Top

'മോഷ്ടാവായി മുദ്ര കുത്തിയതിനെതിരെ പോരാടിയത് രണ്ട് വര്‍ഷം'; ജീവിതത്തിലുണ്ടാക്കിയ മുറിവിന് ഓസ്‌ട്രേലിയന്‍ പൊലീസിനോട് പകരം ചോദിച്ച മലയാളി

''പൊലീസ് ആണെങ്കില്‍ ഒരു തുടര്‍ അന്വേഷണത്തിനും മുതിരാതെ എന്നെ കള്ളനായി മുദ്ര കുത്തി.''

26 Aug 2022 9:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഷ്ടാവായി മുദ്ര കുത്തിയതിനെതിരെ പോരാടിയത് രണ്ട് വര്‍ഷം; ജീവിതത്തിലുണ്ടാക്കിയ മുറിവിന് ഓസ്‌ട്രേലിയന്‍ പൊലീസിനോട് പകരം ചോദിച്ച മലയാളി
X

സിഡ്‌നി: രണ്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഓസ്‌ട്രേലിയന്‍ പൊലീസിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച കഥ വിവരിച്ച് തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ പ്രസന്നന്‍ പൊങ്ങണംപറമ്പില്‍.

തനിക്ക് കിട്ടിയ നീതി ലോകത്ത് ഒരുപാട് പേര്‍ക്ക് കിട്ടാതെ പോയിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും അവര്‍ക്ക് വേണ്ടി താനിത് സമര്‍പ്പിക്കുന്നെന്നും പ്രസന്നന്‍ പറഞ്ഞു. ചെയ്ത തെറ്റ് സമ്മതിച്ച്, വൈകിയാണെങ്കിലും തിരുത്തല്‍ നടപടികളെടുത്ത വിക്ടോറിയ പൊലീസ് ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗരൂകരാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രസന്നന്‍ അഭിപ്രായപ്പെട്ടു.

2020 മെയ് 15നായിരുന്നു മദ്യഷോപ്പില്‍ നിന്ന് റം മോഷ്ടിച്ചുവെന്ന് സംശയിക്കുന്നയാള്‍ എന്ന് പറഞ്ഞ് പ്രസന്നന്റെ ചിത്രം പേക്കന്‍ഹാം ലോക്കല്‍ പൊലീസ് ഫേസ്ബുക്കിലിടുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്തോടെ പേക്കന്‍ഹാം സ്റ്റേഷനിലെത്തി മദ്യം വാങ്ങിയതിന്റെ ബില്ല് കാണിച്ചു. എന്നാല്‍ കുറ്റവാളിയോടെന്ന പോലെ മുന്‍വിധിയോടെയായിരുന്നു പൊലീസ് പെരുമാറിയതെന്ന് പ്രന്നന്‍ പറഞ്ഞു.

മദ്യം വാങ്ങിയതിന് ബില്ലുണ്ടോ എന്ന ഒരു ചോദ്യത്തില്‍ തീര്‍ക്കാമായിരുന്ന പ്രശ്‌നത്തിലാണ് പൊലീസിന്റെ മുന്‍വിധി മൂലം പ്രസന്നനും കുടുംബത്തിനും ദിവസങ്ങളോളം മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നത്. കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ഒരു ദിവസം വൈകിയാണ് പൊലീസ് ഫോട്ടോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തത്. സംഭവത്തില്‍ കുറ്റവിമുക്തനായെങ്കിലും നിയമപോരാട്ടത്തിന് താന്‍ മുന്നിട്ട് ഇറങ്ങുകയായിരുന്നെന്ന് പ്രസന്നന്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തെ നിയമപോരാട്ടത്തെക്കുറിച്ച് പ്രസന്നന്‍ പറഞ്ഞത് ഇങ്ങനെ:

ഓഗസ്റ്റ് 3 2022. അന്ന് വൈകുന്നരം എനിക്ക് വന്ന ഫോണ്‍ കാള്‍

Stewart O'Connell ന്റേതായിരുന്നു. സ്റ്റീവാര്‍ട്ട് O'Brien Criminal & Civil Solicitors, Sydney എന്ന ലോ ഫേമിലെ അഭിഭാഷകന്‍ (solicitor) ആണ്.

'പ്രസന്നന്‍, താങ്കള്‍ക്ക് ഇപ്പോള്‍ ഒരു ഇമെയില്‍ കിട്ടിയിട്ടുണ്ടായിരിക്കും, വായിച്ച് നോക്കി സമ്മതമാണെങ്കില്‍ നമ്മള്‍ ഈ കേസ് സെറ്റില്‍ ചെയ്യുന്നു'

വായിച്ച് കഴിഞ്ഞ് ഞാന്‍ സ്റ്റീവാര്‍ട്ടിനെ തിരിച്ചു വിളിച്ചു.

'താങ്ക്‌സ് സ്റ്റീവാര്‍ട്ട്, താങ്കള്‍ക്ക് എന്ത് തോന്നുന്നു?'

'ഇത് തീര്‍ച്ചയായും താങ്കളും കുടുംബവും നേരിട്ട അപമാനത്തിനും, അനുഭവിച്ച മാനസികവേദനക്കും കിട്ടാവുന്ന ഉചിതമായ സെറ്റില്‍മെന്റ് ആണ് '

'ഓക്കേ സ്റ്റീവാര്‍ട്ട്, എനിക്ക് സമ്മതമാണ്'

'അപ്പോള്‍ നമ്മള്‍ മുന്നോട്ട് പോകുന്നു'

'യെസ്'

ഇവിടെ വാദി/ അന്യായക്കാരന്‍ (plaintiff) ഞാനാണ്. എതിര്‍കക്ഷി (defendant) വിക്ടോറിയ പോലീസ് അഥവാ സ്റ്റേറ്റ് ഓഫ് വിക്ടോറിയ.

ഞാന്‍ കമ്പ്യൂട്ടര്‍ അടച്ചുവെച്ച് കസേരയിലേക്ക് ചാരിയിരുന്നു. എന്തായിരുന്നു എന്റെ അന്യായം? അല്ലെങ്കില്‍ സ്റ്റീവാര്‍ട്ട് പറഞ്ഞ അപമാനം? ഞാനും, നിഷയും കുക്കുവും അനുഭവിച്ച മാനസികവേദന?

മെയ് 16 2020.

ഞാനും ബിജുവും സജിയും സുനിയും, സതീഷും ഒരു വൈകുന്നേരം സൊറ പറയാന്‍ എന്റെ വീട്ടില്‍ കൂടിയതാണ്. കോവിഡിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ വന്നുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. തമാശകളുടെ പൂത്തിരിയും, മത്താപ്പും കത്തിച്ച് ഞങ്ങളിരിക്കുമ്പോഴാണ് സുനിയുടെ വൈഫ് റീനയുടെ ഫോണ്‍ നിഷയ്ക്ക് വരുന്നത്.

'നിഷ, ഞാനൊരു സ്‌ക്രീന്‍ഷോട്ട് വാട്ട്‌സ്ആപ്പ് ചെയ്തിട്ടുണ്ട്, അതില്‍ കാണുന്നത് പ്രസന്നനാണോ?'

നിഷ നോക്കി, അവള്‍ക്ക് അതിന്റെ ഗൗരവം പെട്ടെന്ന് മനസ്സിലായില്ല.

'ആണല്ലോ?'

'നിഷ, കാര്യമിത്തിരി സീരിയസാണ്. ഞാനാ ഫേസ്ബുക്ക് പേജിന്റെ ലിങ്ക് അയച്ചുതരാം, പ്രസന്നനോടൊന്നു നോക്കാന്‍ പറയണേ'

ഞാനതു നോക്കിയതും കളിയും തമാശയും നിറഞ്ഞ അന്തരീക്ഷം പെട്ടെന്ന് സ്തബ്ധമായി. ചിരി പോയി. എല്ലാവരും ഒന്ന് ഞെട്ടി.

പാക്കന്‍ഹാം (Pakenham) എന്ന ഞാന്‍ താമസിക്കുന്ന ടൗണില്‍ ഒരു മോഷണം നടന്നിരിക്കുന്നു, അതുമായി ബന്ധപ്പെട്ടിട്ടുള്ള ആളുടെ ഫോട്ടോ താഴെ കൊടുത്തിരിക്കുന്നു, ഇയാളെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കില്‍ ഉടന്‍ പോലീസില്‍ അറിയിക്കുക എന്നതാണ് ടൌണ്‍ ഏരിയ പോലീസിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ്, അതില്‍ കൊടുത്തിരിക്കുന്നത് എന്റെ ഫോട്ടോ.

ആദ്യം ഞാന്‍ വിചാരിച്ചു, പൊലീസിന് തെറ്റുപറ്റിയതായിരിക്കും കാരണം ഞാന്‍ ഒരു കളവും നടത്തിയിട്ടില്ല.

ഞാന്‍ വീണ്ടും വീണ്ടും ആ ഫോട്ടോ നോക്കി,

ബാക് ഗ്രൗണ്ടില്‍ ഡാന്‍ മര്‍ഫി (Dan Murphy) എന്ന ലിക്കര്‍ ഷോപ്പിന്റെ കാഷ് കൗണ്ടര്‍ ആണെന്ന് എനിക്ക് മനസ്സിലായി. എന്റെ കൈയില്‍ ഒരു ബോട്ടിലുമുണ്ട്.

'കഴിഞ്ഞ മാസം നമ്മളോരുമിച്ച് അവിടെ പോയിരുന്നു' നിഷ പെട്ടെന്ന് ഓര്‍ത്തു. ശരിയാണ്. ഒരു കോക്‌റ്റൈല്‍ ഉണ്ടാക്കാമെന്ന് പറഞ്ഞ് പോയി ഒരു കുപ്പി റം മേടിച്ചിരുന്നു. റം സാധാരണ ഞാന്‍ കഴിക്കുന്നതല്ല. അതുകൊണ്ടാണ് അവളത് ഓര്‍ത്തത്. ഞങ്ങള്‍ ഓടി പോയി കാറില്‍ നോക്കി. ഡോറിന്റെ സൈഡില്‍ റെസിപ്റ്റ് ഇടുന്ന പതിവുണ്ട്. അതില്‍ കിടന്നിരുന്ന രണ്ട് റെസീപ്റ്റ്‌സില്‍ ഒന്ന് റം മേടിച്ചതിന്റെ ആയിരുന്നു.

ഒരു ആശ്വാസം ആയി.

എന്നാലും ഈ പോസ്റ്റിന്റെ ഉദ്ദേശം എന്തായിരിക്കും?

ഞാന്‍ ഉടനെ ക്രൈം സ്റ്റോപ്പേഴ്‌സിന്റെ നമ്പറില്‍ വിളിച്ചു.

'നോക്കൂ, ഒരു കളവ് ചെയ്തു എന്ന് തോന്നിപ്പിക്കും വിധം എന്റെ ഫോട്ടോ പോലീസിന്റെ FB പേജില്‍ വന്നിരിക്കുന്നു. എനിക്കുറപ്പാണ് ഞാന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല.'

'അത് നാളെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പറഞ്ഞാല്‍ മതി. അവര്‍ വേണ്ടത് ചെയ്തു തരും' വളരെ ഈസിയായിട്ടാണ് ഓഫീസര്‍ സംസാരിച്ചത്.

ഞാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് കാര്യം പറഞ്ഞു, 'ഞാനിപ്പോള്‍ തന്നെ വരാം.'

'വേണ്ട, നാളെ കാലത്ത് പത്ത് മണിക്ക് വന്നാല്‍ മതി. നിങ്ങള്‍ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ പേടിക്കേണ്ട കാര്യമില്ല'

ആ ചെറിയ സമാധാനത്തില്‍ കൂട്ടുകാര്‍ പോയി. എനിക്കും, നിഷക്കും കുക്കുവിനും അസമാധാനത്തിന്റെ രാത്രിയായിരുന്നു അത്.

കാലത്ത് എണീറ്റപ്പോള്‍ എനിക്ക് ചെറിയൊരു ഭീതി. ആരോ എനിക്കെതിരെ മനപ്പൂര്‍വം നീങ്ങിയിട്ടുണ്ടോ എന്ന്? ശത്രു എന്ന് പറയാന്‍ ആരും ഓര്‍മ്മയിലില്ല.

പോലീസ് സ്റ്റേഷനില്‍ പോകും മുമ്പ് എനിക്ക് ഒരു സപ്പോര്‍ട്ട് വേണം. ലോകത്തെവിടെ ആയാലും പോലീസുകാര്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്, തങ്ങള്‍ ചെയ്തതത് ശരിയാണെന്ന് തെളിയിക്കാന്‍ അവര്‍ ഏതറ്റവും പോകും.

ഞാന്‍ പരിചയമുള്ള ഒരു ലോയറെ വിളിച്ചു. 'റെസിപ്പ്റ്റിന്റെ ഒറിജിനല്‍ പൊലീസിന് കൊടുക്കരുത്, ഫോട്ടോസ്റ്റാറ്റ് കോപ്പി മാത്രമേ കൊടുക്കാവൂ, ഇപ്പോഴുണ്ടായ സംഗതിയെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും സംസാരിക്കരുത്' എന്നീ മുന്‍കരുതല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

ഞാനും നിഷയും കൂടെ പോലീസ് സ്റ്റേഷനില്‍ പോയി. വളരെ ചെറുപ്പക്കാരനായ പോലീസ് ഓഫീസര്‍ ആയിരുന്നു റിസപ്ക്ഷനില്‍.

'ബന്ധപ്പെട്ട ഓഫീസര്‍ ഇന്നില്ല. വരുമ്പോള്‍ നിങ്ങളെ കോണ്‍ടാക്ട് ചെയ്യും. അപ്പോള്‍ വന്നാല്‍ മതി'

'നോക്കൂ, എനിക്ക് ജോലിയുണ്ട്, നിങ്ങള്‍ വിളിച്ച ഉടനെ എനിക്ക് വരാന്‍ പറ്റിയെന്ന് വരില്ല. വിളിച്ച് ചോദിച്ചിട്ടാണ് ഞാന്‍ വന്നത്'

'ഓഫീസര്‍ നിങ്ങള്‍ക്ക് ആവശ്യത്തിന് സമയം തരും, എന്നിട്ടും വന്നില്ലെങ്കിലേ നിങ്ങളെ അറസ്റ്റ് ചെയ്യൂ' അയാള്‍ ഒരു വികാരവും ഇല്ലാതെ പറയുകയാണ്.

അറസ്റ്റ് എന്ന് കേട്ടപ്പോള്‍ പേടി തോന്നിയെങ്കിലും ഞാനത് കാണിച്ചില്ല.

'എന്റെ ഐഡന്റിറ്റി നിങ്ങള്‍ക്ക് കിട്ടി. എങ്കില്‍ പിന്നെ FB പോസ്റ്റ് പിന്‍വലിച്ച് കൂടെ?'

'അത് അതിന്റെ ചട്ടപ്രകാരം പിന്‍വലിക്കും'

'ഇപ്പോള്‍ തന്നെ വളരെ മോശം കമന്റ്‌സ് വന്നു കഴിഞ്ഞു. അത് എനിക്കും, എന്റെ കുടുംബത്തിനും ഉണ്ടാക്കുന്ന ഇന്‍സള്‍ട്ട് വളരെ വലുതാണ്. എന്റെ പ്രൊഫഷനെ അത് ബാധിക്കും'

'നിങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് പേടിക്കുന്നത്?'

അയാളോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി. ഞാന്‍ വീട്ടില്‍ വന്ന് ക്രൈം സ്റ്റോപ്പേഴ്‌സ് നമ്പറില്‍ വിളിച്ച് കാര്യങ്ങള്‍ വീണ്ടും വിശദീകരിച്ചു.

'ആളെ കിട്ടിയ നിലക്ക് നിങ്ങള്‍ FB പോസ്റ്റ് പിന്‍വലിക്കണം'

പ്രതികരണം അത്ര പോസിറ്റിവ് ആയിരുന്നില്ലെങ്കിലും ഉച്ചയായപ്പോഴേക്കും പോസ്റ്റ് അപ്രത്യക്ഷമായി.

ഒരു പാട് ഉത്കണ്ഠകള്‍, ഡോക്ടര്‍ എന്ന നിലയിലുള്ള എന്റെ രജിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ സ്റ്റാറ്റസ്, പേര്, മാനം......., എന്നാലും അതൊന്നും എന്നെ കീഴ്‌പെടുത്താന്‍ ഞാന്‍ അനുവദിച്ചില്ല.

I will fight, ഞാനത് തീരുമാനിച്ചിരുന്നു.

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സ്റ്റേഷനില്‍ വരാന്‍ എനിക്ക് ഇമെയില്‍ വന്നു. എന്റെ സൗകര്യവും നോക്കിയിട്ടാണ് ശനിയാഴ്ച നിശ്ചയിച്ചതെന്നും അതിലുണ്ടായിരുന്നു.

ഒരു വീട് മുഴുവന്‍ കൊള്ളയടിക്കപ്പെട്ട് സ്റ്റേഷനില്‍ ചെന്നാല്‍, ആദ്യം ചോദിക്കുക വീട്ടിലെ സാധനങ്ങള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടായിരുന്നില്ലേ എന്നാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. കൊലപാതകം ഉള്‍പ്പെടാത്ത എത്രയോ റസിഡന്‍ഷ്യല്‍ കളവുകള്‍ കൃത്യമായ അന്വേഷണമില്ലാതെ പോയിരിക്കുന്നു എന്നിരിക്കെയാണ് പേയ്‌മെന്റ് നടത്തിയതിന് തെളിവുള്ള 50 ഡോളറിന്റെ പര്‍ച്ചെയ്‌സ് ആസൂത്രിതമായ theft ആയി മാറ്റിയിരിക്കുന്നത്.

ഇതിന് പിന്നില്‍ എന്തോ ഉണ്ട്, ഞാന്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

എല്ലാ വിധ worst scenarios വും ഞാന്‍ മുന്നില്‍ കണ്ടു.

ഞാന്‍ ലോയറെ സമീപിച്ചു, 'I have some concerns, പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍ ഐ ഷുഡ് ബി വിത്ത് എ ലോയര്‍. താങ്കള്‍ക്ക് എന്നെ സഹായിക്കുമോ?'

അയാള്‍ ഒരു ജൂനിയറിനെ അയച്ചു. എന്നെ ഒറ്റക്ക് വിടാന്‍ സമാധാനമില്ലാത്തതുകൊണ്ട് നിഷയും കുക്കുവും കൂടെ വന്നു.

24 മെയ് 2020.

10 മണിക്ക് ഞങ്ങള്‍ പോലീസ് സ്റ്റേഷനിലെത്തി.

ഒരു വലിയ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി കീഴടങ്ങാന്‍ വന്നിരിക്കുന്നു എന്ന മട്ടിലായിരുന്നു അവിടത്തെ അന്തരീക്ഷം.

ആദ്യം ലോയറിനെ എന്റെ കൂടെ നില്‍ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കര്‍ശന നിലപാട്. അങ്ങനെയെങ്കില്‍ ആ നിയമം കാണിക്കണമെന്ന് ലോയര്‍ ആവശ്യപ്പെട്ടപ്പോള്‍ അവരതില്‍ നിന്ന് പിന്‍വാങ്ങി. എന്നെ ഫോര്‍മലി അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം, എതിര്‍ത്താല്‍ ബലം പ്രയോഗിക്കേണ്ടി വരുമെന്നായി അടുത്ത പ്രഖ്യാപനം. പോലീസിന്റെ രീതിക്ക് തല്ക്കാലം വഴങ്ങുകയാണ് നല്ലതെന്നായിരുന്നു ലോയരുടെ ഉപദേശം.

വിലങ്ങണിയിച്ചില്ല, പകരം അവര്‍ എന്നോട് പോലിസ് വാനിന്റെ പിന്നിലുള്ള കുടുസ് ഷെല്ലില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഒരു കള്ളനാണെന്ന തോന്നലുണ്ടാക്കി എന്നെ തളര്‍ത്തുക എന്നതാണോ അവരുടെ ഉദ്ദേശ്യമെന്ന് എനിക്ക് തോന്നി.

കുറച്ചകലെ നിന്നിരുന്ന നിഷയും, കുക്കുവും ഇത് കണ്ട് പേടിച്ചിരിക്കണം. എന്നെ എവിടേക്കാണോ കൊണ്ടുപോകുന്നത് എന്ന് വിചാരിച്ച് നിഷ ഓടി പോലീസുകാരുടെ അടുത്തേക്ക് വന്നിട്ടുണ്ടാകണം.

'നതിങ് റ്റു വറി. ഞങ്ങള്‍ പ്രസന്നനെ ചോദ്യം ചെയ്യാന്‍ കൊണ്ട് പോകുകയാണ്' പോലീസുകാരന്‍ പറയുന്നത് വാനിന്റെ പിന്നിലിരുന്ന് ഞാന്‍ കേട്ടു.

സ്റ്റേഷന്റെ മുന്‍വാതിലിലൂടെ കയറി ചോദ്യം ചെയ്യല്‍ റൂമിലേക്ക് കൊണ്ടുപോകുന്നതിന് പകരം സ്റ്റേഷന്റെ പിന്‍വശത്തെ ഗേറ്റിലേക്ക് എത്തുന്ന റോഡിലൂടെയാണ് വാനിലിരുത്തി അവര്‍ എന്നെ കൊണ്ട് പോയത്. ദേഹപരിശോധന മുതലായ ഡെക്കറേഷന്‍ കൂടെ കഴിഞ്ഞാണ് കനത്ത ഇന്റെര്‍റോഗേഷന്‍ മുറി എനിക്ക് മുന്നില്‍ തുറന്നത്.

ലൈവ് വീഡിയോ റെക്കോര്‍ഡിങ് ഉണ്ടെന്നുള്ള മുന്നറിയിപ്പ് വന്നു. ഇനിയും തെളിയാത്ത ഒരു ഇന്റര്‍നാഷണല്‍ മള്‍ട്ടിഡോളര്‍ റോബറിയുടെ സൂത്രധാരനാണോ ഞാനെന്ന തോന്നലില്‍ ഞാന്‍ തളരേണ്ടതായിരുന്നു. ഒരു ഭാവഭേദവും മുഖത്ത് വരാതെ ഞാന്‍ പരമാവധി നോക്കി. രണ്ട് പോലീസ് ഓഫീസേര്‍സ് മുന്നിലിരുന്നു. ഞാനും ലോയരും വിശാലമായ മേശയുടെ ഇപ്പുറവും. മുകളില്‍ ക്യാമറകളും.

പോലീസ് എനിക്ക് മുന്നിലേക്ക് വെച്ച CCTV സ്റ്റില്‍ ഫോട്ടോസ് കണ്ടപ്പോഴാണ് ഉണ്ടായ സംഭവമെന്തെന്ന് ഞാന്‍ ഊഹിച്ചത്.

04/04/2020: അന്ന് ബോട്ടിലും വാങ്ങി കാശും കൊടുത്ത് പുറത്ത് വന്ന് കാറില്‍ കയറിയപ്പോള്‍ എനിക്കൊരു സംശയം, ബില്ലില്‍ കാശ് കൂടുതാലാണോയെന്ന്. നിഷ പറഞ്ഞു, 'ചോദിച്ചിട്ട് പോകാം' അവള്‍ കാര്‍ തിരിച്ചു.

കൗണ്ടറിന് മുന്നിലെ ലൈനില്‍ നിന്ന് എന്റെ ടേണ്‍ ആയപ്പോള്‍ കുപ്പി ക്യാഷില്‍ നില്‍ക്കുന്ന സ്റ്റാഫിന് കൊടുത്ത്, 'ഇത് ഞാനിപ്പം മേടിച്ചതാണ്, വില കണ്‍ഫേം ചെയ്യണം' എന്ന് പറഞ്ഞു. അയാള്‍ ചെക്ക് ചെയ്ത് വില പറഞ്ഞു. ശരിയാണ്, ബില്ലിലെ വില തന്നെയാണ്.

അവന്‍ കൗണ്ടറിന്റെ സൈഡിലേക്ക് വെച്ച ബോട്ടിലെടുത്ത് ഞാന്‍ പോന്നു. ആ സമയത്തെ CCTV ദൃശ്യങ്ങളെടുത്താണ് ഞാന്‍ പേയ്‌മെന്റ്‌റ് ചെയ്യാതെ ബോട്ടിലുമെടുത്ത് പോന്നുവെന്ന നിഗമനത്തില്‍ ഡാന്‍ മര്‍ഫിക്കാര്‍ പോലീസില്‍ കപ്ലയ്ന്റ് ചെയ്തിരിക്കുന്നത്. അത് കണ്ട മാത്രയില്‍ കളവ് നടന്നിട്ടുണ്ടെന്ന് പോലീസ് അനുമാനിച്ചു.

ഷോപ്പിലുള്ള ഐറ്റംസ് ചെക്ക് ചെയ്യാതെ, അന്നത്തെ വരുമാനവുമായി ഒത്ത് നോക്കാതെയാണ് ഡാന്‍ മര്‍ഫി മാനേജര്‍ പൊലീസിലേക്ക് കളവ് റിപ്പോര്‍ട്ട് ചെയ്തത്.

പോലീസ് ആണെങ്കില്‍ ഒരു തുടര്‍ അന്വേഷണത്തിനും മുതിരാതെ എന്നെ കള്ളനായി മുദ്ര കുത്തി.

പോലീസ് കാണിച്ച ഫോട്ടോസില്‍ പലതിലും എന്റെ കൈയില്‍ റസീപ്റ്റ് ഇരിക്കുന്നതായി കാണാമായിരുന്നു. എന്നിട്ട് പോലും റസീപ്റ്റ് കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടതേയില്ല.

ഏതാണ്ട് ഒരു മണിക്കൂര്‍ നേരമായിരുന്നു ഗ്രില്ലിങ്ങ്, ചോദ്യം ചെയ്യലിന് വീരപരാക്രമചക്രം ബഹുമതി ഉണ്ടായിരുന്നെങ്കില്‍ അത് ആ ഓഫീസര്‍മാര്‍ക്ക് കിട്ടുമായിരുന്നു. ഫിംഗര്‍പ്രിന്റ്, വിവിധ പോസിലുള്ള ഫോട്ടോ ഇത്യാദി കാര്യക്രമങ്ങള്‍ അന്താരാഷ്ട്ര ഗൗരവത്തില്‍ തന്നെ പൂര്‍ത്തിയാക്കി.

'ഇനിയുമുള്ള തെളിവ് ശേഖരണത്തിന് ശേഷം FIR ഇടണോന്ന് തീരുമാനിക്കും, അതിനാല്‍ പ്രസന്നന്‍ തല്‍ക്കാലം സ്വതന്ത്രനാണ്' എന്ന അനൗണ്‍സ്‌മെന്റുമായി മുഖ്യപോലീസ്‌കാരന്‍ വന്നു.

ജൂനിയര്‍ ലോയറിനെ കൊണ്ട് എനിക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായില്ല.

അപമാനിക്കപ്പെട്ടു എന്ന വേദന മനസ്സില്‍ കിടന്ന് എരിയുമ്പോഴും കൂളായി, ജീവിതം സാധാരണ പോലെത്തന്നെ മുന്നോട്ട് പോയി.

പിന്നീടുള്ള ഒരാഴ്ച നീണ്ട ലോയറുടെ ഇമെയില്‍ കമ്മ്യൂണിക്കേഷന് ഒടുവില്‍, പോലീസ് ഏറ്റവും ആദ്യം ചെയ്യേണ്ടിയിരുന്ന നടപടിയിലേക്കെത്തി.

'Please email the copy of the receipt of purchase'

ലോയര്‍ റസീപ്റ്റ് അയച്ചു കൊടുത്തു.

അത് കഴിഞ്ഞ് ഒരാഴ്ച്ചയെടുത്തു.

'Your client Prasannan is exonerated , ഇനി പ്രസന്നനെതിരെ ഒരു നടപടിയും ഉണ്ടാവില്ല' എന്റെ ലോയര്‍ക്ക് പോലീസിന്റെ ഇമെയില്‍.

ഇല്ലാത്ത കുറ്റം ആരോപിച്ച്, അപമാനിക്കാവുന്നതിന്റെ, മാനസികമായി പീഡിക്കാവുന്നതിന്റെ പരമാവധിയില്‍ എത്തിച്ചിട്ട് അവരെന്നെ കുറ്റവിമുക്തനാക്കിയിരിക്കുന്നു.

ഞാന്‍ തീരുമാനിച്ചു, ഇത് ഇങ്ങിനെ വിട്ടാല്‍ പറ്റില്ല.

'ഇത്രയും ആയ നിലക്ക് ഇനി പോലീസിനെതിരെ പോകണോ?' ലോയര്‍ ചോദിച്ചു.

ഞാന്‍ ഫീസ് കൊടുത്ത് ലോയറോട് ഗുഡ് ബൈ പറഞ്ഞു.

പിന്നെ ആയിരുന്നു എന്റെ റിയല്‍ ഹാര്‍ഡ് വര്‍ക്ക്.

വിവരാവകാശ കമ്മീഷന്‍ വഴി പോലീസ് നടപടികളുടെ മുഴുവന്‍ രേഖകളും സ്റ്റേഷനില്‍ നിന്ന് ശേഖരിച്ചു. ഷോപ്പിലെ CCTV യില്‍ നിന്ന് എന്റെ കാറിന്റെ നമ്പര്‍ കിട്ടിയിട്ടും ഉടമസ്ഥന്‍ ആരെന്ന് തിരയാതെയാണ് എന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതെന്നുള്ളതിനുള്ള തെളിവും അതിലുണ്ടായിരുന്നു.

ഒപ്പം വെസ്റ്റേണ്‍ വേള്‍ഡില്‍ എവിടെയെങ്കിലും ഇത്തരം പോലീസ് സംഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ അടിമുടി തിരഞ്ഞു. സൈബര്‍ലോകത്ത് കിട്ടാവുന്ന ഓസ്‌ട്രേലിയയിലെ ഡിഫമേഷന്‍ ലോയേഴ്‌സിന്റെ പ്രൊഫൈലുകള്‍ മുഴുവന്‍ ഇന്‍ ഡെപ്ത്ത് ഞാന്‍ വായിച്ചു .

അതിതീവ്രമായ സൈബര്‍ പര്യവേക്ഷണത്തിനെടുവില്‍ Stewart O'Connell സീനിലേക്ക് വന്നു..

17 ജൂലൈ 2020.

എനിക്ക് വെകുന്നേരം സ്റ്റീവാര്‍ട്ടിന്റെ ഇമെയില്‍ വന്നു.

'പ്രസന്നന്‍ അയച്ച വിവരങ്ങള്‍ ഞങ്ങള്‍ വിശദമായി തന്നെ പഠിച്ചു. ഇതൊരു genuine case ആണ്. ഞങ്ങളേറ്റ് എടുക്കുന്നു with no upfront fee'

പിന്നെയൊരു രണ്ട് വര്‍ഷക്കാലം,

സ്റ്റീവാര്‍ട്ടും ടീമും എനിക്ക് വേണ്ടി നടത്തിയ നിയമപോരാട്ടമായിരുന്നു. മാധ്യമങ്ങളില്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ വന്നു.

'ഇല്ലാത്ത കളവിന്റെ പേരില്‍ അപമാനിക്കപ്പെട്ട ഡോക്ടര്‍ പ്രസന്നന്‍ പൊങ്ങണംപറമ്പില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുന്നു' ഓസ്‌ട്രേലിയന്‍ മീഡിയ അറിഞ്ഞോ അറിയാതെയോ കൂടെ നിന്നു.

കിട്ടാവുന്നതില്‍ വെച്ച് ഒരു നല്ല സെറ്റില്‍മെന്റിന് ഞാന്‍ സമ്മതിച്ചു. ഇവിടെ ചെയ്യാവുന്നത് പോലീസ് തന്ന letter of apology പ്രസിദ്ധീകരിക്കുക എന്നതാണ്.

എന്താവുമെന്ന് ഒരു രൂപവുമില്ലാതെ, എന്നാല്‍ എന്തെങ്കിലുമാക്കിയിട്ടേ അടങ്ങൂ എന്ന് തീരുമാനിച്ചിറങ്ങിയ എനിക്ക് നിയമത്തിന്റേതായ പോംവഴി കാണിച്ചു തന്ന സ്റ്റീവാര്‍ട്ടിനും, O'Brien Criminal & Civil Solicitors നും നന്ദി പറയുന്നു.

എനിക്ക് വേണ്ടി ഏറ്റവും ശക്തമായ ഭാഷയില്‍ പോലീസ് മിനിസ്റ്ററോടും പോലീസ് ചീഫിനോടും പ്രതിഷേധം അറിയിച്ച മെമ്പര്‍ ഓഫ് പാര്‌ലമെന്റ് ആയിരുന്ന Mr Edward John O'Donohue ഈ യാത്രയില്‍ എനിക്ക് പകര്‍ന്ന കരുത്ത് പറഞ്ഞറിയിക്കാനാവാത്തതാണ്.

ഒപ്പം കൂടെ തന്ന എല്ലാ സുഹൃത്തുക്കളോടും, വാര്‍ത്ത കണ്ട് എന്നെ തേടിപ്പിടിച്ച് പിന്തുണ അറിയിച്ച അജ്ഞാതരോടും, പിന്നെ കട്ടക്ക് നിന്ന എന്റെ കൂട്ടുകാരി നിഷയോടും, മകള്‍ കുക്കുവിനോടുമുള്ള എന്റെ കടപ്പാട് ഓര്‍മ്മിക്കുകയും ചെയ്യുന്നു.

ചെയ്ത തെറ്റ് സമ്മതിക്കുകയും, താമസിച്ചിട്ടാണെങ്കിലും അത് ഒരാളുടെ ജീവിതത്തിലുണ്ടാക്കിയ മുറിവ് തിരിച്ചറിയുകയും, തിരുത്തല്‍ നടപടികളെടുക്കുകയും ചെയ്ത വിക്ടോറിയ പോലീസ് ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗരൂകരാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

എനിക്ക് കിട്ടിയ നീതി ലോകത്ത് ഒരു പാട് പേര്‍ക്ക് കിട്ടാതെ പോയിട്ടുണ്ടെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. അവര്‍ക്ക് വേണ്ടി ഞാനിത് സമര്‍പ്പിക്കുന്നു.

Cheers!

Next Story