Top

​ഗുജറാത്തിലെ തട്ടിപ്പ് ക്രിക്കറ്റ് ലീ​ഗ്; നടന്നത് വൻ ആസൂത്രണം; ഒരു മത്സരത്തിന് കൊടുത്തത് 400 രൂപ; കൂടുതൽ വിവരങ്ങൾ പുറത്ത്

12 July 2022 5:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

​ഗുജറാത്തിലെ തട്ടിപ്പ് ക്രിക്കറ്റ് ലീ​ഗ്; നടന്നത് വൻ ആസൂത്രണം; ഒരു മത്സരത്തിന് കൊടുത്തത് 400 രൂപ; കൂടുതൽ വിവരങ്ങൾ പുറത്ത്
X

ഗുജറാത്തിൽ നടന്ന ക്രിക്കറ്റ് ലീ​ഗ് തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐപിഎൽ മതൃകയിൽ ​ഗുജറാത്തിലെ ​ഗ്രാമത്തിലായിരുന്നു തട്ടിപ്പ് മത്സരം. റഷ്യയിലെ വാതുവെപ്പുകാരിൽ നിന്ന് പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്രിക്കറ്റ് ലീ​ഗിന്റെ സംഘാടകരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.

പോലീസ് പറയുന്നതനുസരിച്ച് ഷോയിബ് ദാവ്ദയുടെ നേതൃത്വത്തിലാണ് തട്ടിപ്പ്. റഷ്യയിലെ ബാർ ജീവനക്കാരനായിരുന്ന ഷോയ്ബ് ഇവിടെ വെച്ച് വാതുവെപ്പിന്റെ വിവരങ്ങൾ മനസ്സിലാക്കി. തുടർന്ന് ഇന്ത്യയിലേക്കെത്തിയ ഇദ്ദേഹം വിശദമായ പദ്ധതി തയ്യാറാക്കി. തട്ടിപ്പിനായി അഹമ്മദാബാദിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറം മോലിപ്പൂർ ​ഗ്രാമത്തിൽ കൃഷിസ്ഥലം വാടകക്ക് എടുത്തു. പിച്ച് തയ്യാറാക്കി ​ഗ്രൗണ്ടിന് ചുറ്റും ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ച് വൻകിട ക്രിക്കറ്റ് ലീ​ഗിന്റെ കെട്ടും മട്ടും ഉണ്ടാക്കി. പിന്നീട് തൊഴിൽ രഹിതരേയും കർഷകരേയും കളിക്കാരായി വാടകക്ക് എടുത്ത് ടീമുണ്ടാക്കി. ഓരോ മത്സരത്തിനും 400 രൂപയായിരുന്നു കൂലി. കളിക്കാർക്ക് ഐപിഎൽ ടീമുകളുടേത് പോലെ ജഴ്സി ധരിപ്പിച്ചാണ് കളിക്കളത്തിലിറക്കിയത്. അംമ്പെയർമാർക്ക് വോക്കി ടോക്കി ഉൾപ്പെടെയുള്ളയും നൽകി. ടീമുകൾക്ക് ഐപിഎൽ മാതൃകയിൽ തന്നെ പേരുകളും ഷോയ്ബ് നൽകിയിരുന്നു. എച്ച്ഡി ക്യാമറയിൽ മത്സരങ്ങൾ ചിത്രീകരിച്ച് യൂട്യൂബിൽ സംപ്രേക്ഷണം ചെയ്തു. ഇതോടെ മത്സരം കണ്ടവർ ഇന്ത്യയിൽ ഐപിഎൽ മാതൃകയിൽ വൻകിട ക്രിക്കറ്റ് ലീ​ഗ് നടക്കുന്നുണ്ടെന്ന് തെറ്റിദ്ധരിച്ചു.ഇന്ത്യയിലെ ക്രിക്കറ്റ് കളികളെക്കുറിച്ച് ധാരണയില്ലാത്ത വിദേശികളായിരുന്നു ഷോയ്ബിന്റെ ലക്ഷ്യം. വിശ്വാസ്യതക്ക് വേണ്ടി ഹർഷാ ബോഗ്ലയുടെ ശബ്ദത്തില്‍ കമന്‍ററിയും ഗ്രാഫിക്സും നല്‍കിയിരുന്നു.

യൂട്യൂബിൽ കാണികളെ കിട്ടിയതോടെ ഷോയിബ് വാതുവെപ്പ് ആരംഭിച്ചു. റഷ്യയിലുള്ള ആസിഫ് വഴിയാണ് വാതുവെപ്പ് നടത്തിയത്. പമ്പുകളിൽ കളിയുമായി ബന്ധപ്പെട്ട് നടക്കുന്ന വാതുവെപ്പിന്റെ വിവരങ്ങൾ അവിടെ നിന്നുള്ളവർ തന്നെ ഇവർക്ക് ചോർത്തിയും നൽകി. വിവരങ്ങൾ അറിയിക്കാനായി ടെല​ഗ്രാം ​ഗ്രൂപ്പും ആരംഭിച്ചു. അടുത്ത ബോൾ വൈഡോ നോ ബോളോ തുടങ്ങിയ കാര്യങ്ങളിലൊക്കെ ബെറ്റ് നടന്നു. എന്ത് കാര്യത്തിലാണ് ബെറ്റ് നടക്കുന്നതെന്ന് ടെലി​ഗ്രാം ​ഗ്രൂപ്പ് വഴി ക്രിക്കറ്റ് സംഘാടകർക്ക് കിട്ടി. ഈ വിവരം വോക്കി ടോക്കി വഴി സംഘാടകർ അംമ്പെയർമാർക്ക് കൈമാറും. അംമ്പെയർമാർ കളിക്കാർക്ക് അടുത്ത പന്തിൽ എന്ത് ചെയ്യണമെന്ന് നിർ‍ദേശം നൽകി. കളിക്കാർ സംഘാടകർക്ക് പണം കിട്ടുന്ന രീതിയിൽ കളിക്കും. ഇത്തരത്തിൽ മത്സരത്തിലും തട്ടിപ്പ് നടത്തിയാണ് ഇവർ പണം നേടിയത്. ക്വാർട്ടർ ഫൈനൽ വരെ ടൂർണമെന്റ് നീണ്ടപ്പോഴായിരുന്നു പോലീസ് പിടികൂടിയത്. ഇവർ മൂന്ന് ലക്ഷം രൂപ വരെ തട്ടിയെടുത്തായിട്ടാണ് വിവരം.

Story highlights : Fake Cricket League: massive planning; 400 was paid per match; More info out

Next Story