കലാപം: ദക്ഷിണാഫ്രിക്ക കത്തുന്നു; 72 മരണം, വ്യാപകമായ കൊള്ള
ദക്ഷിണാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തില്‍ മരണം 72 പിന്നിട്ടു. മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ കോടതിയലക്ഷ്യ കേസില്‍ ജയിലിലടച്ചതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ വിവിധ ഇടങ്ങളില്‍ അക്രമങ്ങള്‍ ആരംഭിച്ചത്. വ്യാപകമായ കൊള്ളയും കൊള്ളിവയ്പ്പുമാണ് അക്രമങ്ങള്‍ രൂക്ഷമായ സൊവേറ്റോയില്‍ അരങ്ങേറിയത്. സൗത്താഫ്രിക്കയിലെ വലിയ ടൗണ്‍ഷിപ്പും നെല്‍സണ്‍ മണ്ടേലയുടെ നാടായ സൊവേറ്റോ കലാപത്തില്‍ പൂര്‍ണമായും നശിച്ച നിലയാണ്. എടിഎമ്മുകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. ഹോട്ടലുകളും, കടകളും മദ്യ വില്‍പന ശാലകളും വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചവരെ ഏകദേശം 200 ലധികം ഷോപ്പിങ് […]
13 July 2021 8:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദക്ഷിണാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തില്‍ മരണം 72 പിന്നിട്ടു. മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ കോടതിയലക്ഷ്യ കേസില്‍ ജയിലിലടച്ചതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ വിവിധ ഇടങ്ങളില്‍ അക്രമങ്ങള്‍ ആരംഭിച്ചത്. വ്യാപകമായ കൊള്ളയും കൊള്ളിവയ്പ്പുമാണ് അക്രമങ്ങള്‍ രൂക്ഷമായ സൊവേറ്റോയില്‍ അരങ്ങേറിയത്.
സൗത്താഫ്രിക്കയിലെ വലിയ ടൗണ്‍ഷിപ്പും നെല്‍സണ്‍ മണ്ടേലയുടെ നാടായ സൊവേറ്റോ കലാപത്തില്‍ പൂര്‍ണമായും നശിച്ച നിലയാണ്. എടിഎമ്മുകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. ഹോട്ടലുകളും, കടകളും മദ്യ വില്‍പന ശാലകളും വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചവരെ ഏകദേശം 200 ലധികം ഷോപ്പിങ് മാളുകളാണ് കൊള്ളയടിക്കപ്പെട്ടത്.
അക്രമം നേരിടാന്‍ സൈന്യം ഉള്‍പ്പെടെ രംഗത്തുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 800 പേര്‍ അറസ്റ്റിലായിട്ടുണ്ട്. സോവെറ്റോയിലെ ഒരു ഷോപ്പിംഗ് സെന്റര്‍ കൊള്ളയടിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് തിങ്കളാഴ്ച രാത്രി 10 പേര്‍ കൊല്ലപ്പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കലാപത്തിന് നേതൃത്വം നല്‍കിയയെന്ന് സംശയിക്കുന്ന 12 പേരെ തിരിച്ചറിഞ്ഞതായും മൊത്തം 1,234 പേരെ കസ്റ്റഡിയിലുണ്ടെന്നുമാണ് ദക്ഷിണാഫ്രിക്കന്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചത്.
1990 ന് ശേഷം ദക്ഷിണാഫ്രിക്ക കണ്ട ഏറ്റവും വലിയ അക്രമ സംഭവങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ അരങ്ങേറുന്നത് എന്നായിരുന്നു പ്രസിഡന്റ് സിറില്‍ റമാഫോസ കലാപത്തോട് പ്രതികരിച്ചത്.
കൊള്ളയും അതിക്രമവും ഈ നിലയില്‍ തുടരുകയാണെങ്കില്‍, അടിസ്ഥാന ഭക്ഷ്യവിതരണങ്ങള്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ താറുമാറാവാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നാല്‍രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ രാഷ്ട്രീയ നായകനായ ജേക്കബ് സുമയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന റോഡുകള്‍ ഉപരോധിച്ച് കൊണ്ട് ആരംഭിച്ച പ്രതിഷേധമാണ് കലാപത്തിലേക്ക് തിരിഞ്ഞത്. കുറഞ്ഞ വരുമാന നിലവാരവും തൊഴിലില്ലായ്മയുമാണ് യുവാക്കളെ തെരുവിലിറങ്ങാന്‍ ഇടയാക്കിയത്.
കോടതിയലക്ഷ്യ കേസില്‍ 15 മാസത്തെ തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ ജയിലിലടയ്ക്കപ്പെട്ടത്. കേസില്‍ സുമയെ ജയിലധികൃതര്‍ക്ക് കൈമാറാന്‍ പൊലീസിന് അനുവദിച്ചിരുന്ന സമയം ബുധനാഴ്ച അര്‍ധരാത്രി അവസാനിക്കുന്നതിന് 40 മിനിറ്റ് മുമ്പായാണ് 79കാരനായ സുമ സ്വമേധയാ കീഴടങ്ങുകയായിരുന്നു.
രാജ്യത്തെ പരമോന്നത കോടതിയായ കോണ്‍സ്റ്റിറ്റിയൂഷണല്‍ കോര്‍ട്ട് കഴിഞ്ഞമാസമാണ് കോടതിയലക്ഷ്യ കേസില്‍ ജേക്കബ് സുമക്ക് തടവുശിക്ഷ വിധിച്ചത്. 2009-2018 കാലത്ത് പ്രസിഡന്റായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണ കമ്മീഷനുമായി സഹകരിക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു ശിക്ഷ വിധിച്ചത്. സുമയുടേത് അസഹനീയവും വിചിത്രവുമായ നടപടിയെന്ന് നിരീക്ഷിച്ചാണ് ശിക്ഷ.