Top

'റിയാസിന്റെ സെക്യൂരിറ്റിയാണോ?'; മന്ത്രിയുടെ കാര്‍ ഡോറില്‍ തൂങ്ങിയ ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനം

10 March 2022 1:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിയാസിന്റെ സെക്യൂരിറ്റിയാണോ?; മന്ത്രിയുടെ കാര്‍ ഡോറില്‍ തൂങ്ങിയ ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനം
X

ആലപ്പുഴ കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം ഉദ്ഘാടനടങ്ങിന് ശേഷം മന്ത്രി മുഹമ്മദ് റിയാസിനൊപ്പം തുറന്ന വാഹനത്തില്‍ സഞ്ചരിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ വ്യാപക വിമര്‍ശനം. ആഡംബരക്കാറിന്റെ സണ്‍റൂഫിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് നീങ്ങിയ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് ഒപ്പമായിരുന്നു ചെന്നിത്തലയുടെ യാത്ര. എന്നാല്‍ കാറിന്റെ ഡോറില്‍ തൂങ്ങിയുള്ള ചെന്നിത്തലയുടെ നില്‍പ്പാണ് പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍പ്പെടെ പ്രകോപിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യാഴാഴ്ച രാവിലെ 11ന് ജനങ്ങള്‍ക്കു തുറന്ന് കൊടുത്തത്. ഇതിന് ശേഷമായിരുന്നു ചെന്നിത്തലയുടെയും മുഹമ്മദ് റിയാസിന്റെയും റോഡ് ഷോ. പിന്നാലെ ട്രോള്‍ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ വിഷയം ചൂടുള്ള ചര്‍ച്ചയായി മാറുകയായിരുന്നു.



വലിയ അഴീക്കല്‍ പാലം ഉദ്ഘാടന ചടങ്ങില്‍ വച്ച് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടിവന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയെയും പാര്‍ട്ടിയെയും പരിഹസിച്ച് മുഖ്യമന്ത്രിയുടെ നടപടിയും വ്യാപക ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് പ്രസംഗത്തില്‍ സൂചിപ്പിച്ചത് ഏറ്റുപിടിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.പിന്നീട് പ്രസംഗിച്ച മുഖ്യമന്ത്രി തെരഞ്ഞെടുപ്പിലെ തിരിച്ചടി പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു പരിഹാസം ഉന്നയിച്ചത്. 'നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ?' എന്നയിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ആലപ്പുഴയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് തീരദേശ ഹൈവേയുടെ ഭാഗമാണ് വലിയഴീക്കല്‍ പാലം.


Content Highlight: valiyazheekkal bridge inauguration road show with PA Mohamed Riyas and Ramesh Chennithala

Next Story