Top

Photo gallery: വീണ്ടും ചർച്ചയാക്കി ലീ​ഗ്, മുഹമ്മദ് റിയാസ്-വീണ ദമ്പതികളുടെ വിവാഹ ചിത്രങ്ങൾ വൈറൽ

മുഹമ്മദ് റിയാസിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാദിഖ് അലി ശിഹാബ് തങ്ങൾ രം​ഗത്തുവന്നിരുന്നു.

11 Dec 2021 11:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

Photo gallery: വീണ്ടും ചർച്ചയാക്കി ലീ​ഗ്, മുഹമ്മദ് റിയാസ്-വീണ ദമ്പതികളുടെ വിവാഹ ചിത്രങ്ങൾ വൈറൽ
X

മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി മുഹമ്മദ് റിയാസ്-വീണ ദമ്പതികളുടെ വിവാഹ ചിത്രങ്ങൾ. കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സമ്മേളനത്തിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിവാദ പരാമർശം നടത്തിയത്. വിഷയം വ്യാപകമായി വിമർശനം ഉയർന്നതിന് പിന്നാലെ അബ്ദുറഹ്മാൻ കല്ലായിയും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.


വിഷയത്തിൽ സിപിഐഎം, ഡിവൈഎഫ്ഐ സംഘടനകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആവശ്യപ്പെട്ടു.


അബ്ദു റഹ്മാൻ കല്ലായിയുടെ സെപ്റ്റിക് ടാങ്ക് വായയ്ക്ക് കയ്യടിച്ച കുഞ്ഞാലിക്കുട്ടിയും,മുനീറുമടങ്ങുന്ന ലീഗ് നേതാക്കൾ ഇത് ലീഗിന്റെ ഔദ്യോഗിക നിലപാടാണോയെന്ന് വ്യക്തമാക്കണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജാതീയ അധിക്ഷേപത്തിലും ഡിവെെഎഫ്ഐ പ്രതിഷേധം രേഖപ്പെടുത്തി.


മുഹമ്മദ് റിയാസിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാദിഖ് അലി ശിഹാബ് തങ്ങൾ രം​ഗത്തുവന്നിരുന്നു. ആരും വിമർശനങ്ങൾക്ക് രാഷ്ട്രീയ വിമർശനങ്ങൾക്കതീതരല്ല. പക്ഷെ വ്യക്തിപരമായ പരാമർശങ്ങൾ തിരുത്തേണ്ടതുമാണ്. അതാരായാലും ചെയ്യണം. ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സാദിഖ് അലി വിശദീകരിച്ചു.


അബ്ദുറഹ്മാൻ കല്ലായി പറഞ്ഞത്,

'മുൻ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ.. ഇത് വിവാഹമാണോ വ്യഭിചാരമാണ്. അത് വിളിച്ചു പറയാൻ ചങ്കൂറ്റം വേണം. തന്റേടവും വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ പ്രകടിപ്പിക്കണം. സ്വവർഗ രതിക്ക് നിയമപ്രാബല്യം കൊണ്ട് വരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. അവരുടെ പ്രകടന പത്രികയിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലും അവരത് പറഞ്ഞു. ഭാര്യക്കും ഭർത്താവിനും ഉഭയസമ്മത പ്രകാരം ആരുമായും ലൈംഗികബന്ധത്തിലേർപ്പെടാമെന്ന് കോടതി ഒരു നിരീക്ഷണം നടത്തിയല്ലോ. സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ആദ്യം സ്വാഗതം ചെയ്തത് ഡിവൈഎഫ്‌ഐയാണ്. കമ്മ്യൂണിസ്റ്റുകാരെ പിന്തുണയ്ക്കുന്നവർ അത് കൂടി ഓർക്കണം.

ഞങ്ങളിലില്ല ഹൈന്ദ്ര രക്തം. ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം എന്ന് പറഞ്ഞാൽ തന്നെ ഇസ്ലാമിൽ നിന്ന് പുറത്താൈണ്. ഇഎംഎസും എകെജിയും ഇല്ലാത്ത സ്വർഗം വേണ്ട എന്ന് പറയുന്നവരെയും കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവർ കാഫിറുകളാണ്. പിന്നെ നിന്റെ കൊച്ചാപ്പയ്ക്കും നിന്നെ രക്ഷപ്പെടുത്താൻ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാർട്ടിയാണ്. ആയിരം പിണറായി വിജയൻമാർ ഒരുമിച്ച് ശ്രമിച്ചാലും മുസ്ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാൻ കഴിയില്ല' അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. ലീ?ഗ് നേതാവിന്റെ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Next Story