Top

'ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ വിജയ്'; ബീസ്റ്റിലെ ഡയലോഗ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

14 April 2022 7:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ വിജയ്; ബീസ്റ്റിലെ ഡയലോഗ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
X

ചെന്നൈ: ഹിന്ദി ഭാഷ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന വിവാദങ്ങള്‍ക്കിടെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്‌യുടെ പുതിയ ഡയലോഗ് ശ്രദ്ധ പിടിച്ച് പറ്റുന്നു. ഏപ്രില്‍ 13 ന് പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലെ ഇന്‍ട്രോ സീനിലെ സംഭാഷണമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

'എല്ലാം ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ പറ്റില്ല, വേണമെങ്കില്‍ തമിഴ് പഠിച്ചിട്ട് വാ'. എന്നുള്ള പരാമര്‍ശമാണ് ശ്രദ്ധേയമാവുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഹിന്ദിക്ക് അനുകൂലമായ പരാമര്‍ശത്തില്‍ വാദ പ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് വിജയിന്റെ പുതിയ മാസ് ഡയലോഗ് ശ്രദ്ധേയമാവുന്നത്. അമിത് ഷായുടെ പരാമര്‍ശം തെക്കേ ഇന്ത്യയിയില്‍ നിന്നും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍ ഉള്‍പ്പെടെ നടത്തിയ പ്രതികരങ്ങളും വിഷയത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ചര്‍ച്ചയായത്. തമിഴ് ഭാഷ തമിഴ് ജനതയ്ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് വ്യക്തമാക്കുന്നതാണ് റഹ്മാന്റെ പോസ്റ്റ് എന്നാണ് വിലയിരുത്തപ്പെട്ടത്. തമിഴിലെ 'എ' (ലഴ) എന്ന അക്ഷരമുള്ള വടിയുമായി നില്‍ക്കുന്ന തമിഴ് ദേവതയുടെ പോസ്റ്ററാണ് റഹ്മാന്‍ പങ്കുവെച്ചത്. ഈ അക്ഷരം തമിഴില്‍ മാത്രമേയുള്ളു എന്നത് ശ്രദ്ധേയമാണ്. 'തമിഴനങ്ങ്' എന്ന് പേരിട്ടിരിക്കുന്ന പോസ്റ്ററില്‍ വിപ്ലവകവി ഭാരതിദാസന്റെ കവിതയിലെ വരികളും ഉണ്ടായിരുന്നു. 'ഇന്‍ബ തമിഴ് എങ്കല്‍ ഉറിമൈ സെമ്പയിരുക്ക് വേര്‍' (തമിഴാണ് നമ്മുടെ അവകാശങ്ങളുടെ അടിസ്ഥാനം) എന്നതാണ് വരി.

എ ആര്‍ റഹ്മാന്റെ പോസ്റ്റ് അമിത് ഷായ്ക്കുള്ള മറുപടിയായാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. ബിജെപി തെറ്റ് ആവര്‍ത്തിക്കരുത് എന്ന പരാമര്‍ശത്തോടെയാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതികരണം. ഏക ഭാഷ ഐക്യം കൊണ്ടുവരില്ല, ഏകത്വവും ഐക്യം ഉണ്ടാക്കില്ലെന്നും ഈ ശ്രമത്തില്‍ ബിജെപിക്ക് വിജയം കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ നീക്കം ഇന്ത്യയുടെ അഖണ്ഡതയെ മുറിപ്പെടുത്താനുള്ള ശ്രമമാണ്. രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ക്കാന്‍ ബിജെപി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ മാത്രമാണോ അമിത് ഷായ്ക്ക് ആവശ്യം മറ്റ് സംസ്ഥാനങ്ങളെ ആവശ്യമില്ലെയെന്നും സ്റ്റാലിന്‍ ചോദിച്ചു. ബിജെപി നേരത്തെ ചെയ്ത തെറ്റ് ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ 37മത് യോഗത്തിലായിരുന്നു അമിത് ഷായുടെ ഹിന്ദിയെ കുറിച്ചുള്ള പ്രതികരണം. വിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തമ്മില്‍ ആശയ വിനിമയത്തിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നായിരുന്നു അമിത് ഷായുടെ നിര്‍ദേശം. ഹിന്ദിയെ രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കാന്‍ യോജിച്ച സമയമാണിതെന്നും രാജ്യത്തിന്റെ ഒരുമയ്ക്ക് ഈ നീക്കം വളരെ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം. എന്നാല്‍, പ്രാദേശിക ഭാഷകള്‍ക്കല്ല, ഇംഗ്ലീഷിന് പകരമായാണ് ഹിന്ദിയെ സ്വീകരിക്കേണ്ടതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story