കേരളത്തിലെ സാമൂഹിക ചലനങ്ങളില്‍ പങ്കുവഹിച്ച, ഉന്നത ജീവീത മാതൃകയായിരുന്നു പി കെ വാര്യര്‍: സ്പീക്കര്‍ എം ബി രാജേഷ്
തിരുവനന്തപുരം: കേരളത്തിലെ ആയുര്‍വേദ ചികിത്സയ്ക്കും ആയുര്‍വേദം ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും വലിയ സംഭാവനകള്‍ നല്‍കിയ ആചാര്യനായിരുന്നു ഡോ. പി കെ വാര്യരെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ആയുര്‍വേദത്തിന്റെ മറുവാക്കായിരുന്നു പി കെ വാര്യര്‍. ആയുര്‍വേദം ഒരു ചികിത്സാക്രമം എന്ന നിലയിലും, ആധുനിക വിദ്യാഭ്യാസത്തില്‍ ആയുര്‍വേദത്തിന് ശക്തമായിട്ടുള്ള ഒരു സ്ഥാനം നല്‍കുന്നതിനും അദ്ദേഹം മുഖ്യമായിട്ടുള്ള പങ്ക് വഹിച്ചു. ആറ് ദശാബ്ദത്തില്‍ അധികമായിട്ടുള്ള കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ അധിപനായ പി കെ വാര്യര്‍ കേരളത്തിലെ ഉന്നത ജീവിത മാതൃകകളില്‍ ഒരാളാണ്. […]
10 July 2021 3:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: കേരളത്തിലെ ആയുര്‍വേദ ചികിത്സയ്ക്കും ആയുര്‍വേദം ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും വലിയ സംഭാവനകള്‍ നല്‍കിയ ആചാര്യനായിരുന്നു ഡോ. പി കെ വാര്യരെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ആയുര്‍വേദത്തിന്റെ മറുവാക്കായിരുന്നു പി കെ വാര്യര്‍. ആയുര്‍വേദം ഒരു ചികിത്സാക്രമം എന്ന നിലയിലും, ആധുനിക വിദ്യാഭ്യാസത്തില്‍ ആയുര്‍വേദത്തിന് ശക്തമായിട്ടുള്ള ഒരു സ്ഥാനം നല്‍കുന്നതിനും അദ്ദേഹം മുഖ്യമായിട്ടുള്ള പങ്ക് വഹിച്ചു.
ആറ് ദശാബ്ദത്തില്‍ അധികമായിട്ടുള്ള കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ അധിപനായ പി കെ വാര്യര്‍ കേരളത്തിലെ ഉന്നത ജീവിത മാതൃകകളില്‍ ഒരാളാണ്. ഡോ പി കെ വാര്യരുടെ എളിമയും ഉയര്‍ന്ന ചിന്തയും പുതിയ ആശയങ്ങള്‍ സ്വീകരിക്കാനുള്ള ഹൃദയവിശാലതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി നിര്‍ത്തിയിരുന്നു. കേരളത്തിലെ സാമൂഹ്യ ചലനങ്ങളില്‍ പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും സാമൂഹ്യ രംഗത്തെ പ്രമുഖരും ആയി വളരെ അടുത്ത ഹൃദയ ബന്ധം സ്ഥാപിക്കുകയും ചെയ്ത മഹാനായ ഒരു ആചാര്യനായിരുന്നു പത്മഭൂഷന്‍ ഡോക്ടര്‍ പി കെ വാര്യരെന്നും സ്പീക്കര്‍ അനുസ്മരിച്ചു.
നഷ്ടമായത് ആയുര്‍വേദ രംഗത്തെ കുലപതിയെ: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ആയുര്‍വേദ ആചാര്യന്‍ പി കെ വാര്യരുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. ആയുര്‍വേദ രംഗത്തെ കുലപതിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. രാജ്യം അദ്ദേഹത്തെ പദ്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിച്ചിരുന്നു. ആയുര്‍വേദത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് അദ്ദേഹത്തെ ലോക യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആയുഷ് വകുപ്പ് ആദരിച്ചിരുന്നു. നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.
വൈദ്യത്തിന് മാനവികതയുടെ മുഖം നൽകിയ വിശ്വപൗരന്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
ആയുർവേദ കുലപതിയും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി കെ വാര്യരുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി അനുശോചിച്ചു.
വൈദ്യത്തിന് മാനവികതയുടെ മുഖം നൽകിയ വിശ്വപൗരനാണ് അദ്ദേഹം.സഹാനുഭൂതിയും കരുണയും കൈമുതലാക്കിയ സവിശേഷ വ്യക്തിത്വം.ആയുർവേദ ചികിത്സയുടെ പെരുമ ലോകമെമ്പാടും എത്തിച്ച ധിഷണാശാലി.പ്രവർത്തന പന്ഥാവിൽ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം പ്രകൃതിയുമായി ഇണങ്ങിയ ചികിത്സാ രീതിയാണ് പിന്തുടർന്നത്.
ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് പി കെ വാര്യർ നൽകിയ സംഭാവനകൾ മാനിച്ചും ആറുദശാബ്ദക്കാലത്തെ നിസ്തുല സേവനം മുൻനിർത്തിയും കണ്ണൂർ ആറളം വനപ്രദേശത്ത് കണ്ടെത്തിയ അപൂർവയിനം സസ്യത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. ലോകം മുഴുവൻ അംഗീകരിക്കുന്ന പി കെ വാര്യരുടെ വേർപാട് വൈദ്യമേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരൻ പറഞ്ഞു.
കേരളം ലോകത്തിന് സമ്മാനിച്ച പ്രതിഭ: ജോസ് കെ മാണി
കേരളം ലോകത്തിന് സമ്മാനിച്ച വൈദ്യശാസ്ത്ര കുലപതിയാണ് ഡോ. പി കെ വാര്യരെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ആയുർവേദത്തിൽ സമഗ്ര ചികിത്സാ സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ഡോ. വാര്യരാണ്. അദ്ദേഹത്തിൻറെ രചനകളും പ്രഭാഷണങ്ങളും ആയുർവേദ വൈദ്യ ശാസ്ത്രത്തെ ലോക ശ്രദ്ധയിലെത്തിച്ചു. കോട്ടയ്ക്കൽ എന്ന ഗ്രാമം കേരളത്തിൻറെ ബ്രാൻറ് നെയിം ആയത് ഡോ പി.കെ. വാര്യരുടെ പ്രതിഭാവിലാസം കൊണ്ടാണ്.
സ്നേഹവും മനുഷ്യത്വവും തുല്യത്തിൽ ചാലിച്ചാണ് അദ്ദേഹം ചികിത്സ നടത്തിയിരുന്നത്. ആ യാത്ര അവസാനിച്ചിരിക്കുന്നത് ശതപൂർണിമയിലാണ്. സത്യം ,ധർമം, മാനവികത എന്ന അടിസ്ഥാന മൂല്യങ്ങളിൽ പദമൂന്നി നിന്ന് തൻറെ ജീവിതലക്ഷ്യം പൂർത്തിയാക്കിയ ഡോ. പി കെ വാര്യരുടെ ഓർമ്മകൾ തലമുറകൾക്ക് മാതൃകയായി, എന്നും നമുക്കൊപ്പമുണ്ടാകട്ടെയെന്ന് ജോസ് കെ മാണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Also Read: പികെ വാര്യർ ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്ക് നയിച്ച ഭിഷഗ്വരൻ; മുഖ്യമന്ത്രി