‘നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്തുനിന്നും വീഴ്ച്ച’; പ്രതിപക്ഷത്തെ അപമാനിക്കുന്ന ചോദ്യത്തിന് സ്പീക്കറുടെ റൂളിംഗ്
മനപ്പൂർവ്വമല്ലാത്ത ഒരു വീഴ്ച നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതായി എംബി രാജേഷ് വ്യക്തമാക്കി.
8 Jun 2021 2:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: പ്രതിപക്ഷത്തെ അപമാനിക്കുന്ന ചോദ്യം അനുവദിച്ചതിൽ സ്പീക്കറുടെ റൂളിംഗ്. പരാമർശ വിധേയമായ ചോദ്യത്തിനുള്ള നോട്ടീസ് പരിശോധിച്ച് അനുമതി നൽകുന്ന കാര്യത്തിൽ വേണ്ടത്ര അവധാനത പുലർത്തിയില്ലെന്ന ആക്ഷേപം വിശദമായി പരിശോധിച്ചതിൽ, മനപ്പൂർവ്വമല്ലാത്ത ഒരു വീഴ്ച നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതായി എംബി രാജേഷ് വ്യക്തമാക്കി.
സ്പീക്കറുടെ റൂളിംഗ്
2021 ജൂൺ മാസം 7ാം തീയതി സഭ മുമ്പാകെ വന്ന നക്ഷത്രച്ചിഹ്നമിട്ട 3ാം നമ്പർ ചോദ്യത്തിനുള്ള നോട്ടീസിന് അനുമതി നല്കിയ വേളയിൽ വേണ്ടത്ര അവധാനത പുലർത്തിയില്ലെന്നും ചോദ്യത്തിലെ ഉള്ളടക്കം നിയമസഭാ നടപടി ചട്ടങ്ങളിലെ ചട്ടം 36(2) (എ), (സി), (ഡി) എന്നിവയുടെ ലംഘനമാണെന്നും അതുകൊണ്ട് പ്രസ്തുത ചോദ്യം അന്നേദിവസത്തെ ചോദ്യങ്ങളുടെ ലിസ്റ്റിൽനിന്നും ഒഴിവാക്കണമെന്നും കാണിച്ച് ബഹുമാനപ്പെട്ട അംഗം ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) കത്തു നല്കിയിരുന്നു. ഇക്കാര്യം ഒരു ക്രമപ്രശ്നമായി ഉന്നയിക്കുവാൻ അനുമതി തേടിക്കൊണ്ട് ബഹുമാനപ്പെട്ട അംഗം ശ്രീ. പി.ടി. തോമസും ചെയറിന് കത്തു നല്കിയിരുന്നു. ചോദ്യോത്തരവേള ആരംഭിക്കുന്നതിനു മുമ്പായി ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും ഇതേ വിഷയം ഉന്നയിക്കുകയുണ്ടായി. ഈ വിഷയം സംബന്ധിച്ച് സഭയിൽ ഉയർന്നുവന്ന പൊതുവായ വികാരം വിലയിരുത്തിക്കൊണ്ട് അക്കാര്യം പ്രത്യേകമായി പരിശോധിക്കാമെന്ന് ചെയർ സഭയെ അറിയിക്കുകയും ചെയ്തിരുന്നു.
നമുക്കൊക്കെ അറിയാവുന്നതുപോലെ നിയമസഭാ നടപടി ചട്ടങ്ങളിലെ ചട്ടം
36 (2) (എ) മുതൽ (യു) വരെയുള്ള വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് ചോദ്യങ്ങൾ സംബന്ധിച്ച നോട്ടീസുകൾക്ക് അനുമതി നല്കിയിരുന്നത്. അപ്രകാരം ലഭിക്കുന്ന നോട്ടീസുകളിൽ പലപ്പോഴും വാദങ്ങളോ, അഭ്യൂഹങ്ങളോ, വ്യാജോക്തികളോ, ആരോപണങ്ങളോ, വിശേഷണങ്ങളോ, അപകീർത്തിപരമായ സ്റ്റേറ്റ്മെന്റുകളോ ഒക്കെ കടന്നുകൂടാറുണ്ട്. അത്തരം പ്രയോഗങ്ങൾ ഒഴിവാക്കിയാണ് അന്തിമമായി ചോദ്യങ്ങൾക്ക് അനുമതി നൽകി വരുന്നത്. പലപ്പോഴും അത്തരം ഒഴിവാക്കലുകൾക്കെതിരെ ചോദ്യകർത്താക്കൾ പരാതിപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.
ഇവിടെ പരാമർശ വിധേയമായ ചോദ്യത്തിനുള്ള നോട്ടീസ് പരിശോധിച്ച് അനുമതി നൽകുന്ന കാര്യത്തിൽ വേണ്ടത്ര അവധാനത പുലർത്തിയില്ലെന്ന ആക്ഷേപം വിശദമായി പരിശോധിച്ചതിൽ, മനപ്പൂർവ്വമല്ലാത്ത ഒരു വീഴ്ച നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതായി ചെയർ മനസ്സിലാക്കുന്നു. കോവിഡ് വ്യാപനകാലമായതിനാൽ മിതമായ തോതിലുള്ള സ്റ്റാഫ് അംഗങ്ങളുടെ സേവനം മാത്രമാണ് ഈ സമ്മേളനകാലത്ത് നിയമസഭാ സെക്രട്ടേറിയറ്റിൽ ലഭ്യമായിരുന്നത്. ആയതും ഇത്തരത്തിലുള്ള ഒരു പിശക് സംഭവിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് കാണുന്നു.
ചോദ്യങ്ങൾ അഡ്മിറ്റ് ചെയ്യുന്ന കാര്യത്തിൽ ഇനി മുതൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണെന്നും ഇത്തരത്തിലുള്ള വീഴ്ചകൾ ആവർത്തിക്കുന്നതിനെതിരേ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നുമുള്ള അറിയിപ്പ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നല്കുന്നതാണ്. ചോദ്യങ്ങൾക്ക് നോട്ടീസ് തയ്യാറാക്കുന്ന ബഹുമാനപ്പെട്ട അംഗങ്ങളും ചട്ടം നിഷ്കർഷിക്കുന്ന വിധത്തിൽ അവ തയ്യാറാക്കി സമർപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നുകൂടി ചെയർ ഓർമ്മിപ്പിക്കുന്നു.
- TAGS:
- K Babu
- LDF
- MB rajesh
- Niyamasabha
- UDF