിക പരിശീലകന്‍ സയിദ് അബ്ദുള്‍ റഹീമിനെ ആജീവനാന്ത സെക്രട്ടറിയുമായി നിയമിച്ചു. ഇത് ഹൈദരാബാദ് ഫുട്‌ബോളിലെ ഒരു യുഗാരംഭമായിരുന്നു. 1944-ല്‍ ഹൈദരാബാദ് ആദ്യമായി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായ സന്തോഷ് ട്രോഫിയില്‍ പങ്കെടുത്തു. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതോടെ ടീമില്‍ നിന്നു നാലു താരങ്ങളാണ് 1948-ലെ ഒളിമ്പിക്‌സ് ഫുട്‌ബോളിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

സ്വാതന്ത്ര്യാനന്തരം ഹൈദരാബാദ് ഫുട്‌ബോളിന്റെ കുതിപ്പിനു കടിഞ്ഞാണ്‍ പിടിച്ചത് സയിദ് അബ്ദുള്‍ റഹീമിനൊപ്പം കടുത്ത ഫുട്‌ബോള്‍ ആരാധകനായിരുന്ന പോലീസ് സൂപ്രണ്ട് ശിവ്ശങ്കര്‍ ലാലും ചേര്‍ന്നാണ്. 1950-ല്‍ ശിവ്ശങ്കര്‍ എച്ച്.എഫ്.എയുടെ പ്രസിഡന്റായി ചുമതലയേറ്റതോടെ ഹൈദരാബാദ് ഫുട്‌ബോളിന്റെ സുവര്‍ണ കാലഘട്ടം പിറക്കുകയായിരുന്നു. ഇരുവരുടെയും കഠിനാധ്വാനത്തിലൂടെ 50-കളില്‍ നഗരത്തില്‍ നിന്ന് 75 ഫുട്‌ബോള്‍ ക്ലബുകളും 1500 രജിസ്‌ട്രേഡ് ഫുട്‌ബോള്‍ താരങ്ങളും 40 അംഗീകൃത റഫറിമാരുമാണ് ഉയര്‍ന്നുവന്നത്.


അതിനേക്കാളൊക്കെ ഇവരുടെ തൊപ്പിയില്‍ പൊന്‍തൂവലായത് മറ്റൊന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബുകളില്‍ ഒന്നായ ഹൈദരാബാദ് സിറ്റി പോലീസ് ടീമിന്റെ അശ്വമേധം. 1943-ല്‍ റഹീം ഈ ടീമിന്റെ പരിശീലകനായി ചുമതലയേറ്റതോടെയാണ് ഹൈദരാബാദ് ഫുട്‌ബോളിന്റെ പേരും പെരുമയും ഉയര്‍ന്നു തുടങ്ങിയത്. എങ്കിലും രാജ്യശ്രദ്ധ പിടിച്ചുപറ്റാന്‍ ഏഴു വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഈ ഏഴു വര്‍ഷങ്ങള്‍ ടീമിനെ തേച്ചുമിനുക്കുകയായിരുന്നു റഹീം. സ്വാതന്ത്ര്യാനന്തരം 1950-ല്‍ നടന്ന ആദ്യ ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പോടെയാണ് ഹൈദരാബാദ് സിറ്റി പോലീസ് ടീം പടയോട്ടം ആരംഭിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കൊല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാനെ തോല്‍പിച്ച് അവര്‍ കിരീടമണിയുകയും ചെയ്തു.

രണ്ടുപാദങ്ങളായി നടന്ന ഫൈനലിന്റെ ആദ്യപാദത്തില്‍ നിശ്ചിത സമയം അവസാനിക്കുന്നതിനു 10 മിനിറ്റു മുമ്പ് വരെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഹൈദരാബാദ് ടീം 0-2ന് പിന്നിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ അവസാന 10 ജി.വൈ.എസ്. ലെയ്ഖ് കാഴ്ചവച്ച മിന്നും പ്രകടനം ഇന്നും കോരിത്തരിപ്പ് ഉണര്‍ത്തുന്നതാണ്.

കൊല്‍ക്കത്തന്‍ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി ലെയ്ഖ് പറന്നുകളിച്ചപ്പോള്‍ 10 മിനിറ്റിനിടെ രണ്ടുഗോള്‍ തിരിച്ചടിച്ച് പോലീസ് ടീം മത്സരം സമനിലയിലാക്കി. ആവേശപ്പോരാട്ടത്തില്‍ ആവേശത്തില്‍ ഗ്യാലറി ഒന്നടങ്കം ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി താരങ്ങളെ ആലിംഗനം ചെയ്താണ് ആഘോഷിച്ചത്. കാണികളില്‍ ഒരാള്‍ ലെയ്ഖിനെ ചുംബിക്കാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിന്റെ കവിളില്‍ കടിക്കുകയും ചെയ്തു. പരുക്കേറ്റ ലെയ്ഖിന് രണ്ടാം പാദത്തില്‍ കളിക്കാനും കഴിഞ്ഞില്ല. ആ മത്സരത്തില്‍ 1-0ന് ബഗാനെ വീഴ്ത്തില ഹൈദരാബാദ് സിറ്റി പോലീസ് തങ്ങളുടെ ആദ്യ ഡ്യൂറന്‍ഡ് കപ്പും നേടിയെടുത്തു.

ആ ജയം ഇന്ത്യന്‍ ഫുട്‌ബോളില്‍ ഹൈദരാബാദ് എന്ന ശക്തിദുര്‍ഗത്തിന്റെ വരവറിയിക്കുന്നതായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ അടക്കി ഭരിച്ചിരുന്ന കൊല്‍ക്കത്തന്‍ ത്രിമൂര്‍ത്തികളായ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് എന്നീ വമ്പന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ഏക ടീം ഇന്ത്യയില്‍ അന്ന് ഹൈദരാബാദ് സിറ്റി പോലീസ് മാത്രമായിരുന്നു.


മഞ്ഞയും കറുപ്പും ഇടകലര്‍ന്ന നിറത്തിലുള്ള ജഴ്‌സിയണിഞ്ഞ് പുല്‍മൈതാനങ്ങളില്‍ പറന്നുകളിച്ച പോലീസ് ടീം മികവ് കൊണ്ട് ഏറെ ശ്രദ്ധനേടിയതിനൊപ്പം നഗരങ്ങളില്‍ ഫുട്‌ബോള്‍ ജ്വരം പരത്തുകയും ചെയ്തു. ആ ജ്വരം മനസിലാക്കിയാണ് 1954-ല്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ റഷ്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ രണ്ടു മത്സരങ്ങള്‍ ഹൈദരാബാദില്‍ നടത്താന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ ദേശീയ ടീമിനും ഹൈദരാബാദ് ഇലവനും എതിരേ റഷ്യന്‍ ടീം കളിച്ച ആ രണ്ടു മത്സരങ്ങള്‍ക്കും വന്‍ ജനപങ്കാളിത്തമാണുണ്ടായത്.

1950-നും 1960-നും ഇടയില്‍ റഹീമിന്റെ കീഴില്‍ ഹൈദരാബാദ് സിറ്റി പോലീസ് തേരോട്ടം തന്നെയാണ് നടത്തിയത്. 10 വര്‍ഷത്തിനിടെ ഒമ്പത് തവണ റോവേഴ്‌സ് കപ്പും നാലു തവണ ഡ്യൂറന്‍ഡ് കപ്പും നേടി. റോവേഴ്‌സ് കപ്പ് ചരിത്രത്തില്‍ കളിച്ച ഫൈനല്‍ എല്ലാം ജയിച്ച ഏക ടീമും അവരാണ്. ഏഴുതവണ ഡ്യൂറന്‍ഡ് കപ്പ് ഫൈനല്‍ കളിച്ച അവര്‍ നാലു തവണയാണ് ജേതാക്കളായത്. റഹീമിന്റെ ശിക്ഷണത്തില്‍ 1956-ല്‍ സന്തോഷ് ട്രോഫി നേടി ഹൈദരാബാദ് ഇന്ത്യന്‍ ഫുട്‌ബോളിനെ വീണ്ടും ഞെട്ടിച്ചു. തൊട്ടടുത്ത വര്‍ഷം അവര്‍ കിരീടം നിലനിര്‍ത്തുകയും ചെയ്തത് അറിയുമ്പോഴാണ് ആ കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളില്‍ ഹൈദരാബാദ് പുലര്‍ത്തിയ ആധിപത്യം എന്തായിരുന്നുവെന്ന് മനസിലാകുന്നത്.


ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകൃതമായ ശേഷം ആന്ധ്രാപ്രദേശ് ഫുട്‌ബോള്‍ അസോസിയേഷന്‍ നിലവില്‍ വന്നപ്പോള്‍ ശിശങ്കര്‍ പ്രസിഡന്റും റഹീം സെക്രട്ടറിയുമായി. ഇരുവരുടെയും കാലഘട്ടത്തില്‍ ഹൈദരാബാദ് സംഭാവന ചെയ്ത ഒളിമ്പ്യന്മാരയുടെയും രാജ്യാന്തര താരങ്ങളുടെയും എണ്ണത്തിനെ കവച്ചുവയ്ക്കാന്‍ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും ഇതുവരെയായിട്ടില്ല.

14 ഒളിമ്പ്യന്മാരെയും 21 രാജ്യാന്തര ഫുട്‌ബോള്‍ താരങ്ങളെയുമാണ് ഹൈദരാബാദ് ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കിയത്. ഇത് ഇന്നും റെക്കോഡായി തുടരുന്നു. ആറു പേരാണ് ഹൈദരാബാദില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നായകന്മാരായി ഉയര്‍ന്നു വന്നത്. അസീസുദ്ദീന്‍, സയിദ് നയീമുദ്ദീന്‍, മുഹമ്മദ് ഹബീബ്, ഷാബിര്‍ അലിവിക്ടര്‍ അമല്‍രാജ് എന്നിവരാണ് ഇതില്‍ പ്രമുഖര്‍. 195-മുതല്‍ 1970 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ എന്നത് കൊല്‍ക്കത്തയും ഹൈദരാബാദും മാത്രമായിരുന്നുവെന്നും പറയാം.

1980-കള്‍ക്കും ശേഷം ഉയര്‍ച്ചയില്‍ നിന്നുള്ള വീഴ്ചയ്ക്കാണ് നഗരം സാക്ഷ്യം വഹിച്ചത്. ഫുട്‌ബോള്‍ അസോസിയേഷനിലെ പടലപ്പിണക്കവും തമ്മിലടിയുമായിരുന്നു ഇതിനു കാരണം. അധികാരം നിലനിര്‍ത്താന്‍ മാത്രം തലപ്പത്തിരുന്നവര്‍ ശ്രമിച്ചപ്പോള്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കു വെള്ളവും വളം ഇടാന്‍ അവര്‍ മറന്നു. ക്രിക്കറ്റിന്റെ ജനപ്രീതി വര്‍ധിച്ചതും ഒരു കാരണമായി. ക്രമേണ ഹൈദരാബാദിലെ ഗലികളില്‍ നിന്ന് ഫുട്‌ബോള്‍ ഒഴിഞ്ഞുപോകുകയും ക്രിക്കറ്റ് ഇടംപിടിക്കുകയും ചെയ്തു.

നഷ്ടമായ തങ്ങളുടെ ആദ്യ പ്രണയം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നഗരം. ഐ.എസ്.എല്ലിലും ഐ ലീഗിലും പങ്കാളിത്തം ഉറപ്പാക്കി പതിയെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഇന്നലെ ഹൈദരാബാദ് എഫ്.സി. നേടിയ വിജയം. ഐ ലീഗില്‍ ശ്രീനിധി എഫ്.സിയാണ് അവരെ പ്രതിനിധീകരിക്കുന്നത്. അതേ അരനൂറ്റാണ്ട് മുമ്പ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ തന്നെ ഏറ്റവും മികച്ച ചില താരങ്ങളെയും പരിശീലകരെയും സംഭാവന ചെയ്ത ഹൈദരാബാദിലെ ഫുട്‌ബോള്‍ അതിന്റെ പുനരുജ്ജീവനത്തിന്റെ പാതയിലാണ്. സിംഹം ഉറക്കത്തില്‍ നിന്ന് ഉണരുകയാണ്. അതിന്റെ ആദ്യ ഗര്‍ജനമാണ് ഹൈദരാബാദ് എഫ്.സി. ഇന്നലെ നടത്തിയത്.

Next Story