Top

'ഇതാണ് കേരളത്തിന്റെ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ്'; ചിത്രം വൈറല്‍

അഭിമാനമാണ് കേരളമെന്നാണ് ചിത്രം പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്.

10 Feb 2022 3:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതാണ് കേരളത്തിന്റെ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ്; ചിത്രം വൈറല്‍
X

വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിലെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ചടങ്ങില്‍ ഹിജാബ് ധരിച്ച് സ്വാഗത ഗാനം പാടുന്ന വിദ്യാര്‍ഥിനികളുടെ ചിത്രമാണ് കേരളത്തിന്റെ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് എന്ന രീതിയില്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കര്‍ണാടകയിലെ ഹിജാബ് നിരോധന വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ശ്രദ്ധേയമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ തുടങ്ങിയവരെയും ചിത്രത്തില്‍ കാണാം.

അഭിമാനമാണ് കേരളമെന്നാണ് ചിത്രം പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്.


ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് കൊടുക്കേണ്ടത് എങ്ങനെയാണെന്നതിന്റെ ഉദാഹരണമാണ് ഈ ചിത്രമെന്ന് ആര്‍.ജെ സലീം അഭിപ്രായപ്പെട്ടു. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നല്‍കുന്നതില്‍ പ്രസംഗത്തിനും ഡയലോഗിനുമൊക്കെ പരിമിതിയുണ്ട്. ഹിജാബില്‍ തൂങ്ങി പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കാതെ കുട്ടികളുടെ വിദ്യാഭ്യാസവും നീതിയും മതസ്വാതന്ത്ര്യവും പൗരാവകാശവുമൊക്കെ നിഷേധിക്കപ്പെടുന്ന സമയത്താണ് ഇതൊക്കെ എങ്ങനെയാവണമെന്ന് കേരളം കാണിച്ചുകൊടുക്കുന്നത്. ഇവിടെയൊരു ഭരണഘടനയുണ്ടെന്ന് ഉറപ്പ് കൊടുക്കുകയാണ് കേരളമെന്നും ആര്‍.ജെ സലീം പറഞ്ഞു.

ആര്‍ജെ സലീം പറഞ്ഞത്: എങ്ങനെയാണു ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് കൊടുക്കേണ്ടത്? പ്രസംഗത്തിനും, ഡയലോഗിനുമൊക്കെ പരിമിതിയുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ ജാതിക്കാരെയും കയറ്റണമെന്നു വെറുതെ പറയുകയല്ല കമ്മ്യുണിസ്റ്റുകാരനായ കൃഷ്ണപിള്ള ചെയ്തത്. ഗുരുവായൂര്‍ ക്ഷേത്രസോപാനത്തില്‍ തൂക്കിയിരുന്ന മണി കേറിയങ്ങു അടിക്കുകയാണ് ചെയ്തത്. മേല്‍ജാതിക്കാര്‍ കൂട്ടം ചേര്‍ന്ന് തല്ലിയിട്ടും, തൊട്ടടുത്ത ദിവസം വീണ്ടും അടിച്ചു. അത്. അതാണ് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ്. ചരിത്രത്തില്‍ അത് കല്ലിച്ചങ്ങനെ കിടക്കും.

രാജ്യത്തു കര്‍ണാടക വിഷയം കത്തി നില്‍ക്കുകയാണ്. ഹിജാബില്‍ തൂങ്ങി പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കാത്ത സംഘികളും, കൂടെ മുതലെടുക്കാന്‍ ഇസ്ലാമിസ്റ്റുകളും. നിഷേധിക്കപ്പെടുന്നത്, വിദ്യാഭ്യാസമാണ്, നീതിയാണ്, മത സ്വാതന്ത്ര്യമാണ്, പൗരാവകാശമാണ്. അവിടെയാണ് ഈ ദൃശ്യത്തിന്റെ പ്രസക്തി.

സ്‌കൂള്‍ കെട്ടിട ഉല്‍ഘാടനത്തിനെ അങ്ങനെ തന്നെ ഒരു പൊളിറ്റിക്കല്‍ ഇവന്റായി മാറ്റിയിരിക്കുന്നു. വിദ്യഭ്യാസം, സ്വാതന്ത്ര്യം, നീതി, പൗരാവകാശം, മത സ്വാതന്ത്ര്യം. ഇതെല്ലാം എങ്ങനെ ആവണമെന്ന് കേരളം കാണിച്ചുകൊടുക്കുകയാണ്. ഇവിടെയൊരു ഭരണഘടനയുണ്ടെന്ന് ഉറപ്പ് കൊടുക്കുകയാണ്. അന്‍പത്തിമൂന്ന് പുത്തന്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉല്‍ഘാടനം ചെയ്യുമ്പോഴല്ലാതെ പിന്നെപ്പോഴാണ് ഇങ്ങനെയൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുക? ഈ കേരളം പോലെ ആകാതെ നോക്കൂ എന്നാണ് യോഗി യൂപിയോടു പറയുന്നത്. അല്ലെങ്കിലും അത് കേരളമായാല്‍ പിന്നെ അവിടെ യോഗിക്കെന്ത് കാര്യം. ശവമില്ലെങ്കില്‍ പിന്നെന്തിനു കഴുകന്‍ ?

Next Story