Top

'ഇതിനൊക്കെ തലകുലുക്കുന്ന മണുകുണാഞ്ചന്മാരാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി'; രവിശങ്കര്‍ വിഷയത്തില്‍ വിടി ബല്‍റാം

15 Nov 2021 11:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതിനൊക്കെ തലകുലുക്കുന്ന മണുകുണാഞ്ചന്മാരാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി; രവിശങ്കര്‍ വിഷയത്തില്‍ വിടി ബല്‍റാം
X

മഹാഭാരതത്തിലെ പാണ്ഡവര്‍ തങ്ങളുടെ അസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു ഓസ്‌ട്രേലിയ എന്ന് പറയുന്ന യോഗാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പരാമര്‍ശത്തില്‍ സമൂഹമാധ്യമങ്ങളില്‍ പരിഹാസം ശക്തമാവുന്നു. ഭക്തന്മാരില്‍ ഒരാളുടെ ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു ഓസ്‌ട്രേലിയയെ കുറിച്ചുള്ള രവിശങ്കറിന്റെ അവകാശവാദം. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ വൈറലാവുകയും ചെയ്തിരുന്നു.

വിഷയം ട്രോളുകളായി നിറഞ്ഞതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാം. രവിശങ്കറിന്റെ ഫോട്ടോയുള്‍പ്പെടെ പങ്കുവച്ച ഫേസ്ബുക്കിലായിരുന്നു ബല്‍റാമിന്റെ പ്രതികരണം. ഇത്തരം ആശയങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ അല്ല മറിച്ച് ഇതിനെല്ലാം കേട്ട് തലകുലുക്കുന്ന യുവാക്കളെ ഓര്‍ത്ത് നിരാശയാണെന്നാണ് ബല്‍റാമിന്റെ പ്രതികരണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഭ്യസ്ഥവിദ്യരായ, എന്നാല്‍ ശാസ്ത്രാവബോധമോ കോമണ്‍സെന്‍സോ ഇല്ലാത്ത ഇവരെന്നും ബല്‍റാം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

ഇതൊക്കെ കേട്ടിട്ടും ശരിവച്ച് തലകുലുക്കുന്ന ആ ചെറുപ്പക്കാരെ ഓര്‍ത്താണ് ഏറെ നിരാശ! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഭ്യസ്ഥവിദ്യരായ, എന്നാല്‍ ശാസ്ത്രാവബോധമോ കോമണ്‍സെന്‍സോ തൊട്ടുതീണ്ടാത്ത ഇതുപോലുള്ള മണുകുണാഞ്ചന്മാരാണ്.


പുരാണത്തില്‍ പാണ്ഡവര്‍ തങ്ങളുടെ ബ്രഹ്മാസ്ത്രം, പശുപത അസ്ത്രം തുടങ്ങിയ സുപ്രധാന ആയുധങ്ങള്‍ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത് എന്ന ഒരു ഭക്തന്റെ ചോദ്യത്തിനായിരുന്നു രവിശങ്കറിന്റെ വിവാദ മറുപടി. ഓസ്‌ട്രേലിയ എന്നായിരുന്നു അതിന് രവിശങ്കറുടെ ഉത്തരം. 'നമ്മുടെ മഹാഭാരതത്തില്‍ അതിനെ അസ്ത്രാലയ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതാണ് പിന്നീട് ഓസ്‌ട്രേലിയ ആയി മാറിയത് എന്നും അദ്ദേഹം പറയുന്നു.

പാണ്ഡവര്‍ എല്ലാ ശക്തിയേറിയ ആയുധങ്ങളും അസ്ത്രാലയത്തില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്. അതിനാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പൊക്കെ അവിടെ അണുബോബ് സ്‌ഫോടനങ്ങള്‍ നടന്നിരുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ട് തന്നെ അവിടെ മരങ്ങളോ ജീവജാലങ്ങളോ ഉണ്ടായിരുന്നില്ല. അതിനാല്‍ ജനവാസവും കുറവാണ്' എന്നിങ്ങനെ ആയിരുന്നു രവിശങ്കറിന്റെ വാദങ്ങള്‍.

Next Story