Top

ബിജെപിക്ക് അടിക്കടി തിരിച്ചടി; ഏക്‌നാഥ് ഖഡ്‌സെക്ക് പിന്നാലെ പങ്കജ മുണ്ടെയും പാര്‍ട്ടി വിട്ടേക്കും

മുംബൈ: ബിജെപി ദേശീയ സെക്രട്ടറിയും മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന പങ്കജ മുണ്ടെ ബിജെപി വിടുന്നതായുള്ള അഭ്യൂഹം ശക്തം. പങ്കജ മുണ്ടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി വേദി പങ്കിട്ടതിന് പിന്നാലെയാണ് പ്രചാരണം. ചൊവ്വാഴ്ച്ച പൂനെയില്‍ കരിമ്പ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ശരദ് പവാറിനൊപ്പം പങ്കജ മുണ്ടെയും എത്തിയിരുന്നു. ഇതിന് പുറമേ കഴിഞ്ഞ ദിവസം ശരദ് പവാറിനെ പ്രശംസിച്ചുകൊണ്ടുള്ള പങ്കജ മുണ്ടെയുടെ ട്വീറ്റും ബിജെപി വിടുകയാണെന്ന പ്രചാരണത്തിന് ആക്കം കൂട്ടി. ‘ഹാറ്റ്‌സ് ഓഫ് ശരദ് പവാര്‍. […]

29 Oct 2020 1:50 AM GMT

ബിജെപിക്ക് അടിക്കടി തിരിച്ചടി; ഏക്‌നാഥ് ഖഡ്‌സെക്ക് പിന്നാലെ പങ്കജ മുണ്ടെയും പാര്‍ട്ടി വിട്ടേക്കും
X

മുംബൈ: ബിജെപി ദേശീയ സെക്രട്ടറിയും മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന പങ്കജ മുണ്ടെ ബിജെപി വിടുന്നതായുള്ള അഭ്യൂഹം ശക്തം. പങ്കജ മുണ്ടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി വേദി പങ്കിട്ടതിന് പിന്നാലെയാണ് പ്രചാരണം. ചൊവ്വാഴ്ച്ച പൂനെയില്‍ കരിമ്പ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ശരദ് പവാറിനൊപ്പം പങ്കജ മുണ്ടെയും എത്തിയിരുന്നു.

ഇതിന് പുറമേ കഴിഞ്ഞ ദിവസം ശരദ് പവാറിനെ പ്രശംസിച്ചുകൊണ്ടുള്ള പങ്കജ മുണ്ടെയുടെ ട്വീറ്റും ബിജെപി വിടുകയാണെന്ന പ്രചാരണത്തിന് ആക്കം കൂട്ടി. ‘ഹാറ്റ്‌സ് ഓഫ് ശരദ് പവാര്‍. കൊവിഡ് കാലത്ത് പോലും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യാത്ര ചെയ്യുന്നതിനുമുള്ള താങ്കളുടെ ആര്‍ജ്ജവം പ്രശംസനീയമാണ്.’ എന്നായിരുന്നു പങ്കജ മുണ്ടെയുടെ പരാമര്‍ശം. ഞാന്‍ വ്യത്യസ്തമായ ഒരു പാര്‍ട്ടിയിലും പ്രത്യയ ശാസ്ത്രത്തിലും വിശ്വസിക്കുന്ന വ്യക്തിയാണെങ്കില്‍ കൂടി കഠിനപ്രയത്‌നം നടത്തുന്നവരെ ബഹുമാനിക്കണമെന്നാണ് എന്റെ പിതാവ് പഠിപ്പിച്ചിട്ടുള്ളതെന്നും പങ്കജ മുണ്ടെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവായിരുന്ന ഏക്‌നാഥ് ഖഡ്‌സെ എന്‍സിപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പങ്കജ മുണ്ടെയും പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.

മഹാരാഷ്ട്രയിലെ ബീഡില്‍ സംഘടിപ്പിച്ച ദസ്‌റ റാലിയിലും പങ്കജ മുണ്ടെ പാര്‍ട്ടിക്കെതിരെ പരോക്ഷമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയിലെ ചിലര്‍ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു പങ്കജ് മുണ്ടൈയുടെ പരാമര്‍ശം. പ്രളയം ബാധിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്ക് 1000 കോടിയുടെ പുനരുദ്ധാര പാക്കേജ് അനുവദിച്ച ഉദ്ധവ് താക്കറെയുടെ നടപടി അഭിനന്ദാര്‍ഹമാണെന്നും പങ്കജ മുണ്ടെ പറഞ്ഞിരുന്നു.

പങ്കജ മുണ്ടെ പാര്‍ട്ടി നടപടികളില്‍ അസ്വസ്ഥയാണെന്ന് പ്രവര്‍ത്തകര്‍ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഖഡ്‌സെയെ പോലെ പാര്‍ട്ടി വിടുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

Next Story