Top

'മിഥുനത്തിലെ ദാക്ഷായണി ബിസ്ക്കറ്റ്' മുതൽ 'ദേശം' വരെ; 'ബേസിൽ സിനിമാറ്റിക്ക് യൂണിവേഴ്‌സ്' ബ്രില്യൻസുകൾ തിരഞ്ഞ് സോഷ്യൽ മീഡിയ

നിരവധി ബ്രില്യൻസുകളാണ് പലരും കണ്ടുപിടിച്ചിരിക്കുന്നത്.

25 Dec 2021 2:21 PM GMT
ഫിൽമി റിപ്പോർട്ടർ

മിഥുനത്തിലെ ദാക്ഷായണി ബിസ്ക്കറ്റ് മുതൽ ദേശം വരെ; ബേസിൽ സിനിമാറ്റിക്ക് യൂണിവേഴ്‌സ് ബ്രില്യൻസുകൾ തിരഞ്ഞ് സോഷ്യൽ മീഡിയ
X

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം മിന്നൽ മുരളി കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് എല്ലാ കോണുകളിൽ നിന്നും നേടുന്നത്. സിനിമയ്ക്ക് ഉള്ളിലെ ബ്രില്യൻസുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്.

സിനിമയിലെ ഒരു രംഗത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന ജയ്സൺ റിങ് ഗെയിമിൽ ഒരു പാക്കറ്റ് ബിസ്ക്കറ്റ് നേടുന്നുണ്ട്. ആ ബിസ്കറ്റിന് നൽകിയിരിക്കുന്ന പേര് ദാക്ഷായണി ബിസ്കറ്റ്‌സ് എന്നാണ്. മിഥുനം എന്ന ചിത്രത്തിൽ മോഹൻലാൽ ആരംഭിക്കുന്ന ബിസ്കറ്റ് കമ്പനിയുടെ പേരിന്റെ ഒരു റഫറൻസ് ആണിത്.



അതുപോലെ ബേസിൽ ജോസഫിന്റെ ആദ്യചിത്രം കുഞ്ഞിരാമായണത്തിന്റെ ചില റഫറൻസുകളും സിനിമയിൽ കാണാൻ സാധിക്കും. കുഞ്ഞിരാമായണത്തിലെ ദേശം എന്ന സ്ഥലത്തെക്കുറിച്ച് മിന്നൽ മുരളിയിൽ പരാമർശിക്കപ്പെടുന്നുണ്ട്. അതേപോലെ തന്നെ സിനിമയിലെ ബേസിൽ ജോസഫിന്റെ കാമിയോ അപ്പിയറൻസും കുഞ്ഞിരാമായണത്തിലെ അതെ കഥാപാത്രമായി തന്നെയാണ്.





മിന്നൽ മുരളിയുടെ കഥ നടക്കുന്നത് 'കുറുക്കൻമൂല' എന്ന സാങ്കൽപിക ഗ്രാമത്തിലാണ്. സിനിമയിലെ വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന നമ്പർ പ്ലേറ്റ് ആരംഭിക്കുന്നതും 'കെ എം' എന്നാണ്. കുറുക്കൻമൂല എന്നതിന്റെ ചുരുക്കമാണ് കെ എം എന്നും സോഷ്യൽ മീഡിയ പറയുന്നു. ഇത്തരത്തിൽ നിരവധി ബ്രില്യൻസുകളാണ് പലരും കണ്ടുപിടിച്ചിരിക്കുന്നത്.



ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേൽപ്പായിരുന്നു തുടക്കം മുതലേ 'മിന്നൽ മുരളി'ക്ക് ലഭിച്ചുകൊണ്ടിരുന്നത്. 24ന് ഉച്ചയ്ക്ക് 1.30നായിരുന്നു റിലീസ്. ചിത്രത്തിൻറെ ആദ്യ പ്രതികരണങ്ങൾ നാലരയോടെ എത്തിത്തുടങ്ങിയിരുന്നു. അടുത്തകാലത്തൊന്നും ഇത്രയും ആകാംഷനിറഞ്ഞതും എന്നാൽ റിലീസിന് ശേഷം അതെ ആവേശം തന്നെ നിലനിർത്തുന്നതുമായ സിനിമ 'മിന്നൽ മുരളി' തന്നെയാണ് എന്ന നിരവധി പ്രതികരണങ്ങളും ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമാണ്.

ചിത്രത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു താരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ എത്തി. 'ഗോദ' എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിക്കുന്ന സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ടൊവിനോയുടെ കരിയർ ബേസ്ഡ് സിനിമയായി തന്നെ 'മിന്നൽ മുരളി' മാറിക്കഴിഞ്ഞിരിക്കയാണ്.

Next Story