Top

മറഡോണയുടെ കൈ സ്പര്‍ശമേറ്റ 'അസ്റ്റെക്ക', ബ്രസീലിനെ കരയിച്ച 'ബ്രസൂക്ക'; ലോകകപ്പ് പന്തുകളുടെ ചരിത്രം

1966 മുതലാണ് ലോകകപ്പിന് ഔദ്യോഗിക പന്ത് എന്ന ആശയം ഉരുത്തിരിഞ്ഞത്. ഓറഞ്ച് എന്നായിരുന്നു 66 ലോകകപ്പില്‍ അരങ്ങേറിയ ഔദ്യോഗിക പന്തിന്റെ പേര്.

31 March 2022 3:32 PM GMT
ശ്യാം ശശീന്ദ്രന്‍

മറഡോണയുടെ കൈ സ്പര്‍ശമേറ്റ അസ്റ്റെക്ക, ബ്രസീലിനെ കരയിച്ച ബ്രസൂക്ക; ലോകകപ്പ് പന്തുകളുടെ ചരിത്രം
X

വംശ-ജാതീയ-രാഷ്ട്രീയ വൈരം മറന്ന് ലോകം ഒന്നിക്കുന്ന മാമാങ്കവേദിയാണ് ഫുട്ബോള്‍ ലോകകപ്പ്. ഒരോ ലോകകപ്പ് എത്തുമ്പോഴും ലോകം ഒരു പന്തിന് പിറകേ പായും. ഊണും ഉറക്കവുമെല്ലാം പിന്നീട് അതിന്റെ ഗതിവേഗങ്ങള്‍ക്കനുസരിച്ചാകും. ഇതിനിടയില്‍ പലേ ചര്‍ച്ചകളും വിവാദങ്ങളും നൊമ്പരങ്ങളും ഉണ്ടാകും. സര്‍വരേയും ഒന്നിപ്പിച്ച ആ പന്തിനേക്കുറിച്ചും അത് ഉണ്ടായേക്കാം.

1930 മുതല്‍ക്കാണ് ഇങ്ങനെ ഒരു പന്ത് ലോകത്തെ മോഹിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അന്ന് പ്രത്യേകിച്ച ഒരു പന്തില്ലായിരുന്നു. അവരവര്‍ കളിക്കുന്ന പന്തുകളുമായാണ് ടീമുകളെല്ലാം ലോകകപ്പിന് എത്തിയത്. ഓരോ മത്സരങ്ങള്‍ക്കും ഓരോ പന്ത് എന്ന രീതിയിലായിരുന്നു ഫൈനല്‍ വരെ.

പക്ഷേ ഫൈനലില്‍ കളിച്ച ഉറുഗ്വായ്ക്കും അര്‍ജന്റീനയും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമായി. ഒടുവില്‍ ആദ്യ പകുതിയില്‍ അര്‍ജന്റീന അവരുടെ സ്വന്തം പന്തും രണ്ടാം പകുതിയില്‍ ഉറുഗ്വെ, അവരുടെ പന്തുമായി കളിക്കാന്‍ തീരുമാനമായി. ഒന്നാം പകുതിയില്‍ സ്വന്തം പന്തുമായി കളിച്ച അര്‍ജന്റിന 2-1ന് ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ സ്വന്തം പന്തുമായി കളിച്ച ഉറുഗ്വെ 4-2ന് മല്‍സരവും ആദ്യ ലോകകപ്പും സ്വന്തമാക്കുകയായിരുന്നു.

1966 മുതലാണ് ലോകകപ്പിന് ഔദ്യോഗിക പന്ത് എന്ന ആശയം ഉരുത്തിരിഞ്ഞത്. ഓറഞ്ച് എന്നായിരുന്നു 66 ലോകകപ്പില്‍ അരങ്ങേറിയ ഔദ്യോഗിക പന്തിന്റെ പേര്. ഇത്തവണ അഡിഡാസിന്റെ അല്‍റിഹ്ലയാണ് താരം. ഈ സാഹചര്യത്തില്‍ മുന്‍ ലോകകപ്പുകളില്‍ ഉപയോഗിച്ച് ഏറെ ശ്രദ്ധേയാകര്‍ഷിച്ച ഏഴു മികച്ച പന്തുകളെ ഒരിക്കല്‍ കൂടി ഓര്‍ക്കാം.


1. ഓറഞ്ച്(ഇംഗ്ലണ്ട് 1966)

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പന്താണിത്. പന്തിന്റെ ഓറഞ്ച് നിറം തന്നെയാണ് അതിന്റെ സവിശേഷത. ആദ്യമായി ടി വി സംപ്രേക്ഷണം നടത്തിയത് 1966 ലോകകപ്പിലാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സംപ്രേക്ഷണത്തില്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് തിരിച്ചറിയുന്നതിനായാണ് പന്തിന് ഓറഞ്ച് നിറം തിരഞ്ഞെടുത്തതെന്നാണ് കരുതപ്പെടുന്നത്.


2, ടെല്‍സ്റ്റാര്‍ ഡര്‍ലാസ്റ്റ്(പശ്ചിമ ജര്‍മ്മനി 1974)

അഡിഡാസിന്റെ ഐക്കണായി മാറിയ പന്താണ് ടെല്‍സ്റ്റാര്‍ സീരീസിലുള്ളത്. 1970 മുതലാണ് ഇത് വന്നതെങ്കിലും 74-ല്‍ ഉപയോഗിച്ച ഡെര്‍ലാസ്റ്റാണ് ഇതില്‍ കേമന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലാണ് പൊതുവെ ഇത് ലഭ്യം. റിനെസ് മൈക്കിള്‍സ് ജന്മം നല്‍കി പിന്നീട് യൂറോപ്പിലെങ്ങും തരംഗമായ ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്ബോളിന് കരുത്തേകിയതും ഈ ടെല്‍സ്റ്റാറായിരുന്നു.


3, ഫീവര്‍നോവ(കൊറിയ/ജപ്പാന്‍ 2002)

1978 മുതല്‍ ആറു ലോകകപ്പുകളില്‍ ഉപയോഗിച്ചുവന്ന ക്ളാസിക് ടാന്‍ഗൊ(പഞ്ചഭുജാകൃതിയിലുള്ള കറുപ്പും വെളുപ്പും തുകല്‍ തുന്നിച്ചേര്‍ത്ത് നിര്‍മിച്ചത്) പന്തുകള്‍ക്ക് പകരമായാണ് ഏഷ്യയിലെ ആദ്യ ലോകകപ്പില്‍ ഫീവര്‍നോവ പന്തുകള്‍ അവതരിപ്പിക്കുന്നത്. വെള്ളയും സ്വര്‍ണ നിറവും കലര്‍ന്ന ഡിസൈനായിരുന്നു അതിന്റെ സവിശേഷത. എന്നാല്‍ ഫീവര്‍നോവയ്ക്ക് ബൗണ്‍സ് ഏറെയാണെന്ന് ചൂണ്ടിക്കാട്ടി, ഇറ്റാലിയന്‍ ഗോളി ബഫണ്‍ ഉള്‍പ്പടെയുള്ള കളിക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.


4, അസ്റ്റെക്ക(മെക്സിക്കോ 1986)

ടാന്‍ഗോ സ്റ്റൈലില്‍ രൂപകല്‍പന ചെയ്ത അസ്റ്റെകയുടെ സവിശേഷത, ലതര്‍ ഉപയോഗിച്ച് നിര്‍മ്മിക്കാത്ത ആദ്യ ലോകകപ്പ് പന്താണെന്നതാണ്. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച് ഗോളുകള്‍ പിറന്നത് ഈ പന്തിലാണ്. ഇതിഹാസ താരം മറഡോണയുടെ വിവാദമായ ദൈവത്തിന്റെ കൈ സ്പര്‍ശമേറ്റ പന്തും നൂറ്റാണ്ടിന്റെ ഗോള്‍ പിറന്ന പന്തും ഇതു തന്നെ.


5. ടീംജീസ്റ്റ്(ജര്‍മനി 2006)

ജര്‍മന്‍ ഫുട്ബോളിന്റെ അവിസ്മരണീയ നേട്ടങ്ങളുടെ ഓര്‍മപുതുക്കലായാണ് ടീംജീസ്റ്റ് പന്ത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് രൂപകല്‍പന അവരുടെ ദേശീയതയെയും സുവര്‍ണ വരകള്‍ പ്രമുഖ ടൂര്‍ണമെന്റ് വിജയങ്ങളെയും സൂചിപ്പിക്കുന്നു.


6.) ബ്രസൂക്ക(ബ്രസീല്‍ 2014)

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടി സാംബാ താളം ലോകമെങ്ങും മുഴക്കിയ ബ്രസീലിന്റെ മണ്ണില്‍ ലോകകപ്പ് എത്തിയപ്പോള്‍ അഡിഡാസ് രൂപകല്‍പ്പന ചെയ്ത പന്താണ് ബ്രസൂക്ക. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഫുട്‌ബോള്‍ ആരാധകര്‍ 'നാമകരണം' ചെയ്ത പന്തും ബ്രസൂക്കയാണ്. മികച്ച പന്തടക്കവും വേഗതയും കൊണ്ട് താരങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടതായി ബ്രസൂക്ക. ബൊലോ ഹൊറിസോണ്ടയില്‍ സ്വന്തം കാണികളുടെ മുന്നില്‍ ബ്രസീലിയന്‍ വലയില്‍ ഏഴു തവണ കയറിയിറങ്ങിയതും ഇതേ ബ്രസൂക്കയാണ്.


7.) ടെല്‍സ്റ്റാര്‍ -18(റഷ്യ-2018)

നീണ്ട ഇടവേളയ്ക്കു ശേഷം അഡിഡാസ് തങ്ങളുടെ ടെല്‍സ്റ്റാര്‍ സീരിസിലേക്ക് തിരികെ എത്തിയത് 2018 റഷ്യ ലോകകപ്പിലാണ്. പഴയ ഓര്‍മയില്‍ കറുപ്പും വെളുപ്പും നിറത്തില്‍ അണിയിച്ചൊരുക്കിയ ടെല്‍സ്റ്റാര്‍-18ന്റെ നീക്കങ്ങള്‍ കാണാന്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാണികളാണ് ഒഴുകിയെത്തിയത്. എന്നാല്‍ വിവാദങ്ങളിലും ഈ പന്ത് മുന്നിലായിരുന്നു. ഗോള്‍കീപ്പര്‍മാരായ മാര്‍ക്ക് ആന്ദ്രെ ടെര്‍സ്റ്റീഗന്‍, പെപ്പെ റെയ്‌ന, ഡേവിഡ് ഡി ഹിയ തുടങ്ങിയവര്‍ പന്തിന്റെ അപ്രതീക്ഷിത ഗതിമാറ്റത്തെയും തെന്നി നീങ്ങുന്ന പ്രതലത്തെയും ഏറെ വിമര്‍ശിച്ചിരുന്നു.

Next Story