Top

പാല തന്നില്ലെങ്കില്‍ നിലപാടെന്താകണം?; എന്‍സിപിയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നത; പിളര്‍പ്പിന്റെ വക്കില്‍

എന്നാല്‍ പാലാ സീറ്റിനെച്ചൊല്ലി മാണി സി കാപ്പന്‍ വിഭാഗം മുന്നണി വിട്ടാല്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഇവരെ അനുകൂലിക്കാനാണ് സാധ്യത. സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററും ഈ വിഭാഗത്തിന് തന്നെ പിന്തുണ നല്‍കും.

21 Dec 2020 9:07 PM GMT

പാല തന്നില്ലെങ്കില്‍ നിലപാടെന്താകണം?; എന്‍സിപിയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നത; പിളര്‍പ്പിന്റെ വക്കില്‍
X

പാലാസീറ്റിനെച്ചൊല്ലി എന്‍സിപിയ്ക്കുള്ളില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിയ്ക്ക് കിട്ടിയില്ലെങ്കില്‍ എന്ത് നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടത് എന്നതിനെച്ചൊല്ലിയാണ് ഭിന്നത. മാണി സി കാപ്പന്‍ എംഎല്‍എയായ പാലാ പാര്‍ട്ടിയ്ക്ക് വിട്ടുനല്‍കില്ലെങ്കില്‍ മുന്നണി വിട്ട് യുഡിഎഫില്‍ ചേരാന്‍ ഒരുവിഭാഗം തയ്യാറെടുക്കുമ്പോള്‍ ശശീന്ദ്രന്‍ വിഭാഗം പാലായ്ക്കായി പാര്‍ട്ടിയെ എന്തിന് ബലി കൊടുക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പിളര്‍പ്പ് മുന്നില്‍ക്കണ്ട് എന്‍സിപിയിലെ ഇരുവിഭാഗങ്ങളും ശക്തി വര്‍ധിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാലാ സീറ്റിനെച്ചൊല്ലി മാണി സി കാപ്പന്‍ വിഭാഗം മുന്നണി വിട്ടാല്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഇവരെ അനുകൂലിക്കാനാണ് സാധ്യത. സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററും ഈ വിഭാഗത്തിന് തന്നെ പിന്തുണ നല്‍കും. എന്നാല്‍ ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ മുന്നണിയില്‍ നിന്നകലുന്നത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നുമാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ വാദം.

മാണി സി കാപ്പന്‍ മുന്നണി വിടുമെന്നുളള പ്രചാരണത്തെ എകെ ശശീന്ദ്രന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പരസ്യമായി നിഷേധിച്ചിരുന്നു. പാലാ നിയമസഭ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ നേരത്തെ പറഞ്ഞിരുന്നു. വിട്ടുവീഴ്ച ചെയ്യാന്‍ താനോ എന്‍സിപിയോ തയ്യാറല്ല എന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.

പാലായില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു. തനിക്ക് ലഭിച്ച ഭൂരിപക്ഷം ലഭിച്ചില്ല. പാലാ വിട്ടു കൊടുക്കുന്ന പ്രശ്നമുദിക്കുന്നില്ല. പാലായിലെ ഫലം ജോസ് കെ മാണിക്ക് അനുകൂലമല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.

Next Story