Top

'നീ വേറെയൊന്ന്വല്ല, കണ്ണ് കലങ്ങല്ലേ...' ഇതാണ് കേരളമെന്ന് സോഷ്യല്‍ മീഡിയ

22 Feb 2022 6:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നീ വേറെയൊന്ന്വല്ല, കണ്ണ് കലങ്ങല്ലേ...  ഇതാണ് കേരളമെന്ന് സോഷ്യല്‍ മീഡിയ
X

പര്‍ദ്ദ ധാരിയായ സ്ത്രീയെ ചേര്‍ത്ത് പിടിച്ച് ആശ്വസിച്ച് മുത്തപ്പന്‍ തെയ്യ കോലധാരി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വീഡിയോ. തന്റെ സങ്കടങ്ങള്‍ മുത്തപ്പനോട് പറയുന്ന സ്ത്രീയും അവരെ ആശ്വസിപ്പിച്ചുകൊണ്ടുള്ള മുത്തപ്പന്‍ തെയ്യത്തിന്റെ വാക്കുകളുമാണ് പ്രശംസ പിടിച്ച് പറ്റുന്നത്. കര്‍മ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും മാറി നില്‍ക്കേണ്ടവരെല്ലെന്ന് വ്യക്തമാക്കി സ്ത്രിയോട് വിഷമങ്ങള്‍ ചോദിക്കുകയും സമാധാനിപ്പിക്കുകയുമാണ് മുത്തപ്പന്‍ തെയ്യ കോലധാരി.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോ കേരളത്തിന്റെ മതേതര ഉദാഹരണമാണ് എന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു.മുത്തപ്പന്‍ തെയ്യ കോലധാരിയുടെ വാക്കുകളിങ്ങനെ-

' നീ വേറെയൊന്ന്വല്ല ഇട്വാ...

അങ്ങനെ തോന്നിയാ...

കര്‍മ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും ഞാന്‍ വേറെയാണ് മുത്തപ്പാ എന്ന് തോന്നിപ്പോയോ...

നിനക്ക് നിന്റെ ജീവിതത്തില്‍ അങ്ങനെ തോന്നിയാലും എന്റെ മുന്നില്‍ ല്‍ അങ്ങനെ പറയല്ലേ...

മുത്തപ്പന കണ്ട്വാ..

സന്തോഷമായോ..

എന്നാ പറയാന്ല്ലത് മുത്തപ്പനോട്

നിന്റെ ജീവിതയാത്രയില്‍ എന്തെങ്കിലും പ്രയാസമുണ്ടോ നിനക്ക്.

ഒരു പാട് ബുദ്ധിമുട്ടുകളുണ്ട് നിനക്ക്.

ദൈവത്തിനറിയാം.......

അകമഴിഞ്ഞ ഭക്തി വിശ്വാസത്തിന്റെ പ്രാര്‍ത്ഥന എന്റെ ദൈവത്തിന് എന്നെ തിരിച്ചറിയാന്‍ പറ്റും .

കണ്ണ് കലങ്ങല്ലേ....

മടയാ

കണ്ണ് നിറഞ്ഞിറ്റാന്നല്ല ഇല്ലത്.

അഞ്ച് നേരത്തെ നിസ്‌കാരത്തെ അനുഷ്ഠിക്കുന്നുണ്ട്.

പതിനേഴ് റക്കായത്തുകളെ അനുഷ്ഠിക്കുന്നുണ്ട്.

എങ്കിലും എനിക്ക് ശാശ്വതമായിരിക്കുന്ന സന്തോഷം ഈ ഭൂമിയില്‍ ഇതുവരെ കിട്ടീട്ടില്ല തമ്പുരാനേ എന്ന ഈശ്വര ഭക്തിയോടെ

എന്ന മനസ്സിന്റെ പരിഭവത്തോടെയാണ് എന്റെ കയ്യരികേ വന്നിട്ടുള്ളത്.

ആര്‍ക്കും ഈ ജീവിതത്തില്‍ അപരാധവും തെറ്റ് കുറ്റവും ഒന്നും ഞാന്‍ ചെയ്തിട്ടില്ല.

ഈ. ജന്മം കൊണ്ട് ഒരു പിഴവുകളും എന്റെ കയ്യിന്ന് വന്ന് പോയിട്ടില്ല ദൈവേ...

എല്ലാവര്‍ക്കും നല്ലത് വരണമെന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ.

എന്നെ ഉപദ്രവിച്ചവര്‍ക്കു പോലും എന്നെ ഉപദ്രവിച്ച ശത്രുക്കള്‍ക്ക് പോലും നല്ലത് വരണമെന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു ദൈവേ...

എന്നിട്ടും എന്തേ എന്റെ ദൈവം എന്നെ തിരിഞ്ഞ് നോക്കാത്തത്.

എല്ലാവര്‍ക്കും എല്ലാ സന്തോഷവും എന്റെ ദൈവം കൊടുക്കുന്നില്ലേ..

എന്നിട്ടും എന്തെ ദൈവേ എന്നെ ഇങ്ങനെ പ്രയാസത്തിലാക്ക്ന്നത്.

എന്റെ മക്കള്‍ക്ക് എന്റെ കുടുംബത്തിന്

എന്തുകൊണ്ട് എന്റെ ദൈവം തുണയായി നില്ക്കുന്നില്ല.

എന്ന ഒരു തോന്നല്‍ നിന്റെ ഉള്ളിലുണ്ട്.

പരിഭവം നിറഞ്ഞ പരാതിയുമായി നീ വന്നതെങ്കില്‍ കണ്ണ് നിറയല്ല കേട്വാ..,

പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല എനിക്ക്.

ഞാന്‍ നിന്റെ നാഥന്‍ തന്നെ

തമ്പുരാനെ എന്നല്ലേ വിളിക്കേണ്ടത്.

നബിയെന്നോ മലയില്‍ വാഴും മഹാദേവന്‍ പൊന്മല വാഴും മുത്തപ്പനെന്നോ വേര്‍തിരിവ് നിങ്ങള്‍ക്കില്ല.

പള്ളിയും പള്ളിയറയും മുത്തപ്പനൊരു പോലെയാ.

നിറഞ്ഞൊഴുകിയ കണ്ണരിന് തുല്യമായിട്ട് ജീവിതകാലത്തിന്റെ യാത്രയില്‍

സമാധാനവും സന്തോഷവും ഈശ്വരന്‍ തന്നാല്‍ പോരേ...

പറഞ്ഞ വാക്ക് പതിരുപോലെ ആക്കിക്കളയാതെ

കതിര് പോലെ മുത്തപ്പന്‍ തന്നാ പോരേ..

ചേര്‍ത്ത് പിടിക്ക.

ഇത് വെറും വാക്കല്ല....'

(കോലക്കാരന്‍ സനി പെരുവണ്ണാന്‍)


STORY HIGHLIGHTS: Social media viral Video Muthappan theyyam

Next Story