Top

എക്‌സൈസിനും കുപ്പി വിറ്റ് പണി വാങ്ങിച്ചു; ‘അത്യാവശക്കാര്‍ക്ക് സാധനമെത്തിക്കുന്നയാളെ’ എക്‌സൈസ് കുടുക്കിയത് തന്ത്രപരമായി

നീലൂര്‍ സ്വദേശിയായ ബോസി വെട്ടുകാടാണ് ആളുമാറി എക്‌സൈസ് ഓഫീസര്‍ക്ക് മദ്യം വിറ്റ് കുടുങ്ങിയത്.

18 July 2021 6:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എക്‌സൈസിനും കുപ്പി വിറ്റ് പണി വാങ്ങിച്ചു; ‘അത്യാവശക്കാര്‍ക്ക് സാധനമെത്തിക്കുന്നയാളെ’ എക്‌സൈസ് കുടുക്കിയത് തന്ത്രപരമായി
X

ബീവറേജസിന് സമീപം അനധികൃതമായി മദ്യവില്‍പ്പന നടത്തിവന്നിരുന്ന പൊതുപ്രവര്‍ത്തകനെ എക്‌സൈസ് തന്ത്രപരമായി കുടുക്കി. നീലൂര്‍ സ്വദേശിയായ ബോസി വെട്ടുകാടാണ് ആളുമാറി എക്‌സൈസ് ഓഫീസര്‍ക്ക് മദ്യം വിറ്റ് കുടുങ്ങിയത്. അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചതുപ്രകാരം മഫ്തിയിലെത്തിയ എക്‌സൈസുകാര്‍ അത്യാവശ്യക്കാരെന്ന് തെറ്റിദ്ധരിപ്പിച്ച് ബോസിയില്‍ നിന്ന് കുപ്പി വാങ്ങി ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി ആനന്ദരാജും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബോസിയില്‍ നിന്നും നാല് ലിറ്ററിലധികം വരുന്ന വിദേശമദ്യമാണ് എക്‌സൈസ് പിടികൂടിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്യക്ഷാമം രൂക്ഷമാകുന്നതിനൊപ്പം അനധികൃത മദ്യവില്‍പ്പനയും വ്യാപകമായതോടെയാണ് എക്‌സൈസ് കൂടുതല്‍ ജാഗരൂകരായത്. മദ്യവില്‍പ്പന പൊടിപൊടിക്കുന്നതായി ആനന്ദ് രാജിന് രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് മറ്റൊരു പ്രിവന്റീവ് ഉദ്യോഗസ്ഥനായ സി കണ്ണന്‍ മഫ്തിയിലെത്തി 100 രൂപ അധികം നല്‍കി ബോസിയില്‍ നിന്നും മദ്യം വാങ്ങുകയായിരുന്നു. കുപ്പി കൈമാറിയയുടന്‍ ആനന്ദ് രാജ് ഉള്‍പ്പെട്ട എക്‌സൈസ് സംഘം പ്രതിയെ വളഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ഇന്നലെ മാത്രം അനധികൃത മദ്യവില്‍പ്പന നടത്തിയ രണ്ട് പേരെയാണ് പാലായില്‍ നിന്നും എക്‌സൈസ് പിടികൂടിയത്. വരുംദിവസങ്ങളിലും നിരീക്ഷണം ഊര്‍ജിതമാക്കുന്നതിനായി ബീവറേജസ് ഔട്‌ലെറ്റുകള്‍ക്ക് മുന്നില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മഫ്തിയിലെത്തി പരിശോധന നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story