Top

ഹിന്ദി പറഞ്ഞതിന് മുഖത്തടി; 'ജയ് ഭീം' രംഗത്തില്‍ പ്രകാശ് രാജിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം

തിരക്കഥയോടുള്ള എതിർപ്പിന് അഭിനേതാവിനെ വിമര്‍ശിക്കുന്നതിന്റെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

3 Nov 2021 7:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിന്ദി പറഞ്ഞതിന് മുഖത്തടി; ജയ് ഭീം രംഗത്തില്‍ പ്രകാശ് രാജിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം
X

ടി ജെ ജ്ഞാനവേല്‍ ചിത്രം ജയ് ഭീമിലെ രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം. കഴിഞ്ഞദിവസം ആമസോണ്‍ പ്രൈംവഴി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തിന്റെ മുഖത്ത് പ്രകാശ് രാജ് അടിക്കുന്ന രംഗത്തിനെതിരെയാണ് ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തില്‍ പൊലീസ് വേഷത്തിലെത്തുന്ന പ്രകാശ് രാജ് ചോദ്യം ചെയ്യലിനിടെ ഹിന്ദിയില്‍ സംസാരിക്കുന്ന കഥാപാത്രത്തിന്റെ മുഖത്തടിച്ച് തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നതാണ് വിവാദ രംഗം. മലയാളമുള്‍പ്പടെയുള്ള മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ കഥാപാത്രത്തോട് തമിഴിന് പകരം മറ്റ് പ്രാദേശിക ഭാഷകള്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്ന രീതിയില്‍ രംഗത്തിന് മാറ്റം വരും. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ കഥാപാത്രത്തിന്റെ മുഖത്തടിച്ച് 'സത്യം പറയണം' എന്നാണ് പ്രകാശ് രാജ് ആവശ്യപ്പെടുന്നത്.

അതേസമയം, പ്രാദേശിക വാദത്തോട് ചേര്‍ത്ത് നിര്‍ത്തി രംഗത്തെ വിമര്‍ശിച്ചാണ് ട്വിറ്ററില്‍ രംഗത്ത് അഭിനയിച്ച പ്രകാശ് രാജിനെതിരെ പ്രതിഷേധമുയരുന്നത്. ഹിന്ദി ഭാഷയെ മനപൂര്‍വ്വം അവഹേളിക്കുന്നതാണെന്ന് വിമര്‍ശകര്‍ പറയുന്നു. പ്രകാശ് രാജ് തന്റെ ഗൂഢ അജണ്ടകളെയും രാഷ്ട്രീയത്തെയും പ്രചരിപ്പിക്കാനാണ് ഇത്തരം രംഗത്തിലൂടെ ഉദേശിക്കുന്നുണ്ടെന്നും ചിലര്‍ ആരോപിക്കുന്നു. രംഗം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിഷേധം തുടരുന്നത്.

ഈ വാദത്തെ എതിര്‍ക്കുന്ന മറ്റൊരു വിഭാഗം രംഗത്തെ വിശദീകരിക്കാനും ശ്രമിക്കുന്നുണ്ട്. ഹിന്ദി അറിയാത്ത പ്രകാശ് രാജിന്റെ കഥാപാത്രത്തെ തമിഴ് (പ്രാദേശിക ഭാഷ) അറിയാമായിരുന്നിട്ടും ഹിന്ദിയില്‍ സംസാരിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ചിത്രത്തില്‍ ആ മുഖത്തടിയുണ്ടാകുന്നതെന്നാണ് ഒരാളുടെ വിശദീകരണം.



തിരക്കഥയോടുള്ള എതിർപ്പിന് അഭിനേതാവിനെ വിമര്‍ശിക്കുന്നതിന്റെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എഴുത്തുകാരനോടും സംവിധായകനോടും ഉണ്ടാവേണ്ട വിമര്‍ശനം. നടനില്‍ തന്നെ കേന്ദ്രീകരിക്കപ്പെടുന്നതിന് പിന്നില്‍ വ്യക്തിപരവും രാഷ്ട്രീയപരവുമായ ആക്രമണമാണ് ലക്ഷ്യം വെയ്ക്കുന്നെന്നാണ് ഇവരുടെ പക്ഷം.

Next Story