Top

'ഭാരത് മാതാ കി ജയ് വിളിക്കാം, പക്ഷെ മോദിക്ക് ജയ് വിളിക്കില്ല': യുക്രൈനില്‍ നിന്നെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോ

നേരത്തെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വീഡിയോയും ചര്‍ച്ചയായിരുന്നു.

3 March 2022 3:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാരത് മാതാ കി ജയ് വിളിക്കാം, പക്ഷെ മോദിക്ക് ജയ് വിളിക്കില്ല: യുക്രൈനില്‍ നിന്നെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോ
X

ഭാരത് മാതാ കി ജയ് ഏറ്റുവിളിക്കുകയും നരേന്ദ്രമോദിക്ക് ജയ് പറയുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോ വൈറല്‍. വിദ്യാസമ്പന്നരായ വിദ്യാര്‍ഥികളായത് കൊണ്ടാണ് മോദിക്ക് ജയ് വിളിക്കാത്തതെന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.

നേരത്തെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വീഡിയോയും ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ചാണ് സിന്ധ്യയോട് റൊമാനിയന്‍ മേയര്‍ കയര്‍ത്ത് സംസാരിച്ചത്.

കോണ്‍ഗ്രസ് പുറത്ത് വിട്ട ഈ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാണ്. റൊമേനിയന്‍ നഗരത്തില്‍ എത്തിയ യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മേയര്‍ സിന്ധ്യയോട് കയര്‍ത്ത് സംസാരിച്ചത്.

വിദ്യാര്‍ത്ഥികളോട് സംസാരിച്ചുകൊണ്ടിരിക്കവെ, നിങ്ങള്‍ എപ്പോഴാണ് അവരെ നാട്ടില്‍ തിരിച്ചെത്തികുക എന്ന് പറയൂ എന്നാണ് മേയര്‍ വീഡിയോയില്‍ പറയുന്നതായി ഉള്ളത്. എന്നാല്‍, എന്ത് പറയണം എന്ന് ഞാന്‍ തീരുമാനിക്കും, അവിടെ നില്‍ക്കൂ എന്ന് മറുപടി പറഞ്ഞ മന്ത്രിയോട് നിങ്ങളല്ല, ഞാനാണ് ഭക്ഷണവും വാസസ്ഥലവും കൊടുത്തത് എന്നായിരുന്നു മേയറുടെ മറുപടി. നാട്ടിലെത്തിക്കാനുള്ള നടപടികളെക്കുറിച്ച് സംസാരിക്കൂ എന്ന ആവശ്യപ്പെട്ട മേയറുടെ വാക്കുകളില്‍ പ്രകോപിതനായ സിന്ധ്യയുടെ വാക്കുകള്‍ പരുഷമായതോടെയാണ് മേയര്‍ക്ക് മന്ത്രിയോട് കയര്‍ത്തു സംസാരിക്കേണ്ടി വന്നത്.

'ഒരു വര്‍ഷം മുമ്പേ തന്നെ പദ്ധതിയിട്ടു'

യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യ തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെ വെളിപ്പെടുത്തലുമായി ഒരു റഷ്യന്‍ പാര്‍ലിമെന്റ് അംഗം. ഒരു വര്‍ഷം മുമ്പേ യുക്രൈന്‍ കീഴടക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റഷ്യന്‍ എംപി റിഫാത്ത് ഷെയ്ഖുട്ദിനോവ് പറഞ്ഞു.

എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന നീക്കം തീരുമാനിച്ചുറപ്പിച്ചതല്ലെന്നും യാദൃച്ഛികമാണെന്നും ഡ്യൂമാ മെമ്പറായ അദ്ദേഹം അവകാശപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് നേരത്തെ അറിയാമായിരുന്നു. യുക്രൈന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇപ്പോള്‍ അധിനിവേശം നടത്തിയില്ലെങ്കില്‍ റഷ്യ ആക്രമിക്കപ്പെട്ടേനെ. രണ്ട് ദിവസത്തിനകം ആക്രമിക്കപ്പെടുമെന്ന് രഹസ്യാന്വേഷണ വിവരം കിട്ടി. അതിനാല്‍, പൗരന്മാരുടെ സുരക്ഷയ്ക്കായി പ്രതിരോധിക്കാന്‍ തയ്യാറായി എന്നുമായിരുന്നു റിഫാത്തിന്റെ വെളിപ്പെടുത്തല്‍.

ഇതിനിടെ നീപര്‍ നദീതീരത്തെ പ്രധാന നഗരമായ കേഴ്സന്‍ പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായി. നഗരഭരണ കേന്ദ്രം ഇപ്പോള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. കരിങ്കടലില്‍ നിന്നും കീവിലേയ്ക്കുള്ള പാത റഷ്യ കീഴടക്കി.

Next Story