Top

ബംഗാളി സിനിമയ്ക്ക് സൗമിത്ര ചാറ്റര്‍ജി ആരായിരുന്നു?; ചട്ടക്കൂടുകളെ തകര്‍ത്ത, സത്യജിത് റേയുടെ കാന്‍വാസ്

15 Nov 2020 6:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗാളി സിനിമയ്ക്ക് സൗമിത്ര ചാറ്റര്‍ജി ആരായിരുന്നു?; ചട്ടക്കൂടുകളെ തകര്‍ത്ത, സത്യജിത് റേയുടെ കാന്‍വാസ്
X

സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനയ പ്രതിഭ സൗമിത്ര ചാറ്റര്‍ജി വിടവാങ്ങി. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതി, പത്മശ്രീ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി കലാലോകം ആദരിച്ച അദ്ദേഹം സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര്‍ സന്‍സാറിലൂടെയാണ് (1959) സിനിമയില്‍ അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി അദ്ദേഹം. മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അസിത് സെന്‍, അജോയ് കര്‍, ഋതുപര്‍ണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. അപുര്‍ സന്‍സാര്‍, തീന്‍ കന്യ, അഭിജാന്‍, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേര്‍ ദിന്‍ രാത്രി, അശനിസങ്കേത്, സോനാര്‍ കെല്ല, ഗണശത്രു എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.

അപൂര്‍ സന്‍സറിലെ അനാഥനായ ഗ്രാമീണ യുവാവ് അപുര്‍ബയിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാളായ സത്യജിത് റേ പ്രേക്ഷകര്‍ക്ക് അപൂര്‍വമായ ഒരു സമ്മാനം നല്‍കി. അപൂര്‍ബ എന്ന നായകന്റെ ജനനത്തിലൂടെ യഥാര്‍ഥത്തില്‍ ലോകസിനിമയ്ക്ക് സൗമിത്ര ചാറ്റര്‍ജി സമ്മാനിക്കപ്പെടുകയായിരുന്നു.

സത്യജിത് റേയുടെ അപു ട്രയോളജിയുടെ അവസാനത്തെ ചിത്രമായ അപൂര്‍ സന്‍സറായിരുന്നു സൗമിത്ര ചാറ്റര്‍ജിയുടെ അരങ്ങേറ്റ ചിത്രം. അല്ലെങ്കില്‍ ആ വേഷം സൗമിത്രയിലെത്തിക്കാന്‍ റേ കാത്തിരിക്കുകയായിരുന്നു എന്നും പറയാം. പ്രശസ്ത നാടകാചാര്യന്‍ ശിശിര്‍ ബാദുരിയുടെ ശിഷ്യത്വത്തില്‍ വളര്‍ന്ന സൗമിത്ര ചാറ്റര്‍ജി സത്യത്തില്‍ ആദ്യമെത്തിയത് അപു ട്രയോളജിയുടെ രണ്ടാമത്തെ ചിത്രമായ അപരാജിതോയിലായിരുന്നു. എന്നാല്‍ അന്ന് ആ ഇരുപതുകാരന്റെ പ്രായവും ഉയരവും അപരാജിതോയിലെ അപുവിന്റേതുമായി ചേരുന്നതായിരുന്നില്ല. അതിനാല്‍ അപു സൗമിത്രയിലേക്ക് വളരുന്ന അപുര്‍ സന്‍സറിലേക്ക് റേ അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു.

ഉത്തം കുമാറിനെപ്പോലെയുള്ള നായകന്മാരെ കണ്ട് ശീലിച്ച ബംഗാളി സിനിമയ്ക്ക് അനുരൂപനല്ലാത്ത ഒരുതാരോദയമായിരുന്നു അത്. ബംഗാള്‍ നായകന്മാരുടെ ഉത്തമരൂപഭാവമില്ലാത്ത ആ നായകന് പ്രേക്ഷകരും അത്തരമൊരു മഹത്വം കല്‍പിച്ചു കൊടുത്തുമില്ല. പക്ഷേ ഒരു നടന്‍ കാമുകനോ നായകനോ ആയിരിക്കണമെന്ന സങ്കല്‍പത്തില്‍ മുഴുകിയിരുന്ന ബംഗാള്‍ സിനിമയ്ക്ക് മനുഷ്യന്‍ എന്ന ആശയം തന്റെ പ്രകടനത്തിലൂടെ അദ്ദേഹം പരിചയപ്പെടുത്തി. പിന്നീട് ശര്‍മിള ടാഗോറും അപര്‍ണ സെന്നുമടക്കമുള്ള നായികാപ്രാധാന്യമുള്ള ചിത്രങ്ങളില്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് ഒപരൂര്‍വ്വത നല്‍കിയും പരമ്പരാഗത ബംഗാളി പുരുഷത്വത്തിന്റെ എല്ലാ സ്വഭാവവിശേഷങ്ങളും തന്റെ കഥാപാത്രങ്ങളിലൂടെ തള്ളിയും അരങ്ങേറ്റത്തിന് ശേഷമുള്ള ചെറിയകാലത്തിനകം തന്നെ ഒരു ചട്ടക്കൂടിനകത്തുനില്‍ക്കില്ലെന്ന് അദ്ദേഹം വാശി പിടിച്ചു.

അന്ന് ബംഗാള്‍ സിനിമയിലെ പ്രശസ്തനായ നായകന്‍ ഉത്തം കുമാറിന്റെ വില്ലനായി തപന്‍ സിന്‍ഹ ചിത്രം 'ജിന്ദെര്‍ ബിന്ദി'യിലെത്തിയ സൗമിത്രയ്ക്ക് വില്ലന്‍ കഥാപാത്രങ്ങളിലേക്ക് ടൈപ് കാസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത മുന്നിലുണ്ടായിരുന്നു. എന്നാല്‍ ആ സാഹസത്തിനും അദ്ദേഹം മുതിര്‍ന്നു. സിന്‍ഹയുമായുള്ള വിജയകരമായ ഒരുകൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത്. 1986ലെ ആതങ്കോയും 1994ലെ വീല്‍ചെയറും അതില്‍ പ്രധാനപ്പെട്ടവയാണ്. വാസ്തവത്തില്‍, സൗമിത്രയെന്ന നടനുമേല്‍ സത്യജിത് റേ എന്ന സംവിധാകന് വ്യക്തമായ സ്വാധീനമുണ്ടായിരുന്നെങ്കിലും നിരവധി റേ-ഇതര സിനിമകളിലൂടെയും അദ്ദേഹം തന്റെ മികച്ച പ്രകടനം പ്രേക്ഷകര്‍ക്കുമുന്നിലെത്തിച്ചു.

1969 ല്‍ പുറത്തിറങ്ങിയ 'തീന്‍ ഭുവാനര്‍ പരേ' അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു. ചിത്രത്തിലെ മോണ്ടു എന്ന കഥാപാത്രം ആ തലമുറയിലെ ബംഗാളി സിനിമയ്ക്ക് മാത്രമല്ല ഒരു പരിധിവരെ ബോളിവുഡിലെ നായകന്മാര്‍ക്കും മാതൃകയായി മാറി. 1970 കളില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച ധാരാളം കഥാപാത്രങ്ങളില്‍ 'മോണ്ടു'വിന്റെ പ്രതിധ്വനികള്‍ കണ്ടെത്താനാകും. അതേ വര്‍ഷം, ഫയോഡോര്‍ ദസ്‌തോവിസ്‌കിയുടെ ദി ഇഡിയറ്റിനെ അവലംബിച്ച് ബംഗാളി ഭാഷയില്‍ പുറത്തുവന്ന 'അപരാജിത'യിലെ എല്ലാവരിലും നന്മ കാണുന്ന നിഷ്‌കളങ്കനായ സുജിതായും സൗമിത്ര ചാറ്റര്‍ജി തിളങ്ങി.

1970 കളില്‍, അപര്‍ണ സെന്‍, തനുജ എന്നിവരോടൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രണയനായകനായി അഭിനയിച്ച സൗമിത്ര പക്ഷേ എക്കാലത്തും ഓര്‍മിക്കപ്പെടുന്നത് റേയുമായുള്ള കൂട്ടുകെട്ടിലൂടെ തന്നെയായിരുന്നു. അത് അപൂര്‍വവും മനോഹരവുമായ ഒന്നായിരുന്നു. വിശ്വാസ്യത എന്നത് ഒരു സങ്കല്‍പ്പത്തേക്കാള്‍ കൂടുതലായി പരസ്പരം സൂക്ഷിച്ചിരുന്ന ഒരു സംവിധാകന്‍- നടന്‍ കൂട്ടുകെട്ടായിരുന്നു അത്. സത്യജിത് റേയ്ക്ക് സൗമിത്ര ചാറ്റര്‍ജി ഒരു ശൂന്യമായ ക്യാന്‍വാസായിരുന്നില്ല. തന്റെ നടന്റെ മികവിനെ കഥാപാത്രത്തിന്റെ മികവിനായി ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ പ്രദര്‍ശനം കൂടിയായി ആ ചിത്രങ്ങള്‍ പരിഗണിക്കപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്.

1980 കളില്‍ ഉത്തം കുമാറിനു ശേഷമുള്ള ഇരുണ്ട കാലഘട്ടത്തിലേക്ക് കടന്ന ബംഗാളി ചലച്ചിത്ര വ്യവസായം അക്ഷരാര്‍ത്ഥത്തില്‍ കുഴപ്പത്തിലായിരുന്നു. വീഡിയോ പൈറസി പ്രശ്‌നമായി തീര്‍ന്നു, റേ സിനിമയെടുക്കുന്നില്ല, മധ്യവര്‍ഗ ബംഗാളിപ്രേക്ഷകര്‍ സിനിമാ ഹാളുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. പിന്നീട് സ്വയം ലജ്ജിപ്പിച്ച നിരവധി സിനിമകളുടേയും ടെലിവിഷന്‍ സീരിയലുകളുടെയും ഭാഗമാകേണ്ടി വന്ന കാലമെന്ന് അദ്ദേഹം ആ സമയങ്ങളെ വിശേഷിപ്പിച്ചു. 1980 കളിലും 1990ന്റെ തുടക്കകാലഘട്ടങ്ങളിലും വല്ലപ്പോഴും ഒരു നല്ല വേഷം വന്നു വീണപ്പോള്‍ അദ്ദേഹം തിളങ്ങി. കൊവിഡ് ബാധിതനായി 85ാം വയസ്സില്‍ അദ്ദേഹം വിടവാങ്ങുമ്പോള്‍ ടോളിവുഡ് എക്കാലത്തും ഒരു നല്ല നടന്റെ മികവിനെ ഉപയോഗിക്കാത്തതിന്റെ കളങ്കകൂടി പേറുന്നു.

Next Story