Top

സ്റ്റേഡിയം മഞ്ഞയണിഞ്ഞു; ഓസീസ് ഏകദിന ടീമിന് വികാര നിര്‍ഭര യാത്രയയപ്പ്

25 Jun 2022 7:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്റ്റേഡിയം മഞ്ഞയണിഞ്ഞു; ഓസീസ് ഏകദിന ടീമിന് വികാര നിര്‍ഭര യാത്രയയപ്പ്
X

പ്രതിസന്ധി കാലത്ത് ശ്രീലങ്കയില്‍ ക്രിക്കറ്റ് പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന് വികാര നിര്‍ഭരമായ യാത്രയയപ്പ്. പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു ശ്രീലങ്കന്‍ ജനതയുടെ നന്ദി പ്രകടനം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം ജയിച്ച് ശ്രീലങ്ക കപ്പ് സ്വന്തമാക്കിയിരുന്നു. അതിനാല്‍ അവസാന മത്സരത്തിലെ ഫലം പരമ്പര വിജയത്തില്‍ നിര്‍ണായകമായിരുന്നില്ല. പക്ഷെ രണ്ട് ടീമുകളേയും ഞെട്ടിച്ച് പ്രേമദാസ സ്റ്റേഡിം നിറഞ്ഞു കവിഞ്ഞു. മഞ്ഞ ടീഷര്‍ട്ടുകളണിഞ്ഞ് മഞ്ഞ പ്ലക്കാര്‍ഡുകളുമായി ആയിരക്കണക്കിനാളുകളാണ് സ്‌റ്റേഡിയത്തിലേക്കെത്തിയത്. ഓസ്‌ട്രേലിയക്ക് നന്ദി പറഞ്ഞുള്ള പ്ലക്കാര്‍ഡുകള്‍ സ്റ്റേഡിയത്തിലുടനീളം ഉയര്‍ന്നു. കാണികള്‍ 'ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയ' എന്ന് ആര്‍ത്തുവിളിക്കുകകൂടി ചെയ്തതോടെ കങ്കാരുകള്‍ ശരിക്കും ഞെട്ടി. മത്സരശേഷം മാക്‌സ്‌വെല്ലിന്റെ വാക്കുകളിലും ഇത് വ്യക്തമായി.

' വിദേശത്ത് പരമ്പര കളിക്കാനെത്തുമ്പോള്‍ ഞങ്ങളെ ശത്രു രാജ്യമായിട്ടാണ് ആരാധകര്‍ കാണാറുള്ളത്. ഗാലറിയില്‍ ഞങ്ങളെ പിന്തുക്കുന്നവര്‍ അധികമുണ്ടാകാറില്ല. എന്നാല്‍ ലങ്കയില്‍ അസുലഭ മുഹൂര്‍ത്തത്തിനാണ് സാക്ഷിയയത്. ഗാലറി നിറയെ മഞ്ഞ വസ്ത്രം ധരിച്ചലര്‍. എല്ലാവരുടേയും കൈയില്‍ ഓസ്‌ട്രേലിയയുടെ കൊടികള്‍. എല്ലാവര്‍ക്കും നന്ദി'- മാക്‌സ്‌വെല്‍ പറഞ്ഞു. മത്സരശേഷം ഓസീസ് താരങ്ങള്‍ക്ക് കാണികള്‍ക്ക് നന്ദി പറഞ്ഞു. അതേസമയം അവസാന മത്സരത്തില്‍ ഓസീസ് നാല് വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 43.1 ഓവറില്‍ 160 റണ്‍സിന് പുറത്തായി. ഓസ്‌ട്രേലിയ 39. 3 ഓവറില്‍ ശ്രീലങ്കന്‍ സ്‌കോര്‍ മറികടന്നു.

ശ്രീലങ്കയും ശ്രീലങ്കന്‍ ക്രിക്കറ്റും അടുത്തകാലത്തെങ്ങും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ശ്രീലങ്കയിലെ ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങുന്ന സ്ഥിതി വരെയുണ്ടായി.അത്തരം പ്രതിസന്ധികാലത്താണ് ശ്രീലങ്കയില്‍ ഓസ്‌ട്രേലിയ പര്യടനത്തിനെത്തിയത്. ഓസിസിനെതരെ ശ്രീലങ്ക 30 വര്‍ഷത്തിന് ശേഷം പരമ്പര സ്വന്തമാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 1996 ലോകകപ്പില്‍ ശ്രീലങ്കയില്‍ നടന്ന മത്സരങ്ങള്‍ ഓസ്‌ട്രേലിയ ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ മുത്തയ്യ മുരളീധരനെ നോ ബോള്‍ വിളിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ ഓസിസും ശ്രീലങ്കയും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു.

story highlights : An emotional farewell to Australia

Next Story