Top

സാര്‍ പറ്റുമെങ്കില്‍ ഒന്ന് ഹാജരാകണം, 'ലെ യുപി പൊലീസ്'; കൊലക്കേസൊക്കെ എന്ത്? ട്രോള്‍

10 Oct 2021 11:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാര്‍ പറ്റുമെങ്കില്‍ ഒന്ന് ഹാജരാകണം, ലെ യുപി പൊലീസ്; കൊലക്കേസൊക്കെ എന്ത്? ട്രോള്‍
X

ലഖിംപുരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റി നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റുണ്ടായതിന് പിന്നാലെ ട്രോളുകളും നിറയുകയാണ്. ഉത്തര്‍പ്രദേശ് പൊലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന വാദങ്ങള്‍ ശക്തിയാര്‍ജിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളുണ്ടായിരുന്നു. യുപി പൊലീസിന് പ്രതികളെ പിടിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന ട്രോളന്മാര്‍ ബിജെപിയെയും കണക്കിന് പരിഹസിക്കുന്നുണ്ട്. സംഘ്പരിവാര്‍ ട്രോള്‍, ഐസിയു തുടങ്ങിയ മലയാളം ട്രോള്‍ ഗ്രൂപ്പുകളിലാണ് പ്രധാനമായും ട്രോളുകള്‍.


ശാസ്ത്രീയമായ തെളിവുകളാണ് മന്ത്രിയുടെ മകനെ കുടുക്കിയതെന്നാണ് റിപ്പോര്‍ട്ട്. ലഖിംപൂര്‍ സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്ന വാദമാണ് പ്രധാനമായും ആശിഷ് മിശ്ര ഉയര്‍ത്തിയത്. സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് നിന്നും അഞ്ച് കിലോമീറ്ററോളം മാറിയുള്ള ഒരു പ്രദേശത്ത് ഗുസ്തി മത്സരം കാണുകയായിരുന്നു എന്നായിരുന്നു ആശിഷ് മിശ്രയുടെ വാദം. ഇത് തെളിയിക്കാന്‍ ചില സാക്ഷിമൊഴികളും വിഡിയോകളും ആശിഷ് ഹാജരാക്കിയതായാണ് വിവരം. വാഹനത്തില്‍ ഉണ്ടായിരുന്നെന്ന എഫ്ഐആറിലെ പരാമര്‍ശം തെറ്റാണെന്ന് തെളിയിക്കാനായിരുന്നു ആശിഷ് മിശ്രയുടെ ശ്രമം.


എന്നാല്‍, ആലബൈ ( കുറ്റകൃത്യം നടന്ന സമയം പ്രതി മറ്റൊരിടത്തായിരുന്നു എന്ന വാദം) അന്വേഷണ സംഘം തെളിവുകള്‍ നിരത്തി എതിര്‍ത്തതോടെയാണ് അറസ്റ്റിലേക്ക് നീണ്ടത്. ഈ തെളിവുകള്‍ സംബന്ധിച്ച് കര്‍ഷകരും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഗുസ്തി മത്സരം നടക്കുന്ന സ്ഥലത്ത് ആശിഷ് മിശ ഉണ്ടായിരുന്നു എങ്കിലും ഇട സമയത്ത് രണ്ട് മണിക്കൂറോളം അവിടെ നിന്നും കാണാതായിരുന്നു എന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരില്‍ ചിലര്‍ മൊഴി നല്‍കി. രണ്ട് മണിയ്ക്കും നാല് മണിയ്ക്കും ഇടയില്‍ മത്സര സ്ഥലത്ത് ആശിഷ് ഇല്ലായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഈ വാദം മൊബൈല്‍ ലൊക്കേഷന്‍ പൊളിച്ചു.

കുറ്റകൃത്യം നടന്ന സ്ഥലത്തെ ടവര്‍ ലൊക്കേഷന് പരിധിയില്‍ അശിഷ് ഉണ്ടായിരുന്നുവെന്ന് കര്‍ഷകര്‍ പൊലീസിനോട് ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം, അതേ ടവറിന് കീഴില്‍ വന്നത് കര്‍ഷകരുടെ മേല്‍ കാര്‍ പാഞ്ഞുകയറിയ സ്ഥലത്തിന് അടുത്തുള്ള തന്റെ റൈസ് മില്ലിലായിരുന്നുവെന്നാണ് മിസ്റ്റര്‍ മിശ്ര പോലീസിനോട് പറഞ്ഞത്. ഇത് കര്‍ഷകരുടെ സാക്ഷി മൊഴികള്‍ക്ക് വിരുദ്ധമാണ്.

കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റിയ മഹീന്ദ്ര ഥാര്‍ ഓടിച്ചത് ആശിഷ് മിശ്രയുടെ കുടുംബത്തിലെ ഡ്രൈവറായ ഹരി ഓം ആണെന്ന് എഫ്ഐആറിലെ പരാമര്‍ശം. എന്നാല്‍ പുറത്ത് വന്ന വീഡിയോകളില്‍ വെളുത്ത ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ച ഒരാള്‍ വാഹനം ഓടിക്കുന്നത് വ്യക്തമാണ്. കാര്‍ ഇടിച്ച കയറ്റിയതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഹരി ഓം മഞ്ഞ കുര്‍ത്തയാണ് ധരിച്ചിരുന്നത്.

ലഖിംപുര്‍ സംഭവത്തില്‍ കൊലക്കുറ്റം ചുമത്തികേസെടുത്ത് അഞ്ച് ദിവസം പിന്നിടുമ്പോഴാണ് ആശിഷ് മിശ്രയുടെ അറസ്റ്റ്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജറാവാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജറായില്ല. ഇതിനിടെ കേസ് പരിഗണിച്ച സുപ്രീം കോടതി യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് നടപടികള്‍ വേഗത്തിലായത്.

Next Story