സ്കിപിംഗ് റോപ്പുമായി കേന്ദ്ര കായികമന്ത്രിയുടെ പ്രോ പെർഫോമന്‍സ്; പ്രകടനം ഇന്ത്യടുഡേ കോണ്‍ക്ലേവ് വേദിയില്‍
കുര്‍ത്ത-പൈജാമ വേഷത്തിലായിരുന്നു മന്ത്രി സ്കിപിംഗ് റോപ് ട്രിക്കുകള്‍ അവതരിപ്പിച്ചത്.
10 Oct 2021 12:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യ ടുഡേ കോണ്‍ക്ലേവ് വേദിയില്‍ കാണികളെ അമ്പരപ്പിച്ച കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അനുരാഗ് ഠാക്കൂറിന്റെ സ്കിപ്പിംഗ് പ്രകടനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. 2021 -ലെ കോണ്‍ക്ലേവ് വേദിയില്‍ ഇന്ത്യ ടുഡേയുടെയും ആജ് തകിന്റെയും ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാളിന്റെ വെല്ലുവിളിയേറ്റെടുത്തായിരുന്നു മന്ത്രിയുടെ പ്രകടനം.
തന്റെ ജമ്പിംഗ് റോപ്പുപയോഗിച്ചുള്ള മന്ത്രിയുടെ 'പ്രോ പെര്‍ഫോമന്‍സ്' കാണികളുടെ കൈയ്യടി നേടി. കുര്‍ത്ത-പൈജാമ വേഷത്തിലായിരുന്നു മന്ത്രി സ്കിപിംഗ് റോപ് ട്രിക്കുകള്‍ അവതരിപ്പിച്ചത്.
'അവരുടെ വെല്ലുവിളിക്ക് മുന്നില്‍ നിങ്ങള്‍ക്ക് രണ്ട് വഴികളാണുള്ളത്, ഒന്നുകില്‍ സ്കിപ് ചെയ്യുക (ഒഴിഞ്ഞുമാറുക) അല്ലെങ്കില്‍ ഒരു ചാമ്പ്യന്റെ പ്രകടനം കാഴ്ചവെയ്ക്കുക. കോണ്‍ക്ലേവില്‍ നിന്നുള്ള തന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് അനുരാഗ് ഠാക്കൂര്‍ പറയുന്നു.
ഒരു കായിക രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ ഇതുവരെയുള്ള യാത്രയെക്കുറിച്ചും അനുരാഗ് ഠാക്കൂര്‍ കോണ്‍ക്ലേവില്‍ സംസാരിച്ചു. കായിക താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിന് കൂടുതല്‍ മത്സരങ്ങളും പരിപാടികളും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കായിക സംസ്കാരം സൃഷ്ടിക്കുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. അതിന് ആദ്യം കഴിവുകളെ തടയുന്ന സംസ്കാരത്തില്‍ നിന്ന് കായിക സംസ്കാരത്തിലേക്ക് രാജ്യം വളരണം. അതിന് ജനങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.