Top

സംഘപരിവാറിന്റെ സ്വന്തം 'മോദി എഡിഷന്‍'; ഒടുവില്‍ വിശദീകരണവുമായി ന്യൂയോര്‍ക്ക് ടൈംസ്

സംഘപരിവാര്‍ അനുകൂല പേജുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണ് പോസ്റ്റ് വലിയ ശ്രദ്ധനേടിയത്

29 Sep 2021 1:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘപരിവാറിന്റെ സ്വന്തം മോദി എഡിഷന്‍; ഒടുവില്‍ വിശദീകരണവുമായി ന്യൂയോര്‍ക്ക് ടൈംസ്
X

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ തങ്ങളുടേതെന്ന രീതിയില്‍ പ്രചരിച്ച പത്ര കട്ടിങ് തീര്‍ത്തും വ്യാജമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ്. മോദിയുടെ സന്ദര്‍ശനത്തെ ആദ്യ പേജ് വാര്‍ത്തയാക്കി ന്യൂയോര്‍ക്ക് ടൈംസ് എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ചിത്രത്തെയാണ് ന്യൂയോര്‍ക്ക് ടൈംസ് തള്ളുന്നത്. ട്വിറ്ററില്‍ നടത്തിയ പ്രതികരണത്തില്‍ മോദിയെക്കുറിച്ച് തങ്ങള്‍ നല്‍കിയ വാര്‍ത്തകളുടെ ലിങ്കും അമേരിക്കന്‍ മാധ്യമം ചേര്‍ത്തിട്ടുണ്ട്.

ഭൂമിയുടെ ഏറ്റവും മികച്ച, അവസാന പ്രതീക്ഷ എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. ലോകത്തിന് ഏറ്റവും പ്രിയപ്പെട്ടവനും ശക്തനുമായ നേതാവ് യുഎസിനെ അനുഗ്രഹിക്കാന്‍ എത്തിയിരിക്കുന്നു എന്ന ഉപ തലക്കെട്ടും ചിത്രത്തില്‍ ഉണ്ട്.

ചിത്രത്തിന്റെ അടിക്കുറിപ്പില്‍ ഹിസ് ഹൈനെസ് മോദിജി വെള്ളപ്പേപ്പറില്‍ ഒപ്പിട്ട് രാജ്യത്തെ അനുഗ്രഹിക്കുന്നു എന്നും എഴുതിയിട്ടുണ്ട്. നേരത്തെ യുഎസ് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നില്ലെന്ന് ബിജെപി നേതാക്കള്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയതിനെ തുടർന്ന് ട്രോള്‍ ഗ്രൂപ്പുകളില്‍ ഇത്തരം സര്‍ക്കാസം പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്താ കട്ടിംഗും അത്തരത്തില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നാണ് സൂചന. എന്നാല്‍ സംഘപരിവാര്‍ അനുകൂല പേജുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണ് പോസ്റ്റ് വലിയ ശ്രദ്ധനേടിയത്.


പത്രത്തിന്റെ തിയതിയില്‍ സെപ്റ്റംബര്‍ എന്ന് എഴുതിയിരിക്കുന്നതിലടക്കം അക്ഷര തെറ്റുകള്‍ ഉള്ളതും ഈ ഘട്ടത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. നേരത്തെ ചിത്രത്തിന്റെ ആധികാരികത പരിശോധിച്ച ഇന്ത്യന്‍ മാധ്യമങ്ങളുടെ ഫാക്ട് ചെക്കില്‍ ഇക്കാര്യമടക്കം ചൂണ്ടി ക്കാട്ടി വാര്‍ത്ത വ്യാജമാണെന്ന് തെളിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂയോര്‍ക്ക് ടൈംസ് തന്നെ വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിക്കുന്നത്.



Next Story