Top

സഹായങ്ങളെല്ലാം പിആര്‍ സ്റ്റണ്ടെന്ന് ആരോപണം; സ്‌ക്രീന്‍ഷോട്ടുകളടക്കം തെളിവുകളുമായി സോനു സൂദ്

എന്നാല്‍ ആരോപണമുയര്‍ത്തിയ ട്വിറ്റര്‍ അക്കൗണ്ട് സോനു പറയുന്ന രോഗി കഴിഞ്ഞ മാസം ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടെന്നുള്ള പുതിയ ട്വിറ്റുമായെത്തി.

26 Oct 2020 10:11 AM GMT
ഫിൽമി റിപ്പോർട്ടർ

സഹായങ്ങളെല്ലാം പിആര്‍ സ്റ്റണ്ടെന്ന് ആരോപണം; സ്‌ക്രീന്‍ഷോട്ടുകളടക്കം തെളിവുകളുമായി സോനു സൂദ്
X

നിരന്തരം വാര്‍ത്തകളാകുന്ന സോനു സൂദിന്റെ സഹായങ്ങളും സഹായ വാഗ്ദാനങ്ങളും പി ആര്‍ സ്റ്റണ്ടാണെന്ന് ട്വിറിലെ ആരോപണം തള്ളുന്ന സ്‌കീന്‍ഷോട്ടുകള്‍ പുറത്ത്. താരം തന്നെയാണ് എസ്ആര്‍സിസി ആശുപത്രിയിലെ രോഗികളുടെ വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ച് ട്വിറ്ററില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ തള്ളിയത്. കഴിഞ്ഞദിവസം സ്‌നേഹല്‍ എന്നൊരു വ്യക്തി തന്റെ കുട്ടിയുടെ ചികിത്സയില്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ചെയ്ത ഒരു ട്വീറ്റില്‍ സോനു സൂദ് സഹായവാഗ്ദാനം നടത്തിയതാണ് ട്വിറ്ററിലെ ആരോപണത്തിന്റെ പിന്നില്‍.

രണ്ടുമൂന്ന് ഫോളേവേഴ്‌സ് മാത്രമുള്ള ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സോനു സൂദിനെ ടാഗ് പോലും ചെയ്യാത്ത ഒരു ട്വീറ്റിനാണ് താരം സഹായം വാഗ്ദാനം നടത്തിയത്. ആ വ്യക്തിയുടെ മേല്‍വിലാസമടക്കമുള്ള മറ്റൊരു വിവരമില്ലാതെ എങ്ങനെയാണ് സോനു സൂദ് ഇവരെയെല്ലാം സഹായിക്കുന്നതെന്നായിരുന്നു ഒരു ട്വിറ്ററൈറ്റിന്റെ ചോദ്യം. സ്‌നേഹല്‍ എന്നൊരു വ്യക്തി തന്നെയില്ലയെന്നും അതേ ട്വിറ്റര്‍ അക്കൗണ്ട് ആരോപിച്ചിരുന്നു. ഈ ആരോപണം തള്ളിയാണ് താരം സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

‘ഞാന്‍ സഹായം വേണ്ട ഒരാളെ കണ്ടെത്തുന്നു, അല്ലെങ്കില്‍ അവരെന്നെ എങ്ങനെയെങ്കിലും കണ്ടെത്തുന്നു. അതില്‍ ഞങ്ങള്‍ക്ക് ഉദ്ദേശങ്ങളുണ്ട്. നിങ്ങള്‍ക്കത് മനസ്സിലാകില്ല. ഈ രോഗി എസ്ആര്‍സിസി ആശുപത്രിയില്‍ ഉണ്ടാകും. അയാള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യൂ. ഫോളോവേഴ്‌സ് കൂടുതലുള്ള ഒരാളില്‍ നിന്ന് കുറച്ച് സ്‌നേഹം നേടുന്നതില്‍ രണ്ടുമൂന്ന് ഫേളോവേഴ്സുള്ള അയാള്‍ സന്തോഷിക്കും’, സോനു ട്വിറ്ററില്‍ എഴുതി.

എന്നാല്‍ ആരോപണമുയര്‍ത്തിയ ട്വിറ്റര്‍ അക്കൗണ്ട് സോനു പറയുന്ന രോഗി കഴിഞ്ഞ മാസം ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടെന്നുള്ള പുതിയ ട്വിറ്റുമായെത്തി.

കൊവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നത് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യമൊരുക്കുക, രോഗികളെ സഹായിക്കുക എന്നിങ്ങനെ താരം നടത്തിയ നിരവധി സഹായ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തയായിരുന്നു.

Next Story