ഒടുവില്‍ റിബലുകളെ കാണാന്‍ സോണിയാ ഗാന്ധി; കത്തെഴുതിയവരുമായി ചര്‍ച്ചയ്ക്ക് രാഹുലും; വഴിയൊരുങ്ങിയതിങ്ങനെ
കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണിയാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ കാണാന്‍ തീരുമാനിച്ച് സോണിയ ഗാന്ധി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥ് നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ കൂടിക്കാഴ്ച്ച തയ്യാറായത്. രാഹുല്‍ ഗാന്ധിയും ശനിയാഴ്ച്ച നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യമുണ്ടാകുമോയെന്ന് വ്യക്തമായിട്ടില്ല. കത്തെഴുതിയ 23 നേതാക്കളും യോഗത്തിനെത്തില്ലെന്ന് കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ‘റിബലുകളെ’ പ്രതിനിധീകരിച്ച് ഏറ്റവും മുതിര്‍ന്ന അഞ്ചോ-ആറോ നേതാക്കളാകും കൂടിക്കാഴ്ച്ചയിലുണ്ടാകുക. കത്തില്‍ ഒപ്പിടാതിരുന്നവരും യോഗത്തിലുണ്ടാകും. കൂടിക്കാഴ്ച്ചയ്ക്ക് പ്രത്യേകതകള്‍ ഒന്നുമില്ലെന്നാണ് കോണ്‍ഗ്രസ് […]

കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണിയാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ കാണാന്‍ തീരുമാനിച്ച് സോണിയ ഗാന്ധി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥ് നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ കൂടിക്കാഴ്ച്ച തയ്യാറായത്. രാഹുല്‍ ഗാന്ധിയും ശനിയാഴ്ച്ച നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യമുണ്ടാകുമോയെന്ന് വ്യക്തമായിട്ടില്ല.
കത്തെഴുതിയ 23 നേതാക്കളും യോഗത്തിനെത്തില്ലെന്ന് കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ‘റിബലുകളെ’ പ്രതിനിധീകരിച്ച് ഏറ്റവും മുതിര്‍ന്ന അഞ്ചോ-ആറോ നേതാക്കളാകും കൂടിക്കാഴ്ച്ചയിലുണ്ടാകുക. കത്തില്‍ ഒപ്പിടാതിരുന്നവരും യോഗത്തിലുണ്ടാകും. കൂടിക്കാഴ്ച്ചയ്ക്ക് പ്രത്യേകതകള്‍ ഒന്നുമില്ലെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.
തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തുടര്‍ച്ചയായി വന്‍ തിരിച്ചടി നേടിയതിനേത്തുടര്‍ന്ന് നേതൃത്വത്തിലടക്കം സമൂലമാറ്റം ആവശ്യപ്പെട്ടാണ് നേതാക്കള്‍ ഓഗസ്റ്റില്‍ കത്തെഴുതിയത്. ‘സജീവമായ നേതൃത്വമാണ്’ വേണ്ടതെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളും ദേശീയവക്താക്കളുമെഴുതിയ കത്ത് കോളിളക്കത്തിന് ഇടയാക്കിയിരുന്നു. റിബലുകളില്‍ പ്രധാനികളായിരുന്ന ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് എന്നിവര്‍ക്ക് ഓണ്‍ലൈനില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് മീറ്റില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ ശേഷം രാഹുല്‍ ഗാന്ധി ദേശീയ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് 74കാരിയായ സോണിയാ ഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി. അതിന് ശേഷം നടന്ന കര്‍ണാടക, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. പിടിച്ചുനിന്ന രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് വിമതനായെത്തിയത് തലവേദനയായി. കോണ്‍ഗ്രസ് വിമതരുടെ സഹായത്താലുള്ള ബിജെപിയുടെ അട്ടിമറി ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഈയിടെയും സൂചിപ്പിച്ചിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തേത്തുടര്‍ന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ രംഗത്തെത്തുകയുണ്ടായി. ‘ആത്മപരിശോധനയ്ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു’ എന്നായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. സമഗ്രമായ പരിശോധന വേണമെന്നും ഹൃദയഭാഗത്ത് നിന്നുതന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും പി ചിദംബരവും അഭിപ്രായപ്പെട്ടു.