Top

കുഞ്ഞാലിക്കുട്ടിയുടെ 'കാര്യങ്ങള്‍'ക്ക് ഇസ്ലാമിക നിയമപ്രകാരം എന്ത് പറയും? പറയാന്‍ ലീഗിന് നട്ടെല്ലുണ്ടോയെന്ന് സോഷ്യല്‍മീഡിയ

''ഇന്ത്യയില്‍ ഇസ്ലാമിക നിയമമാണോ? ഇവിടെ ജനാധിപത്യമല്ലേ?''

10 Dec 2021 11:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞാലിക്കുട്ടിയുടെ കാര്യങ്ങള്‍ക്ക് ഇസ്ലാമിക നിയമപ്രകാരം എന്ത് പറയും? പറയാന്‍ ലീഗിന് നട്ടെല്ലുണ്ടോയെന്ന് സോഷ്യല്‍മീഡിയ
X

മുസ്ലീംലീഗ് നേതാക്കളുടെ 'ഇസ്ലാമിക നിയമപ്രകാരം' പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ എങ്ങനെ വിശദീകരിക്കുമെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ. ഇക്കാര്യം പറയാനുള്ള നട്ടെല്ല് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാന്‍ കല്ലായി അടക്കമുള്ള നേതാക്കളുണ്ടോയെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

''ഇന്ത്യയില്‍ ഇസ്ലാമിക നിയമമാണോ? ഇവിടെ ജനാധിപത്യമല്ലേ? നമുക്ക് ഭരണഘടനയില്ലേ? ശരി, ഒരു കാര്യം ചോദിച്ചോട്ടെ, പി കെ കുഞ്ഞാലിക്കുട്ടി റജീന കേസില്‍ ആരോപണവിധേയനായപ്പോള്‍, രാജി വച്ചപ്പോള്‍, കേസുണ്ടായപ്പോള്‍ നിങ്ങള്‍ ഇസ്ലാമിക നിയമം അനുസരിച്ചാണോ തുടര്‍ കാര്യങ്ങള്‍ ചെയ്തത്? അതോ ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടനയും നിയമസംവിധാനവും പിന്തുടര്‍ന്ന് കേസില്‍ നിന്ന് രക്ഷപ്പെട്ടോ?''-മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് ചോദിച്ചു.

മുന്‍ ജഡ്ജ് എസ് സുദീപിന്റെ വാക്കുകള്‍: ''ഒരു മിനിക്കഥ: എവടെപ്പോണു? പ്രഭാഷണം കേക്കാന്‍. എന്താ വിഷയം? സ്ത്രീ- സ്വാതന്ത്ര്യവും പീഡനങ്ങളില്‍ നിന്നു സംരക്ഷണവും. വളരെ നല്ലത്. ആട്ടെ, ആരാ പ്രഭാഷകന്‍? കുഞ്ഞാലിക്കുട്ടി സാഹിബ്. (കഥ തീര്‍ന്നു)''

സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി പറഞ്ഞത് ഇങ്ങനെ: ''ഇസ്ലാമിക നിയമപ്രകാരം റിയാസിന്റെയും വീണയുടേയും വിവാഹം വ്യഭിചാരമാണെന്നാണ് ലീഗിന്റെ ന്യായീകരണം. വല്ല ഇസ്ലാമിക രാജ്യത്തും ചെന്ന് നടപ്പാക്കി ജീവിക്കണം ചങ്ങാതിമാരെ നിങ്ങള്.. ഞങ്ങള്‍ടെ മതേതര രാജ്യത്തിനൊരു ഭരണഘടനയുണ്ട്..നിയമമുണ്ട്.. ആ ഭരണഘടന ഞങ്ങളുടെ വിശ്വാസമാണ്..ഇവിടെ ഏതു മതക്കാരനും ഏതു മതക്കാരിയും മതമില്ലാത്തവരും പരസ്പരം പ്രണയിച്ച് ജീവിക്കും..ഞങ്ങള്‍ക്ക് രാജ്യത്തിന്റെ നിയമം നോക്കിയാല്‍ മതി..?

ഇസ്ലാം പറയുന്നു: ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൌതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്. അവന്‍ നിങ്ങള്‍ക്ക് കൌതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെതെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.2-221. ഇത്തരം മനുഷ്യത്വവിരുദ്ധമായ മാനവീക വിരുദ്ധമായ മണ്ടന്‍ ഗോത്ര വിശ്വാസങ്ങള്‍ പേറി നടക്കുന്നവരുടെ ഒക്കെ ദയനീയാവസ്ഥ...''

അതേസമയം, മുസ്ലീംലീഗിന്റെ വിവാദപ്രസംഗം അപരിഷ്‌കൃതവും കേരളത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക പൈതൃകത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്റെ സമാധാനാന്തരീക്ഷവും മതസൗഹാര്‍ദ്ദവും തകര്‍ക്കുന്ന ഇത്തരം പ്രസംഗങ്ങള്‍ അത്യന്തം അപകടകരമാണ്. രണ്ടുപേരുടെ വിവാഹജീവിതം ദാമ്പത്യമല്ലെന്നും വ്യഭിചാരമാണെന്നും പരസ്യമായി അധിക്ഷേപിക്കുന്ന ലീഗ് മുന്നോട്ടുവെയ്ക്കുന്ന അഭിപ്രായം ആധുനിക കേരളത്തിന് യോജിച്ചതല്ല. മുസ്ലീംലീഗിനകത്ത് തിളച്ചുമറിയുന്ന താലിബാനിസത്തിന്റെ പുറന്തള്ളലാണ് മുഖ്യമന്ത്രിക്കെതിരായ ജാതീയധിക്ഷേപം. മുസ്ലീംലീഗ് അത്രമേല്‍ ജമാഅത്തെ ഇസ്ലാമി വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ ആര്‍.എസ്.എസ് ആരംഭിച്ച വംശീയാധിക്ഷേപം മുസ്ലീംലീഗ് ഏറ്റെടുത്തിരിക്കുകയാണെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

നവോത്ഥാന നായകര്‍ ഉഴുതുമറിച്ച മണ്ണില്‍ ലീഗ് പേറുന്ന ജീര്‍ണ്ണിച്ച ചിന്തകള്‍ ചരിത്രം ചവറ്റുകൊട്ടയിലെറിയും. മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ട്രാന്‍സ്ജെന്റര്‍ സമൂഹത്തിനെതിരെയുമുളള അതിരുകടന്ന അധിക്ഷേപം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. മധ്യകാലത്തിലെവിടെയോ സ്തംഭിച്ചുപോയ പ്രാകൃത തലച്ചോറുമായി നടക്കുന്ന ലീഗ് നേതൃത്വം മനോവിഭ്രാന്തിയിലാണ്. നാവിന് ലൈസന്‍സ് ഇല്ലെന്നു കരുതി ആരെയും അധിക്ഷേപിക്കാമെന്ന ധാര്‍ഷ്ട്യം അംഗീകരിച്ച് നല്‍കാനാവില്ല. കേരളത്തിലെ പ്രബുദ്ധജനത ഇത് തിരിച്ചറിയുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.

മുസ്ലീം മതന്യൂനപക്ഷത്തിലെ മഹാഭൂരിപക്ഷവും മതനിരപേക്ഷ പക്ഷത്ത് നില്‍ക്കുന്നവരാണ്. അവര്‍ വര്‍ഗീയതയെ ഇഷ്ടപ്പെടുന്നില്ല. മുസ്ലീം ലീഗിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ക്കിടയില്‍പ്പോലും സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചും സ്ത്രീ-പുരുഷബന്ധത്തിലെ ജനാധിപത്യത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. ഈ മാറ്റം ലീഗിലെ ഒരുവിഭാഗത്തിന് ഇതുവരെയും തിരിച്ചറിയാനാവുന്നില്ല. തങ്ങള്‍ ജനാധിപത്യ പാര്‍ടിയല്ലെന്നും ഒരു വര്‍ഗീയ സംഘടനമാത്രമാണെന്നും ലീഗ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ലീഗിനെ മുസ്ലീം സമൂഹത്തില്‍നിന്നും കൂടുതല്‍ ഒറ്റപ്പെടുത്തുകയേയുള്ളൂ. രാഷ്ട്രീയപരമായി വലിയ തിരിച്ചടിയാണ് ലീഗ് നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ഗീയവും പുരോഗമനവിരുദ്ധവുമായ നിലപാടുകള്‍ ലീഗിന്റെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടും. ജമാഅത്തെ ഇസ്ലാമി വല്‍ക്കരിക്കപ്പെട്ട ലീഗ് കൂടുതല്‍ വര്‍ഗ്ഗീയ സ്വഭാവം പ്രകടിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് തുടരുന്ന മൗനവും ആപല്‍ക്കരമാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.

Next Story