Top

'സന്ധ്യ പ്രതികരിച്ചപ്പോള്‍ ചിറ്റിലപ്പിള്ളി വക അഞ്ചു ലക്ഷം രൂപ; ജോജു പ്രതികരിച്ചപ്പോള്‍ കള്ളുകുടിയന്‍'; പരിഹസിച്ച് സൈബര്‍ ലോകം

ചിറ്റിലപ്പിള്ളിയുടെ ഫേസ്ബുക്ക് പേജിലും ഇക്കാര്യം ചൂണ്ടിക്കാണിച്ച് കമന്റുകള്‍ നിറയുകയാണ്.

1 Nov 2021 2:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സന്ധ്യ പ്രതികരിച്ചപ്പോള്‍ ചിറ്റിലപ്പിള്ളി വക അഞ്ചു ലക്ഷം രൂപ; ജോജു പ്രതികരിച്ചപ്പോള്‍ കള്ളുകുടിയന്‍; പരിഹസിച്ച് സൈബര്‍ ലോകം
X

2013ല്‍ വഴി തടസപ്പെടുത്തി പ്രതിഷേധം സംഘടിപ്പിച്ച സിപിഐഎമ്മിനെ വിമര്‍ശിച്ച കോണ്‍ഗ്രസാണ് ഇന്ന് മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് ജനങ്ങളെ വെല്ലുവിളിക്കുന്നതെന്ന പരിഹാസവുമായി സോഷ്യല്‍മീഡിയ. അന്ന് സിപിഐഎം നേതൃത്വത്തില്‍ നടന്ന ക്ലിഫ്ഹൗസ് ഉപരോധത്തില്‍ വഴി തടസപ്പെടുത്തി എന്നാരോപിച്ച് സമരക്കാര്‍ക്കെതിരെ പ്രതിഷേധിച്ച സന്ധ്യ എന്ന സ്ത്രീയെ സമരത്തിനെതിരായ പ്രതീകമാക്കി ഉയര്‍ത്തിക്കാണിച്ച കോണ്‍ഗ്രസിനെയാണ് സൈബര്‍ ലോകം പരിഹസിക്കുന്നത്.

സന്ധ്യയെ പുകഴ്ത്തിയ ഷാഫി പറമ്പില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളും സോഷ്യല്‍മീഡിയയില്‍ വീണ്ടും സജീവമായി. അന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സന്ധ്യക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതും വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. സന്ധ്യ പ്രതികരിച്ചപ്പോള്‍ അഞ്ചു ലക്ഷം രൂപ, എന്നാല്‍ ജോജു പ്രതികരിച്ചപ്പോള്‍ കള്ളുകുടിയനായി ചിത്രീകരിക്കുന്നുവെന്നാണ് സോഷ്യല്‍മീഡിയയിലെ അഭിപ്രായങ്ങള്‍. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഫേസ്ബുക്ക് പേജിലും ഇക്കാര്യം ചൂണ്ടിക്കാണിച്ച് കമന്റുകള്‍ നിറയുകയാണ്.

സംഭവം പരാമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവരും രംഗത്തെത്തി. 'ഇന്ന് പ്രിയ നടന്‍ ജോജുവിന് എറണാകുളത്ത് നേരിടേണ്ടി വന്നത് രാഷ്ട്രീയ ഭേദമന്യേ അപലപിക്കേണ്ട സംഭവമാണ്. തങ്ങളുടെ നിലപാടിന് വിരുദ്ധമായി ശബ്ദം ഉയര്‍ത്തിയാല്‍ കേട്ടാല്‍ അറയ്ക്കുന്ന ചീത്ത വിളിയും, മാനഹാനിയും. കുറച്ചു വര്‍ഷങ്ങള്‍ പുറകെ സഞ്ചരിച്ചാല്‍ ഇന്ന് ഈ ക്രൂരത ചെയ്ത രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും, പുരോഗമനവാദിയുടെ മുഖംമൂടിവെച്ച കോര്‍പ്പറേറ്റ് ഇരട്ടത്താപ്പ് വ്യക്തമായി മനസിലാക്കാം.'-കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.


വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ച സിനിമാതാരം ജോജു ജോര്‍ജിനെതിരെ ഉണ്ടായ അതിക്രമം അപലപനീയമാണെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. ''സമരസംവാദങ്ങളിലൂടെ തന്നെയാണ് കേരളത്തില്‍ രാഷ്ട്രീയമുന്നേറ്റങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടുള്ളത്. സമരങ്ങളെ പൂര്‍ണമായും നിരാകരിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യവുമല്ല. എങ്കിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യങ്ങള്‍ ഉയര്‍ന്നുവരികയാണെങ്കില്‍ പ്രതിഷേധം ഉയര്‍ത്തുവാന്‍ അവര്‍ക്കും അവകാശം ഉണ്ടെന്ന് രാഷ്ട്രീയകക്ഷികള്‍ മറന്നുകൂടാ. അത്തരം സാഹചര്യങ്ങളില്‍ ക്ഷമയോടെയും വിവേകപൂര്‍ണവുമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പകരം വെല്ലുവിളിയുടെ സ്വഭാവത്തിലുള്ള പ്രതികരണമല്ല ഉത്തരവാദിത്വപ്പെട്ട നേതാക്കളില്‍ നിന്നും ഉണ്ടാകേണ്ടത്. വഴിതടഞ്ഞുകൊണ്ടുള്ള സമരത്തില്‍ പ്രതിഷേധം അറിയിച്ച ജോജുവിനെ വെല്ലുവിളിക്കുകയും അദ്ദേഹത്തിന്റെ വാഹനം തകര്‍ക്കുകയുമാണ് സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത്. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കുവാന്‍ സാധിക്കുകയില്ല.'' സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ക്ഷമാപണം നടത്തുന്നതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള റോഡിലെ ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ജോജു പ്രതികരിച്ചത്.

സംഭവത്തെക്കുറിച്ച് ജോജു പറഞ്ഞത്: ''ഹൈക്കോടതി വിധി പ്രകാരം പൂര്‍ണമായും റോഡ് ഉപരോധിക്കരുതെന്നാണ് ഞാന്‍ പറഞ്ഞത്. ഇത് പോക്രിത്തരമാണെന്ന് ഞാന്‍ പറഞ്ഞു. അതിനവര്‍ പറയുന്നത് ഞാന്‍ മദ്യപിച്ചിരുന്നു എന്നാണ്. ഞാന്‍ മുന്‍പ് മദ്യപിച്ചിരുന്നയാളാണ്. പക്ഷേ, ഇപ്പോള്‍ മദ്യപിച്ചിട്ടില്ല. അവരെന്റെ വണ്ടി തല്ലിപ്പൊളിച്ചു. എന്റെ അപ്പനെയും അമ്മയെയും അവര്‍ പച്ചത്തെറി വിളിച്ചു. എന്നെ അവര്‍ക്ക് തെറി പറയാം. പക്ഷേ, എന്റെ അപ്പനും അമ്മയും എന്ത് ചെയ്തു? സിനിമാ നടനായതുകൊണ്ട് പ്രതികരിക്കരുതെന്നുണ്ടോ? ഇത് രാഷ്ട്രീയവത്കരിക്കരുത്. ഇത് ഷോ അല്ല. ഇതെന്റെ പ്രതിഷേധമാണ്. അവര്‍ കേസ് കൊടുത്തോട്ടെ. ഞാന്‍ നേരിടും. ഞാനും പരാതി കൊടുക്കും. ഞാന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് വേറൊരു പരാതി. ഒരു കാര്യത്തിനു പ്രതിഷേധിച്ചതിനു വന്നതാണ് ആ പരാതി. ഞാന്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയില്ല. എന്റെ വാഹനത്തിന്റെ തൊട്ടടുത്ത് കീമോയ്ക്ക് കൊണ്ടുപോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവരൊക്കെ ശ്വാസം വിടാന്‍ പറ്റാതെ നില്‍ക്കുകയായിരുന്നു.''

ഇതിനിടെ, ജോജു ജോര്‍ജിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി. ജോജുവിനെതിരായ ആക്രമണത്തെ ന്യായീകരിച്ച് അദ്ദേഹത്തെ സാമൂഹിക വിരുദ്ധനെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് സുധാകരന്റെ പ്രതികരണം. സമരം ചെയ്യാന്‍ വന്ന പ്രവര്‍ത്തകരെ അപമാനിക്കാന്‍ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

കെ സുധാകരന്‍ പറഞ്ഞത്: ''ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എറണാകുളം ഡി സി സി നടത്തിയ സമരത്തെ തകര്‍ക്കാന്‍ ചില സാമൂഹിക വിരുദ്ധര്‍ ശ്രമിച്ചതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അനാവശ്യ സമരങ്ങള്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസ്. ഇന്ധന വില വര്‍ദ്ധനവ് അസഹനീയമായ സാഹചര്യത്തിലാണ് രൂക്ഷമായ സമരപരമ്പരയ്ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ അല്‍പം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പക്ഷേ അത്തരം സമരങ്ങളിലൂടെയാണ് നാം പല നേട്ടങ്ങളും കൈവരിച്ചതെന്ന് ആരും മറന്നു പോകരുത്. കോടികളുടെ സമ്പത്തില്‍ അഭിരമിക്കുന്നവര്‍ക്ക് ഇന്ധന വിലവര്‍ദ്ധനവ് പ്രശ്‌നമല്ലായിരിക്കാം. പക്ഷേ അത്താഴപ്പട്ടിണിക്കാരന്റെ അവസ്ഥ അതല്ല. ജനപക്ഷത്ത് നിന്ന് സമരം നയിക്കുമ്പോള്‍ വില വര്‍ദ്ധനവിനെ ന്യായീകരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ അടിമകള്‍ എതിരേ വരുന്നത് സ്വാഭാവികമാണ്. തുടര്‍ച്ചയായി നടക്കുന്ന സ്ത്രീ പീഡനങ്ങളില്‍ പോലും വാ തുറക്കാത്ത സിനിമാ നടന്‍മാര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളെ എതിര്‍ക്കുന്നത് അപലപനീയമാണ്. അല്‍പമെങ്കിലും സാമൂഹിക പ്രതിബദ്ധത കാണിക്കാന്‍ താരങ്ങള്‍ തയ്യാറാകണം. സമരം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന സത്യം ഭരണകൂടങ്ങള്‍ക്ക് താരാട്ട് പാടുന്ന മാധ്യമങ്ങള്‍ക്ക് അംഗീകരിക്കാന്‍ മടിയുണ്ട്. എന്നാല്‍ ജനം സമരത്തിന് അനുകൂലമെന്ന് പ്രതികരണങ്ങളില്‍ നിന്ന് ഇപ്പോള്‍ മാധ്യമങ്ങളും മനസ്സിലാക്കിയിരിക്കുന്നു. സമരം ചെയ്യാന്‍ വന്ന പ്രവര്‍ത്തകരെ അപമാനിക്കാന്‍ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കും. സാധാരണക്കാരുടെ പ്രതിഷേധം ഭരണകൂടങ്ങളെ കേള്‍പ്പിച്ച എറണാകുളം DCC യ്ക്കും സമര ഭടന്‍മാര്‍ക്കും അഭിവാദ്യങ്ങള്‍!''

Next Story