Top

'വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഷോ കാണിക്കില്ല; രണ്ട് മിനിറ്റില്‍ പാമ്പിനെ പിടിച്ച് മടങ്ങും'; വാവ സുരേഷിന്റെ അശാസ്ത്രീയ രീതികള്‍ക്കെതിരെ വിമര്‍ശനം ശക്തം

''സുരേഷ് വേഗം സുഖം പ്രാപിക്കട്ടെ, അപക്വമായ നടപടികളില്‍ നിന്ന് പിന്തിരിയട്ടെ''

1 Feb 2022 10:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഷോ കാണിക്കില്ല; രണ്ട് മിനിറ്റില്‍ പാമ്പിനെ പിടിച്ച് മടങ്ങും; വാവ സുരേഷിന്റെ അശാസ്ത്രീയ രീതികള്‍ക്കെതിരെ വിമര്‍ശനം ശക്തം
X

പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ അശാസ്ത്രീയ രീതികള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങള്‍. പാമ്പുകളെ കൈകാര്യം ചെയ്യുന്നത് കൃത്യമായ ശാസ്ത്രീയ മുന്നൊരുക്കങ്ങളും സ്‌നേക് ഹുക്ക് പോലെയുള്ള സുരക്ഷക്രമീകരണങ്ങള്‍ വഴിയുമാണ്. പാമ്പിനെ പിടിക്കാന്‍ ശാസ്ത്രീയമായി പരിശീലനം നേടിയവര്‍ വനംവകുപ്പിലുണ്ട്. അനിവാര്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചെയ്യേണ്ട ഈ ജോലി ഒരു പ്രകടനമാക്കി മാറ്റുകയാണ് വാവ സുരേഷ് എന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്രകടനങ്ങള്‍.

അഡ്വ. സരിന്‍ ശശിയുടെ വാക്കുകള്‍: വാവ സുരേഷ് പാമ്പിനെ പിടിക്കുന്നു നല്ലത് തന്നെ. പക്ഷെ എങ്ങനെ പാമ്പിനെ പിടിക്കരുത് എന്നതിന്റെ മകുടോദാഹരണമാണ് അയാള്‍. കടി കൊള്ളാതെ പാമ്പിനെ പിടിക്കാന്‍ ശാസ്ത്രിയമായ അനവധി മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ ആണ് അശാസ്ത്രീയമായ 'പട്ടി ഷോ 'കാണിക്കുന്നത്. അയാള്‍ക്ക് ഇന്നും മൂര്‍ഖന്റെ കടി കിട്ടി കടി കിട്ടിയ ഉടനെ കയ്യില്‍ ഉള്ള പാമ്പിനെ അയാള്‍ നിലത്തേക്ക് എറിഞ്ഞു. എന്തോ ഭാഗ്യത്തിന് അടുത്തു ആരും ഇല്ലാത്തത് കൊണ്ട് മറ്റാര്‍ക്കും കടി കിട്ടിയില്ല. ഇങ്ങനെ ഉള്ള അഭ്യസങ്ങള്‍ നല്ല മെസ്സേജ് അല്ല പൊതുസമൂഹത്തിന് കൊടുക്കുന്നത്. ആരുടെയെങ്കിലും സാഹസിക പ്രവര്‍ത്തി ആകരുത് സ്‌നേക് റെസ്‌ക്യ്. അത് ശാസ്ത്രീയമായ ഒരു പ്രവര്‍ത്തി ആണ്. കടി കൊണ്ട സുരേഷ് വേഗം സുഖം പ്രാപിക്കട്ടെ ഇനിയെങ്കിലും അപക്വമായ നടപടികളില്‍ നിന്ന് അയാള്‍ പിന്തിരിയട്ടെ..

എംജെ ശ്രീചിത്രന്റെ വാക്കുകള്‍: വാവ സുരേഷ് വീണ്ടും പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലിലാണ് എന്നു കേള്‍ക്കുന്നു. അദ്ദേഹം രക്ഷപ്പെടട്ടെ. ഈ ഊളനാടകം കേരളത്തിലാരംഭിച്ചിട്ട് വര്‍ഷങ്ങളായി. വാവ സുരേഷിന് പാമ്പുപിടിക്കാനറിയാം. സുരേഷ് അതില്‍ വിദഗ്ധനാണ്. രാജവെമ്പാല വരെ നമ്മുടെ നാട്ടിലുള്ള ഏതു പാമ്പിനെ കൈകാര്യം ചെയ്യാന്‍ കഴിവുണ്ട്. സാധാരണ ഏതു മനുഷ്യനും ഭയക്കുന്ന ഉരഗജീവികളെ ഭയമില്ലാതെ കൈകാര്യം ചെയ്യുന്ന ഒരു മനുഷ്യനോട് മറ്റുള്ളവര്‍ക്ക് ആരാധന സ്വാഭാവികമാണ്. ഇത്രയും ശരി. ഈ ശരികള്‍ക്കു മുകളില്‍ കാട്ടിക്കൂട്ടിയ കൊടുംതെറ്റുകളുടെ ദുരന്തഫലമാണ് ഈ നിമിഷം സുരേഷിനെ വീണ്ടും മരണത്തിന് മുഖാമുഖം നിര്‍ത്തുന്നത്.

ഭൂമിയില്‍ വിഷജീവികള്‍ പലതുണ്ട്. വിഷം ആപേക്ഷികമാണ്, ഒരു ജീവിയുടെ വിഷം മറ്റൊരു ജീവിയെ ഒന്നും ചെയ്‌തേക്കില്ല, ചിലപ്പോള്‍ ഔഷധവുമാകാം. പക്ഷേ സര്‍പ്പത്തിന്റെ പ്രതിരോധത്തിനായി അതിനുള്ള ആയുധമായ കെമിക്കല്‍ കോമ്പോണ്ട് മനുഷ്യശരീരത്തില്‍ വിഷമാണ്. പ്രതിവിഷം നിര്‍മ്മിക്കുന്നു എന്നത് വേറെക്കാര്യം. ആ പ്രക്രിയ തന്നെ ശാസ്ത്രവളര്‍ച്ചയില്‍ മനുഷ്യന്‍ കണ്ടെത്തിയതാണ്. അല്ലാതെ കൊത്തിയ പാമ്പിനെ വെച്ചോ വേറെ പാമ്പിന്റെ വിഷം കുത്തിവെച്ചോ പ്രതിവിഷചികില്‍സയില്ല. കാര്യം ലളിതമാണ് പാമ്പ് പ്രകൃതിയില്‍ ഉണ്ട്, ഉണ്ടായിരിക്കണം. പക്ഷേ മനുഷ്യന് അപകടകാരിയാണ്.

ഈ വിഷജീവിയെ ശാസ്ത്രീയമായി പിടിക്കാന്‍ പരിശീലനം നേടിയവരുണ്ട്. അനിവാര്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചെയ്യേണ്ട ആ ജോലി ഒരു പ്രകടനമല്ല. കുറച്ചു മാസം മുമ്പ് വീടിനടുത്തു നിന്ന് സാമാന്യം വലിയ ഒരു അണലിയെ കണ്ടു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ അര മണിക്കൂറിനകം വന്ന് വെറും രണ്ടേ രണ്ട് മിനിറ്റുകൊണ്ട് അവരതിനെ കൊണ്ടുപോയി. കൂടിനിന്ന നാട്ടുകാരെ കാണിക്കാനോ ഒരു പ്രകടനത്തിനോ വാചകമേളക്കോ അവര്‍ മുതിര്‍ന്നതു പോലുമില്ല. ഈ പരിപാടി വാവ സുരേഷ് ചെയ്യുന്നത് ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ്. വെറും കൈ കൊണ്ട് പാമ്പിനെ പിടിക്കുമ്പോള്‍ അദ്ദേഹത്തിന് എന്തോ ആത്മാനുഭൂതി ഉണ്ടാകുമത്രേ. പിന്നീട് നാട്ടുകാര്‍ക്ക് മുന്നില്‍ നടത്തുന്ന സര്‍പ്പാഭരണവിഭൂഷിതനായ പ്രസംഗം അദ്ദേഹത്തിന് മറ്റൊരനുഭൂതിയാണ്. ഈ അനുഭൂതികള്‍ എല്ലാം ഷൂട്ട് ചെയ്ത് പശ്ചാത്തലത്തില്‍ ഭീകരസംഗീതം നല്‍കി ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്നത് ഒരു ചാനലിന് വേറൊരനുഭൂതിയാണ്. ഇതു കണ്ട് കയ്യടിക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്യുന്നത് ജനങ്ങള്‍ക്ക് ഇതിലപ്പുറം അനുഭൂതിയാണ്. ഇതിനെല്ലാമപ്പുറം ഈ അനുഭൂതികളെ വിമര്‍ശിക്കുന്ന ഡോക്ടര്‍മാരെയടക്കം തെറി വിളിക്കുന്നത് വാവാ ഫാന്‍സിന് ഉന്‍മാദാനുഭൂതിയാണ്.

ഇത്തരം അനുഭൂതികള്‍ക്ക് നല്‍കാനുള്ളതല്ല മനുഷ്യജീവന്‍ എന്ന തിരിച്ചറിവ് സാമാന്യബുദ്ധിയാണ്. പക്ഷേ സാമാന്യബുദ്ധി പാമ്പിന്‍വിഷത്തേക്കാളും ഈ സമൂഹത്തില്‍ അപൂര്‍വ്വമായിക്കൊണ്ടിരിക്കുകയാണ്. വാവ സുരേഷ് രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നു. വാവസുരേഷ് പങ്കുവെക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ബുദ്ധിരാഹിത്യം മരിക്കണം എന്നും കൂടി ആഗ്രഹിക്കുന്നു. വാവാ ഫാന്‍സിനു കൂടി എന്നെ പൊങ്കാലയടുപ്പില്‍ തിളപ്പെച്ചെടുക്കാവുന്നതാണ്. സ്വാഗതം.ഹരീഷ് വാസുദേവന്‍ പറഞ്ഞത്: വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ അറിയില്ല. പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം, പിടിക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരായി പിടിക്കുമ്പോഴാണ് 'ഒരാള്‍ക്ക് ആ പണി അറിയാം' എന്നു നാം പറയുക. ഒരാള്‍ നല്ല ഡ്രൈവറാണോ എന്നു നോക്കുന്നത് ഏറ്റവും കുറഞ്ഞ ആക്‌സിഡന്റ് ഉണ്ടാക്കിയതും റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ഒക്കെ നോക്കിയാണ്. അല്ലാതെ വണ്ടിയില്‍ സര്‍ക്കസ് കളിക്കുന്ന ആളെ നമ്മള്‍ നല്ല ഡ്രൈവര്‍ എന്നു പറയുമോ? ഇല്ല.

വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് വഴി അദ്ദേഹത്തിനും കണ്ടു നില്‍ക്കുന്നവര്‍ക്കും മാത്രമല്ല, ആ പാമ്പിനും അപകടമുണ്ട്. ഇന്നത്തെ അപകടത്തിന്റെ വീഡിയോയും അത് വ്യക്തമാക്കുന്നു. മുന്‍പ് പലപ്പോഴും വ്യക്തമായത് തന്നെ. എത്രയോ പാമ്പുകളെ അനാവശ്യമായി വേദനിപ്പിച്ചാണ് പിടിക്കുന്നത്. നാട്ടുകാര്‍ക്ക് റിസ്‌കും. കാളപ്പോരിന്റെ വീറ് പോലെ വീറുള്ള, ഭ്രാന്തമായ ആവേശമുള്ള പത്തിരുപതുലക്ഷം ഊളകള്‍ ഫാന്‍സ് ആയിട്ടുണ്ട് എന്നത് സ്വന്തം ലൈഫും പാമ്പിന്റെ ലൈഫും നാട്ടുകാരുടെ ലൈഫും അപകടത്തിലാക്കി ഈ പണി തുടരാനുള്ള ലൈസന്‍സല്ല. പലവട്ടം പലരും പറഞ്ഞ കാര്യം വീണ്ടും പറയുന്നു, വാവ സുരേഷ് ഒന്നുകില്‍ സുരക്ഷിതമായി ഈ ജോലി ചെയ്യാന്‍ പഠിക്കണം, അല്ലെങ്കില്‍ അത് നിര്‍ത്തണം. അങ്ങേരെ ഈ പണിക്ക് കൊണ്ടുപോകുന്നത് സര്‍ക്കാര്‍ നിര്‍ത്തിക്കണം. അദ്ദേഹത്തിന്റെ ആരോഗ്യം എത്രയും പെട്ടെന്ന് തിരികെ കിട്ടി സുഖം പ്രാപിക്കട്ടെ. (തെറിവിളി കൊണ്ട് ഞാന്‍ പറയുന്നതിനെ ഇല്ലാതാക്കാന്‍ പറ്റില്ല)

ആശിഷ് ജോസ് പറഞ്ഞത്: അശാസ്ത്രീയവും അപകടരവുമായ രീതിയില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ കുപ്രസിദ്ധി നേടിയ ശ്രീമാന്‍ വാവ സുരേഷിന് ഇന്ന് കോട്ടയത്തുവെച്ചു ഒരു മൂര്‍ഖന്‍ പാമ്പിനെ പിടിച്ച ക്യാമറകളുടെയും കൂട്ടംചേര്‍ന്ന് കാണികളുടെയും മുന്‍പില്‍ വെച്ചു പ്രദര്‍ശിപ്പിക്കുന്നതിന്റെ ഇടയില്‍ ഗുരുതരമായ രീതിയില്‍ കടിയേള്‍ക്കുകയും അടിയന്തര ചികിത്സ സഹായം നല്‍കുന്നതിനുവേണ്ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയുമാണെന്നാണ് മനസ്സില്‍ ആകുന്നത്. കൃത്യമായ ആധുനിക വൈദ്യസഹായത്തോടെ അദ്ദേഹത്തിന് സ്വാഭാവിക ജീവിതത്തിലോട് മടങ്ങിവരാന്‍ സാധിക്കട്ടെയെന്നു പ്രതീക്ഷിക്കുന്നു.

അതീവ ദൗര്‍ഭാഗ്യകരമായ ഒരു അപകടമെങ്കിലും ശാസ്ത്രീയ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കുന്നവരോട് തെറിവിളിയല്ല യുക്തിയോടും സമചിത്തതയോടെയുള്ള സമീപനമാണ് വേണ്ടതെന്നു ഇനിയെങ്കിലും വാവ സുരേഷിന്റെ ഫാന്‍സ് എന്ന പേരില്‍ സ്വയം അടയാളപ്പെടുത്തുന്നവര്‍ കരുത്തുമെന്നും, ആരോഗ്യത്തോടെ മടങ്ങി വരുന്ന അദ്ദേഹം അശാസ്ത്രീയവും അപകടരവുമായ രീതിയില്‍ പാമ്പിനെ പ്രദര്‍ശിപ്പിക്കുന്ന രീതി ആവര്‍ത്തിക്കാതെ ഇരിക്കുമെന്നും പ്രത്യാശിക്കുന്നു.

കേരളത്തില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് കൃത്യമായ ശാസ്ത്രീയ മുന്നൊരുക്കങ്ങളും, സ്‌നേക് ഹുക്ക് പോലെയുള്ള സുരക്ഷക്രമീകരണങ്ങള്‍ വഴിയുമാണ് മാത്രമേ പാടുള്ളൂ എന്നും, അത്തരത്തില്‍ മതിയായ ട്രെനിംഗ് ലഭിച്ച, പാമ്പുകളുടെ രക്ഷാപ്രവര്‍ത്തനം ചെയ്യുന്ന റെസ്‌ക്യുവേഴ്‌സ് ആയിട്ടുള്ളവര്‍ക്ക് അസിസ്റ്റന്റ് കണ്‍സര്വേറ്റീവ് ഓഫ് ഫോറസ്റ്റിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റോടുക്കൂടി മാത്രം സ്‌നേക് റെസ്‌ക്യുവിംഗ് സാധ്യമാക്കാവൂ എന്ന സര്‍ക്കാരിന്റെ ഗൈഡ്‌ലൈനുള്ള ഒരു സംസ്ഥാനത്തില്‍ പാമ്പിനെ വെച്ചു സര്‍ക്കസ് പ്രദര്‍ശനം നടത്തുന്നത് വഴി ഒരാള്‍ക്കു അപകടം ഉണ്ടായി എന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. പാമ്പുകളുടെ വര്‍ഗ്ഗീകരണം, ആവാസ വ്യവസ്ഥ, ആഹാര രീതികള്‍, തിരിച്ചറിയുന്ന വിധം, സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന വിധം, കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തുടങ്ങി റിലവന്റെ ആയ വിഷയങ്ങളില്‍ കൃത്യമായ പരിശീലനം ലഭിച്ച വ്യക്തികള്‍ക്ക് റെസ്‌ക്യു കിറ്റ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ നല്‍കി അഞ്ചുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കു മാത്രേ സ്‌നേക് റെസ്‌ക്യുവിംഗ് അനുവദിക്കൂ എന്നതാണ് 2020 മുതല്‍ കേരള വനം വകുപ് ഔദ്യോഗികമായി ഇറക്കിയ ഗൈഡ്‌ലൈന്‍സില്‍ പറയുന്നത്. അതിന്റെ ഭാഗമായി കേരളത്തില്‍ വിവിധ ജില്ലകളിലായി നൂറുകണക്കിന് റെസ്‌ക്യുവേഴ്‌സിന് ട്രെനിംഗും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത് ആണ്. 'സര്‍പ്പ' (SARPA' : Snake Awareness, Rescue and Protection App) എന്ന പേരിലുളള ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വനം വകുപ്പിന്റെ അംഗീകാരമുള്ള റെസ്‌ക്യുവീഴ്!സിനെ വേഗത്തില്‍ കണ്ടെത്തി ഒരു ആവശ്യത്തില്‍ ബന്ധപ്പെട്ടാനുള്ള അവസരം കേരളത്തില്‍ ഉണ്ടെന്നു കൂടി സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു.

Next Story