Top

​ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിൽ; പക്ഷെ ഗുജറാത്തിൽ മൂന്ന് ആഴ്ചയായി ഐപിഎൽ മത്സരം നടക്കുന്നു; കമന്‍ററി ഹർഷ ഭോഗ്ലേ; 20 പേർ അറസ്റ്റില്‍

11 July 2022 2:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

​ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിൽ; പക്ഷെ ഗുജറാത്തിൽ മൂന്ന് ആഴ്ചയായി ഐപിഎൽ മത്സരം നടക്കുന്നു; കമന്‍ററി ഹർഷ ഭോഗ്ലേ; 20 പേർ അറസ്റ്റില്‍
X

ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് കളിയൊക്കെ അങ്ങ് കടലുകൾക്കപ്പുറമാണ്. ഇവിടെ ​ഗുജറാത്തിലെ ഒരു ​ഗ്രാമത്തിൽ ഐപിഎൽ നടക്കുകയായിരുന്നു. അതും രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും ധോണിയുടെ ചെന്നൈ സൂപ്പർ കിങ്ങ്സും ഹാർദിക് പാണ്ഡ്യയുടെ ​ഗുജറാത്ത് ടൈറ്റൻസും ഒക്കെ ഉൾപ്പെടുന്ന ഐപിഎൽ മത്സരം. കമന്ററി പറയുന്നത് ഹർഷാ ബോ​ഗ്ലെ. യൂട്യൂബിൽ മത്സരം ലൈവായി കാണിക്കുകയും ചെയ്തു. പക്ഷെ മത്സരം ക്വാർട്ടറിലേക്ക് കടന്നതോടെ പോലീസ് പിടികൂടിയെന്നു മാത്രം. ​ഗുജറാത്തിലെ മൊളിപൂർ ​ഗ്രാമത്തിലെ 21 പേരാണ് വ്യാജമായി ഐപിഎൽ സംഘടിപ്പിച്ചത്. പോലീസ് പിടികൂടിയതോടെയാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു വന്നത്. കർഷകരും യുവാക്കളുമാണ് പണം നേടാൻ തട്ടിപ്പ് നടത്തിയത്.

ശരിക്കും ഐപിഎൽ മത്സരം കഴിഞ്ഞ ശേഷമായിരുന്നു ഇവർ വ്യാജ ഐപിഎൽ നടത്തിയത്. മൂന്നാഴ്ച്ച മത്സരം നടന്നു. യൂട്യൂബിൽ മത്സരം കാണിച്ച് വാതുവെപ്പ് നടത്തുകയായിരുന്നു ഇവർ. ഇതിനായി ടെല​ഗ്രാം ഗ്രൂപ്പും തുടങ്ങിയിരുന്നു. ബെറ്റിങ്ങിൽ താൽപര്യമുള്ളവരിൽ നിന്ന് പണം തട്ടുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ റഷ്യക്കാരായ നിരവധിപ്പേരിൽ നിന്ന് ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് പോലീസ് നൽകുന്ന വിവരം. കളിക്കാരായി കർഷകരെ വാടകക്ക് എടുത്താണ് ജേഴ്സി ധരിപ്പിച്ച് കളത്തിലിറക്കിയത്. മത്സരം യൂ ട്യൂബിൽ കാണിക്കുന്നതിന് ഇവർ ക്യാമറയിൽ മത്സരം ചിത്രീകരിച്ചു. അമ്പെയർമാരുടെ കൈയിൽ വാക്കി ടോക്കി ഉൾപ്പെടെയുള്ളവ നൽകി. മീററ്റിൽ നിന്നുള്ള മിമിക്രി കലാകാരനെകൊണ്ടാണ് ഹർഷാ ബോ​ഗ്ലെയുടെ ശബ്​ദം അനുകരിപ്പിച്ച് കമന്ററി നൽകിയത്. കാണികളുടെ ശബ്ദം ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുകയായിരുന്നു.

ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊളിപുർ ​ഗ്രാമത്തിലാണ് വ്യാജ ഐപിഎൽ മത്സരം നടന്നത്. ഇന്ത്യൻ പ്രീമിയർ ലീ​ഗ് എന്നതിന് പകരം ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീ​​ഗ് എന്നായിരുന്നു ഇവരുടെ മത്സരത്തിന്റെ പൂർണരൂപം. ശരിക്കും മത്സരം നടക്കുന്നു എന്ന് തോന്നിക്കാൻ പിച്ചും ബൗണ്ടറിയിൽ ഹാലജൻ ലൈറ്റുകളും സ്ഥാപിച്ചു. എച്ച് ഡി ക്യാമറകളും വാക്കി ടോക്കികളും പോലീസ് പിടിച്ചെടുത്തു.

Story Highlights : Fake IPL organized in Gujarat; 20 people were arrested

Next Story