ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക പീഡന കേസ് അട്ടിമറിക്കപ്പെട്ടെന്ന് പരാതിക്കാരി; ‘ക്ലിഫ്ഹൗസില്‍ പുള്ളിയുണ്ടായിരുന്നു, തെളിവുണ്ട്’
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി ക്രൈംബ്രാഞ്ച് അന്വേഷിച്ച ലൈംഗിക പീഡന കേസ് അട്ടിമറിക്കപ്പെട്ടെന്ന് പരാതിക്കാരി. ഉമ്മന്‍ ചാണ്ടിയെ താന്‍ കണ്ട ദിവസമല്ല പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. സാക്ഷികളെ ഉന്നത ഉദ്യോഗസ്ഥര്‍ സ്വാധീനിച്ചെന്നും പരാതിക്കാരി ആരോപിച്ചു. ‘2012 ഓഗസ്റ്റ് 19ന് ഉമ്മന്‍ ചാണ്ടി അവിടെയുണ്ടായിരുന്നു എന്നതിന്റെ തെളിവ് എന്റെ പക്കലുണ്ട്. ഇവയൊക്കെക്കൊണ്ടാണ് കേസ് സിബിഐക്ക് നല്‍കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ സാധിക്കുന്നില്ല, അവര്‍ക്ക് അഞ്ചുവര്‍ഷം മുമ്പത്തെ ടെലഫോണ്‍ രേഖകള്‍ കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞതുകൊണ്ടാണ് ഞാന്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് […]

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി ക്രൈംബ്രാഞ്ച് അന്വേഷിച്ച ലൈംഗിക പീഡന കേസ് അട്ടിമറിക്കപ്പെട്ടെന്ന് പരാതിക്കാരി. ഉമ്മന്‍ ചാണ്ടിയെ താന്‍ കണ്ട ദിവസമല്ല പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. സാക്ഷികളെ ഉന്നത ഉദ്യോഗസ്ഥര്‍ സ്വാധീനിച്ചെന്നും പരാതിക്കാരി ആരോപിച്ചു.
‘2012 ഓഗസ്റ്റ് 19ന് ഉമ്മന്‍ ചാണ്ടി അവിടെയുണ്ടായിരുന്നു എന്നതിന്റെ തെളിവ് എന്റെ പക്കലുണ്ട്. ഇവയൊക്കെക്കൊണ്ടാണ് കേസ് സിബിഐക്ക് നല്‍കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ സാധിക്കുന്നില്ല, അവര്‍ക്ക് അഞ്ചുവര്‍ഷം മുമ്പത്തെ ടെലഫോണ്‍ രേഖകള്‍ കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞതുകൊണ്ടാണ് ഞാന്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അപേക്ഷ കൊടുത്തത്. 19ാം തിയതി ഉമ്മന്‍ ചാണ്ടി അവിടെയുണ്ടായിരുന്നു. അന്ന് രാവിലെ ഒരു സെന്‍സസ് അവിടെ നടന്നതാണ്. മറിയം ഉമ്മനാണ് ഉമ്മന്‍ ചാണ്ടിക്ക് സുഖമില്ലാത്തതുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തത്. വൈകുന്നേരം അദ്ദേഹം അവിടെയുണ്ടായിരുന്നു. റെസ്റ്റിലായിരുന്നു. എമേര്‍ജിങ് കേരള കഴിഞ്ഞ് ഒരാഴ്ച അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചിരുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ദുചെയ്തിരുന്നു. ക്ലിഫ്ഹൗസില്‍ പുള്ളിയുണ്ടായിരുന്നു. ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ ഞാന്‍ അവിടെ ചെന്നിട്ടില്ലെന്ന് മൊഴി നല്‍കിയാലൊന്നും അംഗീകരിക്കാന്‍ പറ്റില്ല’, പരാതിക്കാരി പ്രതികരിച്ചു.
സാക്ഷിമൊഴികള്‍ക്ക് പണം നല്‍കിയതിന്റെ രേഖകളും തന്റെ കയ്യിലുണ്ട്. ജീവിച്ചിരിക്കുന്ന സാക്ഷികളെ തനിക്കറിയാം. മൊഴിക്ക് വേണ്ടി മുപ്പതിനായിരം രൂപ വരെ കൊടുത്തതിന്റെ ശബ്ദരേഖാ തെളിവുകള്‍ എന്റെ പക്കലുണ്ട്. ഇവയൊക്കെക്കൊണ്ടാണ് കേരള പൊലീസിന് ഇതില്‍ ഇടപെടുന്നതില്‍ പരിമിതികളുണ്ടെന്ന് മനസിലാക്കിയ താന്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ആവശ്യപ്പെട്ടതെന്നും അവര്‍ ആവര്‍ത്തിച്ചു.
സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നു. പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ജനുവരിയിലാണ് സോളാര്‍ പീഡന കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുക. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
2018 ലാണ് സോളാര്‍ പീഡന കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ച് ഏറ്റെടുക്കുന്നത്. ക്ലിഫ് ഹൗസില്‍വെച്ച് 2012 സെപ്തംബര്‍ 19 ന് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കൃത്യം നടന്നുവെന്ന് പറയുന്ന സമയത്ത് ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു പൊലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് ഉമ്മന്‍ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.