Top

കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ കയറ്റാതെ മകന്റെയും മരുമകളുടെയും ക്രൂരത

മൃതദേഹവുമായി ആംബുലൻസ് എത്തിയെന്ന് അറിഞ്ഞ രാജനും ഭാര്യയും അമ്മയുടെ മൃതദേഹം വിട്ടുവളപ്പിൽ കയറ്റില്ലെന്ന് ശഠിച്ചു.

4 Jun 2021 7:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ കയറ്റാതെ മകന്റെയും മരുമകളുടെയും ക്രൂരത
X

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പള്ളിപുറം വടക്കുംകരയിൽ കോവിഡ് ബാധിച്ചു മരിച്ച അമ്മയുടെ മൃതദേഹം പുരയിടത്തിൽ കയറ്റാതെ മകനും മരുമകളും. സ്വത്ത് തർക്കം നിലനിൽക്കുന്നതിനാലാണ് റിട്ട. അധ്യാപികയായ ശിവാനിയുടെ മൃതദേ​ഹം സംസ്കരിക്കാനായി വീട്ടുവളപ്പിലൂടെ കൊണ്ടുപോകാൻ മകനും മരുമകളും തടസം സൃഷിടിച്ചത്. ഒടുവിൽ പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെയും സാന്നിധ്യത്തിൽ ഗേറ്റ് തകർത്ത് നാട്ടുകാർ മൃതദേഹം സംസ്കരിക്കാനുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി.

ഇന്നലെയാണ് സംഭവം നടക്കുന്നത്. മകനുമായി തർക്കം നിലനിൽക്കുന്നതിനാൽ മരണപ്പെട്ട ശിവാനി മകളുടെ വീട്ടിലാണ് ഏറെക്കാലമായി താമസിച്ചുവരുന്നത്. മകനായ രാജൻ താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാണ് ശിവാനിയുടെ മകളുടെയും വീട്. ഈ വീട്ടിലേക്ക് എത്തിപ്പെടാൻ കൃത്യമായ വഴിയില്ല. രാജന്റെ വീട്ടുവളപ്പിലൂടെ വഴിയുണ്ടെങ്കിലും തർക്കം നിലനിൽക്കുന്നതിനാൽ ശിവാനിയും മകളും ഈ വഴി ഉപയോ​ഗിക്കാറില്ല. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ശിവാനി ഇന്നലെയോടെ മരണപ്പെട്ടു.

മൃതദേഹവുമായി ആംബുലൻസ് എത്തിയെന്ന് അറിഞ്ഞ രാജനും ഭാര്യയും അമ്മയുടെ മൃതദേഹം വിട്ടുവളപ്പിൽ കയറ്റില്ലെന്ന് ശഠിച്ചു. വീട്ടുവളപ്പിലേക്ക് കയറാനുള്ള ​ഗേറ്റ് ഇവർ പൂട്ടിയിടുകയും ചെയ്തു. പിന്നാലെ നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി. എന്നാൽ പൊലീസിനോട് തർക്കിച്ച രാജനും ഭാര്യയും വീട്ടുവളപ്പിലൂടെ മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോകില്ലെന്ന് നിലപാടിലുറച്ചു. ചേർത്തല പൊലീസ് സ്റ്റേഷനിലെ എസ്ഐ ബിനിമോളുടെ നേതൃത്വത്തിലൂള്ള സംഘം പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും വഴങ്ങിയില്ല.

രാജന്റെ ഭാര്യ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉപയോ​ഗിക്കാനായി മുളക് പൊടി, മണ്ണെണ്ണ തുടങ്ങിയവ കരുതിയിരുന്നതായി നാട്ടുകാരിൽ ചിലർ ആരോപിക്കുന്നു. സമാധാനപരമായി പ്രശ്നം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് മനസിലായതോടെ പൊലീസ് സംഘം ​ഗേറ്റിന്റെ പൂട്ട് പൊളിക്കുകയായിരുന്നു.

Next Story