Top

ആരാധകഹൃദയം കീഴടക്കിയ ആ നിമിഷങ്ങളുടെ റീപ്ലേ ഇതാ

ഒളിമ്പിക്‌സ്, യൂറോ കപ്പ് ഫുട്‌ബോള്‍, കോപ്പാ അമേരിക്ക ഫുട്‌ബോള്‍, ക്രിക്കറ്റ് ലോകകപ്പ്, ഫുട്‌ബോള്‍-ക്രിക്കറ്റ് ലീഗുകള്‍, ആഷസ് ക്രിക്കറ്റ് പരമ്പര, ഇന്ത്യ-പാകിസ്താന്‍ പോരാട്ടം... ഒരു തികഞ്ഞ കായിക പ്രേമിക്ക് എല്ലാം തികഞ്ഞ ഒരു 'സ്‌പോര്‍ട്‌സ് പാക്കേജ്' ആണ് 2021 നല്‍കിയത്.

30 Dec 2021 1:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരാധകഹൃദയം കീഴടക്കിയ ആ നിമിഷങ്ങളുടെ റീപ്ലേ ഇതാ
X

അടച്ചിടപ്പെട്ട ലോകത്തു നിന്നുള്ള മോചനമായിരുന്നു 2021 കായികപ്രേമികള്‍ക്ക്. ആളും ആരവുമില്ലാതെ പോയ മൈതാനങ്ങള്‍ കണ്ടു മനംമടുത്തിരുന്ന അവര്‍ക്ക് പ്രതീക്ഷിച്ചതിലും മികച്ച മുഹൂര്‍ത്തങ്ങള്‍ കണ്ടാനന്ദിക്കാന്‍ അവസരം ലഭിച്ച വര്‍ഷം. 2020-ല്‍ കോവിഡ് എന്ന രാജ്യാന്തര മഹാമാരി കാരണം ലോകം ഒന്നടങ്കം ചെറിയ ബൗണ്ടറിക്കുള്ളില്‍ ഒതുങ്ങിക്കൂടിയപ്പോള്‍ കായികപ്രേമികളെ സംബന്ധിച്ച് അവരുടെ ജീവിതത്തില്‍ 2020 എന്നൊരു വര്‍ഷമേ ഇല്ലാതെ പോയി.

ഓര്‍മിക്കാന്‍ ഒന്നുമില്ലാത്ത, ആനന്ദിക്കാന്‍ ഒന്നുമില്ലാത്ത, പഴയ മത്സരങ്ങളുടെ റീപ്ലേകള്‍ കണ്ടുമടുത്ത ആ ദിനരാത്രങ്ങളില്‍ നിന്നു മോചനവുമായാണ് 2021 എത്തിയത്. ഒളിമ്പിക്‌സ്, യൂറോ കപ്പ് ഫുട്‌ബോള്‍, കോപ്പാ അമേരിക്ക ഫുട്‌ബോള്‍, ക്രിക്കറ്റ് ലോകകപ്പ്, ഫുട്‌ബോള്‍-ക്രിക്കറ്റ് ലീഗുകള്‍, ആഷസ് ക്രിക്കറ്റ് പരമ്പര, ഇന്ത്യ-പാകിസ്താന്‍ പോരാട്ടം... ഒരു തികഞ്ഞ കായിക പ്രേമിക്ക് എല്ലാം തികഞ്ഞ ഒരു 'സ്‌പോര്‍ട്‌സ് പാക്കേജ്' ആണ് 2021 നല്‍കിയത്.

കഴിഞ്ഞ 364 ദിനങ്ങളിലേക്ക് കണ്ണോടിച്ചാല്‍ 2020-ല്‍ കാണാന്‍ കൊതിച്ച ഒട്ടേറെ മുഹൂര്‍ത്തങ്ങളെ തേടിപ്പിടിക്കാം. അതില്‍ അഭിമാനം തുളുമ്പിയ, ഞെട്ടിച്ച, വൈകാരികമായ, പകവീട്ടിയ, അമ്പരപ്പിച്ച ഒട്ടേറെ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഒരു റീപ്ലേയിലെന്നപോലെ കാണാന്‍ കഴിയും. 2022-ന്റെ കിക്കോഫ് വിസില്‍ കേള്‍ക്കും മുമ്പ് ആ റീപ്ലേ ഒന്നുകണ്ടുവരാം.


കോട്ട തകര്‍ത്ത് തുടക്കം; ഗാബയില്‍ പിറന്ന ചരിത്രം

2021-ന്റെ തുടക്കത്തില്‍ത്തന്നെ ലോകമെങ്ങുമുള്ള മൈതാനങ്ങള്‍ തുറന്നെങ്കിലും കോവിഡ് എന്ന വില്ലന്റെ സാന്നിദ്ധ്യം പലയിടത്തും ആരാധകരെ സ്‌റ്റേഡിയത്തില്‍ എത്തുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്നു. അതിനാല്‍ത്തന്നെ പ്രതിരോധത്തിലൂന്നിയുള്ള വിരസമായ ഒരു ഫുട്‌ബോള്‍ മത്സരം പോലെയായിരുന്നു തുടക്കം.

എന്നാല്‍ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകാന്‍ അധികം വൈകിയില്ല. ജനുവരിയില്‍ തന്നെ ഐതിഹാസിക ജയം കുറിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടങ്ങിയത്. പതിറ്റാണ്ടുകളായി ശ്രമിച്ചിട്ടും കീഴടക്കാന്‍ കഴിയാതെ പോയ ഓസ്‌ട്രേലിയയുടെ ഗാബ എന്ന കോട്ട കീഴടക്കിയ ടീം ഇന്ത്യ 2021-ന് ചാരുതയേറിയ തുടക്കം സമ്മാനിച്ചു.

നാലു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഗാബയില്‍ നടന്ന അവസാന ടെസ്റ്റില്‍ മൂന്നു വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസീസ് മണ്ണില്‍ പരമ്പര നേടി. 2-1 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ ജയം. പരുക്കിനെത്തുടര്‍ന്നു മുന്‍നിര താരങ്ങളുടെ എല്ലാം അഭാവത്തില്‍ യുവനിരയെ വച്ചാണ് ഇന്ത്യ ഓസീസിനെ വീഴ്ത്തിയതെന്നതും ശ്രദ്ധേയമായി.


വില്യംസന്റെ ചിരിയും കിവികളുടെ ചിറകടിയും

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിലൂടെ ഗ്യാലറിയില്‍ ആരവങ്ങള്‍ മടങ്ങിയെത്തി. ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയ ഫൈനല്‍ പ്രതീക്ഷിച്ചത്ര ആവേശം ഉണര്‍ത്തിയില്ലെങ്കിലും ന്യൂസിലന്‍ഡ് എന്ന ടീമും കെയ്ന്‍ വില്യംസണ്‍ എന്ന നായകനും കാത്തിരുന്ന ഐ.സി.സി. കിരീടം സ്വന്തമാക്കിയതാണ് 2021-ലെ ആദ്യ ആഹ്‌ളാദ മുഹൂര്‍ത്തം.

ജൂണ്‍ 128 മുതല്‍ 23 വരെ സതാംപ്ടണില്‍ നടന്ന ഫൈനലില്‍ എട്ടു വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ തോല്‍പിച്ചു പ്രഥമ ഐ.സി.സി. കിരീടം നേടിയത്. ഏഴു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസണായിരുന്നു ഇന്ത്യയെ തകര്‍ത്തത്. തോല്‍വിയോടെ ഒരിക്കല്‍ക്കൂടി ഐ.സി.സി. ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടാനാകാതെ തലകുനിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ചിത്രം ഇന്ത്യന്‍ ആരാധകര്‍ക്ക് നോവായി.


പൊന്നില്‍ തീര്‍ത്ത ചരിത്രം

ഓരോ ഇന്ത്യക്കാരനും ഇത് അഭിമാനം കൊണ്ട് വിജൃംഭിതരായ വര്‍ഷം കൂടിയാണ് 2021. ലോക കായിക മാമാങ്കമായ ഒളിമ്പിക്സിന്റെ അത്ലറ്റിക്സ് വേദിയില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങിയ വര്‍ഷം. സാക്ഷാല്‍ മില്‍ഖാ സിങ്ങിനും പി.ടി. ഉഷയ്ക്കും നേടാനാകതെ പോയത് 130 കോടി ജനതയ്ക്കായി, ഇന്ത്യയെന്ന മഹാരാജ്യത്തിനായി നീരജ് ചോപ്രയെന്ന 23-കാരന്‍ സ്വന്തമാക്കിയ വര്‍ഷം.

100 വര്‍ഷം പിന്നിട്ട ഒളിമ്പിക്സ് ചരിത്രത്തില്‍ അത്ലറ്റിക്സില്‍ ഇതാദ്യമായി ഇന്ത്യ ഒരു സ്വര്‍ണ മെഡല്‍ നേടി. പുരുഷ വിഭാഗം ജാവലിന്‍ ത്രോയിലാണ് നീരജ് ചരിത്രം എറിഞ്ഞിട്ടത്. 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഇന്ത്യയുടെ അഭിമാനതാരം മെഡല്‍ പോഡിയത്തിലേക്ക് കയറിയത്. 1956-ല്‍ മില്‍ഖയ്ക്കും 1984-ല്‍ ഉഷയ്ക്കും സെക്കന്‍ഡുകളുടെ നൂറിലൊരംശത്തിന് നഷ്ടമായ വെങ്കല മെഡലിന് ആയിരമിരട്ടി തിളക്കം നല്‍കി പൊന്നാക്കി മാറ്റുകയായിരുന്നു യുവതാരം.

നീരജിന്റെ നേട്ടത്തിനു പുറമേ പുരുഷ വിഭാഗം ഹോക്കിയില്‍ വെങ്കലം നേടിയതും വനിതാ വിഭാഗം ഹോക്കിയില്‍ നാലാം സ്ഥാനത്തെത്തിയതും ഇന്ത്യക്ക് തിളക്കമുള്ള ഓര്‍മയാണ്. പുരുഷ ഹോക്കിയിലൂടെ പി.ആര്‍. ശ്രീജേഷ് കേരളത്തിന്റെയും അഭിമാനതാരമായി. മാത്രമല്ല ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍വേട്ടയുമായാണ് ഇന്ത്യ ടോക്യോയില്‍ നിന്നു മടങ്ങിയത്. ഏഴു മെഡലുകളാണ് ഇന്ത്യ ഇക്കുറി സ്വന്തമാക്കിയത്.


നിലച്ചുപോയ ഹൃദയവും നിറഞ്ഞുതൂവിയ കണ്ണുകളും

കാല്‍പ്പന്ത് പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ ആവേശം നിറച്ച യൂറോയും കോപ്പയും ഉണ്ടായിരുന്നു ഈ വര്‍ഷം. ഒരേസമയം നടന്ന രണ്ടു ടൂര്‍ണമെന്റുകളും ഫുട്‌ബോള്‍ പ്രേമികളുടെ പകലിരവുകള്‍ ആവേശകരമാക്കി. യൂറോയില്‍ ഇറ്റലിയും കോപ്പയില്‍ അര്‍ജന്റീനയും മുത്തമിട്ടപ്പോള്‍ രണ്ടുപേരാണ് 2021-ല്‍ ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഫുട്‌ബോള്‍ ആവേശത്തിന്റെ തുടിപ്പിനിടയില്‍ അല്‍പനേരം മിടിക്കാന്‍ മറന്നുപോയ ഹൃദയത്തിനുടമയാണ് ആദ്യത്തെയാള്‍. യൂറോ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരം ആരും ജീവിതകാലത്ത് മറക്കാനിടയില്ല.

മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണത് നടുക്കത്തോടെയാണ് ആരാധകര്‍ കണ്ടത്. ഗ്രൗണ്ടില്‍ വച്ചു തന്നെ നായകന് പ്രാഥമിക ശുശ്രുഷകള്‍ നല്‍കി മരണത്തിന്റെ വായില്‍ നിന്നു തിരിച്ചുപിടിച്ച ഡെന്‍മാര്‍ക്ക് താരങ്ങള്‍ സമചിത്തതയോടെ പിന്നീട് കളിപൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യാതിര്‍ത്തികള്‍ മറന്ന് കായികപ്രേമികള്‍ ഒന്നടങ്കം കൈയടിച്ചു. യൂറോ കപ്പില്‍ ഇറ്റലി ജേതാക്കളായെങ്കിലും ആരാധകരുടെ മനസ് കീഴടക്കിയ ടീം അങ്ങനെ ഡെന്‍മാര്‍ക്ക് ആയി.


കാത്തുകാത്തിരുന്ന കിരീടം ഒടുവില്‍ കൈകളില്‍ എത്തിയപ്പോള്‍ ഫുട്‌ബോളിന്റെ രാജാവാണെന്നതു മറന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പിയ ഇതിഹാസ താരം ലയണല്‍ മെസിയാണ് ആരാധകര്‍ ഈ വര്‍ഷം നെഞ്ചേറ്റിയ മറ്റൊരാള്‍. അര്‍ജന്റീനയുടെ 28 വര്‍ഷത്തെ കിരീടവരള്‍ച്ചയ്ക്കു അറുതി വരുത്തിയാണ് മെസിയും സംഘവും ചിരവൈരികളായ ബ്രസീലിനെ തോല്‍പിച്ചു കോപ്പാ അമേരിക്ക കിരീടം ചൂടിയത്.

ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ വീഴ്ത്തിയത്. മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കാണാതെ പോയ കളിപ്പാട്ടം തിരിച്ചുകിട്ടിയ കുട്ടിയെക്കണക്ക് ഗ്രൗണ്ടില്‍ മുട്ടുകുത്തി വിതുമ്പുന്ന മെസിയുടെ ചിത്രം 2021-ലെ ഏറ്റവും ഹൃദ്യമായ ചിത്രമായി. ഈ ആഹ്‌ളാദക്കണ്ണീരുണങ്ങും മുമ്പേ ഒരു വ്യാഴവട്ടം നീണ്ട ബന്ധം ഉപേക്ഷിച്ചു സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായ പിരിഞ്ഞു മെസി വിതുമ്പിക്കരയുന്നതിനും 2021 സാക്ഷ്യം വഹിച്ചു.


വെര്‍സ്റ്റപ്പാ... എന്തൊരുവേഗമപ്പാ

വേഗതയെ ഇഷ്ടപ്പെടുന്ന ഫോര്‍മുല വണ്‍ ആരാധകര്‍ക്ക് ഇതിഹാസ താരം മൈക്കല്‍ ഷുമാക്കര്‍ക്കു ശേഷം ലഭിച്ച 'പൊന്‍മുത്ത്' ആണ് ലൂയിസ് ഹാമില്‍ട്ടണ്‍. തുടരെ നാലുതവണയുള്‍പ്പടെ ഏഴു തവണ ലോകചാമ്പ്യന്‍ഷിപ്പ് നേടിയ ഹാമില്‍ട്ടണ് എതിരാളികള്‍ ഇല്ലായിരുന്നു 2021 വരെ.

ഇക്കുറി തന്റെ എട്ടാം കിരീടവും ലോകറെക്കോഡും നേടുമെന്ന് ഹാമില്‍ട്ടണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആരും അതിനെ അഹങ്കാരമായി കാണാഞ്ഞതും അതുകൊണ്ടുതന്നെ. എന്നാല്‍ ഹാമില്‍ട്ടന്റെ ആധിപത്യം അവസാനിക്കുന്നതിനും മറ്റൊരു താരോദയത്തിനും 2021 സാക്ഷിയായി.

സീസണിലെ അവസാന ഗ്രാന്‍പ്രിയിലെ അവസാന ലാപ്പില്‍ റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവര്‍ മാക്‌സ് വേര്‍സ്റ്റപ്പന്റെ വേഗതയ്ക്കു മുന്നില്‍ ഹാമില്‍ട്ടണ്‍ കീഴടങ്ങി. ഷുമാക്കര്‍ക്കൊപ്പം നില്‍ക്കുന്ന ഹാമില്‍ട്ടണെ തോല്‍പിച്ച് വെര്‍സ്റ്റപ്പന്‍ കിരീടം ചൂടിയത് 2021-ലെ കായികമുഹൂര്‍ത്തങ്ങളിലെ ഏറ്റവും ആവേശകരമായ നിമഷങ്ങളിലൊന്നാണ്.


കൗമാരക്കാരികളുടെ യു.എസ്. ഓപ്പണ്‍

ടെന്നീസ് ആരാധകരെ 2021-ല്‍ ആവേശത്തിരയിലാറാടിച്ചത് രണ്ട് കൗമാരിക്കാരികളാണ്. യോഗ്യതാ റൗണ്ട് കളിച്ച് യു.എസ്. ഓപ്പണിന് എത്തിയ ബ്രിട്ടീഷ് താരം പതിനെട്ടുകാരിയായ എമ്മ റാഡുകാനുവും കാനഡയുടെ പത്തൊന്‍പതുകാരി ലെയ്ല ഫെര്‍ണാണ്ടസുമായിരുന്നു അവര്‍.

യോഗ്യത കളിച്ചെത്തി ഫൈനല്‍ കളിക്കുന്ന ആദ്യ താരങ്ങളായി മാറി ഇരുവരും. തുടര്‍ന്നു നടന്ന ഫൈനലില്‍ 6-4, 6-3 എന്ന സ്‌കോറിന് ജയിച്ച് റാഡുകാനു കിരീടം ചൂടി. തോറ്റെങ്കിലും ആരാധക ഹൃദയം കവര്‍ന്നു തന്നെയാണ് ലെയ്‌ല മടങ്ങിയത്.


ധോണിയുടെ മടങ്ങിവരവ്; ചെന്നൈയുടെയും

ലോകമെങ്ങും ആരാധകരുള്ള ക്രിക്കറ്റ് ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. കോവിഡിനെത്തുടര്‍ന്ന് 2020-ല്‍ നാടുകടത്തപ്പെട്ട ഐ.പി.എല്ലിന് ഇക്കുറിയും സ്വസ്ഥമായി നാട്ടില്‍നില്‍ക്കാനായില്ല. ഇന്ത്യയിലും യു.എ.ഇയിലുമായി രണ്ടു ഘട്ടമായി നടന്ന ഇത്തവണത്തെ ഐ.പി.എല്‍. സീസണ്‍ സാക്ഷ്യം വഹിച്ചത് ഐതിഹാസികമായ ഒരു തിരിച്ചുവരവിനാണ്.

ഐ.പി.എല്‍. ചരിത്രത്തില്‍ തിളങ്ങുന്ന ചരിത്രമുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മഹേന്ദ്ര സിങ് ധോണിയെന്ന ക്യാപ്റ്റന്‍ കൂളിന്റെയും തിരിച്ചുവരവിന്. 2020-ല്‍ പോയിന്റ്് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലേക്ക് വീണു വയസന്‍ പടയെന്ന പരിഹാസം കേട്ട് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നു കരുതിയ ടീം ഇക്കുറി ജേതാക്കളായാണ് മടങ്ങിയത്.

യു.എ.ഇയില്‍ നടന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിനു തോല്‍പിച്ചാണ് സൂപ്പര്‍ കിങ്‌സ് തങ്ങളുടെ നാലാം കിരീടം നേടിയത്. ഈ ടൂര്‍ണമെന്റ് നായകന്‍ ധോണിയുടെ അവസാന ഐ.പി.എല്‍. ആകുമോയെന്ന ആശങ്ക ആരാധകര്‍ക്ക് ഉണ്ടായിരുന്നെങ്കിലും ധോണി തന്നെ പിന്നീട് അത് നിരാകരിച്ചു.


ഇന്ത്യക്കുമേല്‍ ഒരു പാക് ജയം

മോക്കാ മോക്കാ എന്ന പരസ്യം ഒരുതവണയെങ്കിലും കാണാത്ത ക്രിക്കറ്റ് പ്രേമികള്‍ ഇന്ത്യയിലും പാകിസ്താനിലും ഉണ്ടാകില്ല. ഐ.സി.സി. ലോകകപ്പില്‍ പാകിസ്താനു മേല്‍ ഇന്ത്യയുടെ മേല്‍കൈ അരക്കിട്ട് ഉറപ്പിക്കുന്ന പരസ്യമായിരുന്നു അത്. 12 തവണ ഏറ്റുമുട്ടിയപ്പോഴും വിജയം കാണാന്‍ കഴിയാതെ പോയ പാകിസ്താന്റെ വിവശത വിവരിക്കുന്ന ചിത്രീകരണം.

എന്നാല്‍ ഇനി ആ പരസ്യം കാണാന്‍ കഴിയില്ല. കാരണം ലോകകപ്പില്‍ ആദ്യമായി ഇന്ത്യ പാകിസ്താനോടു തോല്‍ക്കുന്നതിനും 2021 സാക്ഷ്യം വഹിച്ചു. യു.എ.ഇയില്‍ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ പാകിസ്താന്‍ ആധികാരികമായി തോല്‍പിച്ചു; പത്തുവിക്കറ്റിന്.

മുന്‍നിര തകര്‍ന്നശേഷം നായകന്‍ കോഹ്ലിയുടെ മികവില്‍ ഇന്ത്യ നേടിയ 151 റണ്‍സ് വിക്കറ്റ് നഷ്ടപ്പെടുത്താതെ പാക് നായകന്‍ ബാബര്‍ അസമും ഓപ്പണര്‍ മുഹമ്മദ് റിസ്വാനും ചേര്‍ന്നു പിന്തുടര്‍ന്ന് മറികടക്കുകയായിരുന്നു. മത്സരശേഷം റിസ്വാനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്ന ഇന്ത്യന്‍ നായകന്‍ കോഹ്ലിയുടെ ചിത്രം സ്‌പോര്‍ട്‌സിന് അതിര്‍ത്തികളും രാഷ്ട്രീയവും ഇല്ലെന്ന് തെളിയിക്കുന്നതായിരുന്നു.


വാര്‍ണറിന്റെ ലോകകപ്പ്; ഓസ്‌ട്രേലിയയുടെയും

ഒരു ലോകകപ്പിലും ഓസ്‌ട്രേലിയയെ ദുര്‍ബലരായി ആരും കരുതിയിട്ടില്ല. അതുപോലെ തന്നെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ കാര്യവും. ബാറ്റിങ്ങിനിറങ്ങുന്ന വാര്‍ണറിനെ ആരും ഇന്നുവരെ ഭയക്കാതിരുന്നിട്ടുമില്ല. എന്നാല്‍ ഇതുരണ്ടും 2021-ല്‍ സംഭവിച്ചു.

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഓസീസിന് ആരും സാധ്യത കല്‍പിച്ചിരുന്നില്ല. അവര്‍ക്കായി ഇന്നിങ്‌സ് തുറക്കുന്ന ഡേവിഡ് വാര്‍ണറാകട്ടെ സീസണിലെ സൂപ്പര്‍ ഫ്‌ളോപ്പ് എന്ന പരിഹാസം നേരിടുന്നയാളും. എന്നാല്‍ നവംബര്‍ 14-ന് ദുബായിയില്‍ നടന്ന ഫൈനലിന്റെ ഫലം വന്നപ്പോള്‍ വിജയപീഠത്തില്‍ അവരായിരുന്നു.

ന്യൂസിലന്‍ഡിനെ എട്ടുവിക്കറ്റിനു തോല്‍പിച്ച് ഓസീസ് ടി20 കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ താരം ഡേവിഡ് വാര്‍ണറായരുന്നു. പഴക്കമേറിയ വീഞ്ഞിന് വീര്യം കൂടുമെന്നു ലോകം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍.


അജാസിന്റെ പെര്‍ഫക്ട് ടെന്‍

22 വര്‍ഷങ്ങള്‍ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ അപൂര്‍വ നേട്ടം വീണ്ടം സംഭവിക്കുന്നത് കാണാനും ആരാധകര്‍ക്ക് 2021 അവസരമൊരുക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിങ്‌സിലെ 10 വിക്കറ്റും നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന ബഹുമതി ഈ വര്‍ഷം അവസാനമാണ് ന്യൂസിലന്‍ഡ് താരം അജാസ് പട്ടേല്‍ സ്വന്തമാക്കിയത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മുംബൈയില്‍ നടന്ന രണ്ടാം മത്സരത്തിലാണ് അജാസ് ഈ നേട്ടം സ്വന്തമാക്കിയത്. 47.5 ഓവറില്‍ 119 റണ്‍സ് വഴങ്ങിയാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കൊയ്തത്. ഇതിനു മുമ്പ് ഇംഗ്ലണ്ട് താരം ജിം ലേക്കറും ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.


കോട്ട കീഴടക്കി കോഹ്ലിപ്പട

ടീം ഇന്ത്യ ഒരു കോട്ട തകര്‍ത്തു കീഴടക്കുന്നത് കണ്ടുകൊണ്ടാണ് 2021 തുടങ്ങിയതെങ്കില്‍ അവസാനിക്കുന്നതും അങ്ങനെ തന്നെ. ഓസ്‌ട്രേലിയയിലെ ഗാബയും ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സും വീണപ്പോഴും ഇന്ത്യക്കു മുന്നില്‍ കീഴടങ്ങാതിരുന്ന ദക്ഷിണാഫ്രിക്കയുടെ അഭിമാനക്കോട്ടയായ സെഞ്ചൂറിയന്‍ വിരാട് കോഹ്ലിയും സംഘവും ആക്രമിച്ചു കീഴടക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 113 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ കുറിച്ചത്. സൂപ്പര്‍സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന ദിനം വെറും 191 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ ഈ വേദിയില്‍ ആദ്യമായി ഒരു ടെസ്റ്റ് ജയിക്കുന്ന ഏഷ്യന്‍ രാജ്യവുമായി ഇന്ത്യ.

Next Story