Top

കലഹിച്ചു മടങ്ങിയ പ്രതിഭയ്ക്ക് ഒരുപിടി ഓര്‍മപ്പൂക്കള്‍...

ഫുട്ബോള്‍ ഇനി എത്ര ഒഴുകിയാലും മറഡോണയെക്കാള്‍ വലിയ ഒരു താരവും പിറക്കില്ല എന്ന ഉറപ്പ് തന്നെയാണ് ഒന്നാം മരണ വാര്‍ഷികത്തിലും ഡീഗോയെ ഓര്‍ത്ത് എടുക്കുന്ന ആരാധക കൂട്ടം നല്‍കുന്നത്, കാരണം ഡീഗോ ഫുട്ബോളിലെ ഒരേയൊരു ദൈവമാണ്.

25 Nov 2021 7:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കലഹിച്ചു മടങ്ങിയ പ്രതിഭയ്ക്ക് ഒരുപിടി ഓര്‍മപ്പൂക്കള്‍...
X

പച്ച പുല്‍മൈതാനത്തിലെ ദൈവമായി ഫുട്‌ബോള്‍ ആരാധകര്‍ കണ്ട് ആരാധിച്ച ഇതിഹാസ താരം. ഫുട്ബോള്‍ കണ്ട ഏറ്റവും വലിയ നായകനും വില്ലനും... ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന ഇതിഹാസം മരണത്തെ പുല്‍കി അതിരുകളില്ലാത്ത മേഘമാലകള്‍ക്കിടയില്‍ മറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം.

മറഡോണ ഇല്ലാത്ത ഈ ഒരു വര്‍ഷവും പക്ഷേ ഫുട്‌ബോള്‍ പഴയതു പോലെ ഒഴുകി. എന്തൊക്കെയാണ് ഈ കാലയളവില്‍ ഫുട്‌ബോള്‍ ലോകം കണ്ടത്. മറഡോണയുടെ പ്രിയപ്പെട്ട അര്‍ജന്റീന പതിറ്റാണ്ടുകള്‍ക്ക് ശേഷം കോപ്പ അമേരിക്ക കിരീടം ഉയര്‍ത്തി. ചിരവൈരികളായ ബ്രസീലിനെ തോല്‍പിച്ചുള്ള ആ കിരീടധാരണം കാണാന്‍ മറഡോണ ഇല്ലാതെ പോയല്ലോ എന്നായിരുന്നു അന്ന് ഓരോ അര്‍ജന്റീന ആരാധകരുടെയും വിഷമം. മറഡോണയുടെ പ്രിയപ്പെട്ട ഇറ്റലി യൂറോ കപ്പ് നേടിയതും ഈ വര്‍ഷത്തില്‍ തന്നെയാണ്. അതും മറഡോണയുടെ ബദ്ധശത്രുക്കള്‍ ആയ ഇംഗ്ലണ്ടിനെ ഫൈനലില്‍ വീഴ്ത്തിയ ശേഷം... അങ്ങനെ ഒട്ടേറെ സംഭവങ്ങള്‍...

ഒട്ടുമിക്കതിലും മറഡോണ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ജീവിച്ചിരുന്നപ്പോള്‍ എങ്ങനെ ആരാധക ഹൃദയങ്ങളില്‍ പലപല രൂപങ്ങളില്‍ ഹീറോയായും വില്ലനായും നിറഞ്ഞുനിന്നുവോ അതുപോലെ തന്നെ മരണ ശേഷവും ഇക്കഴിഞ്ഞ ഒരാണ്ട് അദ്ദേഹം ആരാധക മനസില്‍ ജീവിച്ചിരുന്നു... ഒരു നൊമ്പരമായി...


1960 ഒക്ടോബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസിലായിരുന്നു പില്‍ക്കാലത്ത് ഫുട്ബോള്‍ മൈതാനങ്ങളിലെ ആരവങ്ങളെ ഒന്നാകെ തന്നിലേക്കാവാഹിച്ച മാറഡോണയുടെ ജനനം. ഡോണ്‍ ഡീഗോ - ഡാല്‍മ സാല്‍വദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായിരുന്നു.

ഫുട്ബോളുമായുള്ള കുഞ്ഞു മാറഡോണയുടെ ബന്ധം ആരംഭിക്കുന്നത് അവന്റെ മൂന്നാം പിറന്നാളിന് കസിനായ ബെറ്റോ സരാറ്റെയില്‍ നിന്ന് ഒരു പന്ത് സമ്മാനമായി ലഭിച്ചതോടെയാണ്. ആ പന്ത് മറ്റാരും എടുക്കാതിരിക്കാന്‍ കുഞ്ഞ് മാറഡോണ അത് ഉടുപ്പിന്റെ ഉള്ളിലാക്കിയാണ് കിടന്നുറങ്ങാറ്.

പന്തുപോലുള്ള ഭൂമിയെ മുഴുവന്‍ പന്തിന്മേലുള്ള ഇന്ദ്രജാലം കൊണ്ടു ത്രസിപ്പിക്കാനുള്ള യാത്രയുടെ തുടക്കമായിരുന്നു അത്. ഒമ്പതാം വയസില്‍ തന്റെ പ്രവിശ്യയിലെ ഏറ്റവും മികച്ച താരമെന്ന പേര് സ്വന്തമാക്കിയ മറഡോണ തന്റെ ആദ്യ ടീമായ ലിറ്റില്‍ ഒനിയനെ തുടര്‍ച്ചയായ 140 മത്സരങ്ങളിലാണ് തോല്‍വി അറിയാതെ മുന്നോട്ടു നയിച്ചത്.


12-ാം വയസില്‍ ലിറ്റില്‍ ഒനിയനിയന്‍സില്‍ നിന്ന് ലോസ് സെബോല്ലിറ്റാസ് ക്ലബിലേക്കും പിന്നീട് അര്‍ജന്റിനോസ് ജൂനിയേഴ്സ് ടീമിലേക്കും. ഒടുവില്‍ 1976-ല്‍ തന്റെ 16-ാം പറിന്നാളിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം. വലിയ കുതിപ്പിനുള്ള ചവിട്ടുപടിയായിരുന്നു അത്.

തൊട്ടടുത്ത വര്‍ഷം ആകാശനീലയും വെള്ളയും ഇടകലര്‍ന്ന ആ കുപ്പായം മറഡോണയെ തേടിയെത്തി. അര്‍ജന്റീന ദേശീയ ടീമിലേക്ക്.. ആ വര്‍ഷം ഫെബ്രുവരി 27-നായിരുന്നു രാജ്യാന്തര അരങ്ങേറ്റം, ഹംഗറിക്കെതിരേ. അര്‍ജന്റീനയുടെയും മറഡോണയുടെയും ഒന്നര പതിറ്റാണ്ടോളം നീണ്ട അവിശ്വസനീയ കുതിപ്പിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു.


കരിയറിന്റെ തുടക്കത്തില്‍ തന്നെ വിസ്മയതാരം എന്ന പേര് സമ്പാദിച്ചെങ്കിലും പ്രായക്കുറവ് കാരണം 1978-ലെ ലോകകപ്പ് ടീമില്‍ ഇടംകിട്ടിയില്ല. അരങ്ങേറി രണ്ടു വര്‍ഷത്തിനു ശേഷം 1979-ല്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേയായിരുന്നു ആദ്യ രാജ്യാന്തര ഗോള്‍.

അതേ വര്‍ഷം നടന്ന യൂത്ത് ഫുട്ബാള്‍ ലോകകപ്പില്‍ അര്‍ജന്റീനയെ നയിക്കാനുള്ള ചുമതല ലഭിച്ച മറഡോണ കിരീടവുമായാണ് മങ്ങിയെത്തിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വര്‍ണ പന്തും ലഭിച്ചു. പിന്നീട് 1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീന കുപ്പായമിട്ട മറഡോണ യൂത്ത് ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും സ്വര്‍ണപ്പന്ത് നേടിയ കളിക്കാരിലൊരാളാണ്.


1982-ലായിരുന്നു ആദ്യ ലോകകപ്പ്. രണ്ടാം റൗണ്ടില്‍ തന്നെ ടീം തോറ്റു മടങ്ങി. എന്നാല്‍ നാലു വര്‍ഷത്തിനപ്പുറം 1986-ല്‍ മെക്‌സിക്കോയില്‍ ലോകത്തോളം വളര്‍ന്ന ഡീഗോയെയാണ് കണ്ടത്. ഏറക്കെുറേ ഒറ്റയ്ക്കു തന്നെ അര്‍ജന്റീനയെ ലോകകിരീടം അണിയിച്ച ഡീഗോ ഒരേസമയം കളിക്കളത്തില്‍ ദൈവമായും ചെകുത്താനായും ഹീറോയായും വില്ലനായുമൊക്കെ മാറിമാറി അവതരിച്ചത് വിസ്മയത്തോടെയാണ് ആരാധകര്‍ കണ്ടിരുന്നത്.


മെക്‌സിക്കോയിലെ ഒറ്റയാള്‍ പ്രകടനത്തോടെ പെലെക്കൊപ്പം ആളുകള്‍ ചേര്‍ത്തുകെട്ടിയ പേരിന്റെ ഉടമ പെലെയെക്കാള്‍ കേമനെന്ന വാദം ശക്തിയാര്‍ജിച്ചു തുടങ്ങി. വിശ്വം കീഴടക്കിയ ഡീഗോ ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളിയെ ഒറ്റക്കെന്നോണം കിരീടത്തിലെത്തിച്ച് അദ്ഭുതം ആവര്‍ത്തിച്ചു. 1987ലും '90 ലും നാപ്പോളി ലീഗ് കിരീടവും '89 ല്‍ യുവേഫ കപ്പും നേടി. 90-ല്‍ അര്‍ജന്റീനയെ വീണ്ടും ലോകകപ്പ് ഫൈനലിലും എത്തിച്ചു.


91 മത്സരങ്ങളില്‍ നിന്നായി 34 രാജ്യാന്തര ഗോളുകള്‍ നേടിയ മറഡോണ അര്‍ജന്റീനോസ് ജൂനിയേഴ്സ്, ബൊക്ക ജൂനിയേഴ്സ്, ബാര്‍സലോണ, നാപ്പോളി, സെവിയ്യ, ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സ്, തുടങ്ങിയ ക്ലബുകള്‍ക്കായി ഏകദേശം 588 മത്സരങ്ങള്‍ കളിച്ചു 312 ഗോളുകളും നേടിയിട്ടുണ്ട്.

ഇതിനു ശേഷമാണ് ഉത്തേജകത്തിന്റെ മൈതാനത്തേക്ക് ഡീഗോ പാറിപ്പറന്നു പോകുന്നത്. ഒടുവില്‍ 1994 -ലെ ലോകകപ്പില്‍ ലഹരിചുവപ്പിച്ച കണ്ണുമായി കളിച്ച് ഒടുവില്‍ പിടിക്കപ്പെട്ട് തലകുനിച്ചു മടങ്ങുന്ന ആ ചിത്രം ഒരു ഫുട്‌ബോള്‍ പ്രേമിയും മറക്കില്ല. 37-ാം വയസില്‍ സംഭവബഹുലമായി ആ കരിയറിന് വിരാമമിട്ട മറഡോണ കളത്തിനു പുറത്ത് അപ്പോഴും ആഘോഷത്തിമിര്‍പ്പിലായിരുന്നു.


ജീവിത ശൈലിയും ഉത്തേജകവും എല്ലാം താളംതെറ്റിച്ചതോടെ പലതവണ മരണത്തെ മുഖാമുഖം കണ്ടെങ്കിലും കലഹിക്കാനായി പിറന്നവന്റെ ഉള്ളിലെ ജ്വലിച്ച പോരാട്ടവീര്യം അദ്ദേഹത്തെ മരണത്തിന്റെ വായില്‍ നിന്നു പിന്തിരിച്ചു നടത്തിയത് ഒരുതവണയല്ല. ഒന്നിനും കീഴടങ്ങാന്‍ തയാറാകാത്ത ആ ക്ഷുഭിത മനസ് ഒടുവില്‍ പെണ്‍മക്കളുടെ നിര്‍ബന്ധങ്ങള്‍ക്കു മുന്നില്‍ ഇടറി. അവരുടെ നിര്‍ബന്ധപ്രകാരം നല്ലകുട്ടിയായി എല്ലാ ദുശീലങ്ങളും ഉപേക്ഷിച്ചു തിരിച്ചെത്തിയപ്പോള്‍ അര്‍ജന്റീന തങ്ങളുടെ ഇതിഹാസത്തിനു വച്ചുനീട്ടിയത് ദേശീയ ടീമിന്റെ പരിശീലക കുപ്പായം.


എന്നാല്‍ കളിക്കാരനെന്ന നിലയില്‍ നേടിയ ആ കനകകിരീടം കോച്ചെന്ന നിലയില്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിനായില്ല. 2010 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ തോറ്റതോടെ സ്ഥാനം ത്യജിച്ചു. പിന്നീട് അല്‍ വാസല്‍, ഡിപോര്‍ട്ടിവോ റിയെസ്ട്ര, ഫുജെയ്റ, ഡൊറാഡോസ് ഡെ സിനാലോ, ജിംനാസിയ ഡെ ലാ പ്ലാറ്റ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചു.

ഒടുവില്‍ ജീവിതത്തിന്റെ കളിക്കളത്തില്‍ നിന്ന് 60-ാം മിനിറ്റില്‍ ദൈവം ഡീഗോയെ പിന്‍വലിച്ചു. തന്റെ 60-ാം വയസില്‍ 2020 നവംബര്‍ 25-ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിക്വെ ലുയാനിലെ ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം. അന്ന് ആ മരണ വാര്‍ത്ത് അറിഞ്ഞു ഹൃദയം വിങ്ങിക്കരഞ്ഞത് അങ്ങ് അര്‍ജന്റീനയിലും ഇറ്റലിയിലെ നേപ്പിള്‍സിലുമുള്ളവര്‍ മാത്രമല്ല, ലോകം ഒന്നടങ്കമുള്ള ഫുട്‌ബോള്‍ ആരാധകരായിരുന്നു. കാരണം മറഡോണ തീര്‍ത്ത പ്രപഞ്ചം അത്രക്ക് അത്ഭുതകരമായിരുന്നു.


വ്യക്തിജീവിതത്തിലെ കറകള്‍ ഒന്നും മറഡോണ എന്ന ഫുട്ബോള്‍ ദൈവത്തെ ആരാധിക്കുന്നതില്‍ നിന്നു ആരാധകരെ തടയുന്നില്ല. ഫുട്ബോള്‍ ഇനി എത്ര ഒഴുകിയാലും മറഡോണയെക്കാള്‍ വലിയ ഒരു താരവും പിറക്കില്ല എന്ന ഉറപ്പ് തന്നെയാണ് ഒന്നാം മരണ വാര്‍ഷികത്തിലും ഡീഗോയെ ഓര്‍ത്ത് എടുക്കുന്ന ആരാധക കൂട്ടം നല്‍കുന്നത്, കാരണം ഡീഗോ ഫുട്ബോളിലെ ഒരേയൊരു ദൈവമാണ്.

Next Story