Top

'മോഹൻലാൽ ഇവിടെ തന്നെ കാണും'; 'റോബിൻ ആർമി'യുടെ സൈബർ ആക്രമണത്തിനെതിരെ ഷിയാസ് കരീം

'പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നത്'

5 Jun 2022 2:11 PM GMT
ഫിൽമി റിപ്പോർട്ടർ

മോഹൻലാൽ ഇവിടെ തന്നെ കാണും; റോബിൻ ആർമിയുടെ സൈബർ ആക്രമണത്തിനെതിരെ ഷിയാസ് കരീം
X

ബിഗ് ബോസ് സീസണ്‍ 4ലെ മത്സരാർത്ഥി ഡോ റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയതിൽ അവതാരകനായ മോഹൻലാലിനെതിരെ സൈബർ ആക്രമണം നടക്കുകയാണ്. മോഹൻലാൽ അവതാരക സ്ഥാനത്ത് നിന്ന് മാറണമെന്നും റോബിനെ തിരിച്ചെടുക്കാത്ത പക്ഷം ഇനി മോഹൻലാലിന്റെ സിനിമകൾ കാണില്ലെന്നുമാണ് റോബിൻ ആരാധകർ പറയുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാർത്ഥിയായ ഷിയാസ് കരീം.

മലയാള സിനിമയുടെ വളർച്ചയിൽ മോഹൻലാൽ എന്ന അഭിനേതാവിന്റെ പങ്ക് ചെറുതല്ല. ബിഗ് ബോസ് എന്ന പരിപാടിയുടെ അവതാരകൻ എന്ന കാരണത്താൽ അദ്ദേഹത്തിനെതിരെ അസഭ്യം പറയുന്നത് ശരിയല്ല എന്ന് ഷിയാസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഷിയാസിന്റെ പ്രതികരണം.

ഷിയാസ് കരീമിന്റെ വാക്കുകൾ:

മോഹൻലാൽ എന്ന നടൻ നമുക്ക് ആരാണെന്ന് നിങ്ങൾ മറക്കരുത്, മലയാള സിനിമയുടെ വളർച്ചയിൽ മോഹൻലാൽ എന്ന നടന്റെ പങ്ക് ചെറുതല്ല. മറ്റുള്ള ഇൻഡസ്ട്രി പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹൻലാലിനെ ബിഗ് ബോസ്സ് ഷോയുടെ അവതാരകനാണ് എന്ന ഒരറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക ബിഗ് ബോസ് സീസൺ ഇനിയും ഉണ്ടാകും ഇനിയും ഒരുപാട് തരംഗങ്ങൾ ഉണ്ടാകും പുതിയ താരങ്ങളും ആർമിയും ഉണ്ടാകും പക്ഷെ മോഹൻലാൽ എന്ന നടന് ഇവിടെ തന്നെ കാണും!

അതിനർത്ഥം മോഹൻലാൽ എന്ന നടൻ വിമർശനത്തിന് അതീതമാണ് എന്നല്ല പക്ഷെ ബിഗ് ബോസിന്റെ അവതാരകനായത് കൊണ്ട് മാത്രം മോഹൻലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത് ! പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്ന് പുറത്താക്കിയത്. ഷോയുടെ ഭാഗമായുണ്ടായ ടാസ്‌കിനിടെയില്‍ റോബിന്‍ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് റോബിനെ സീക്രട്ട് മുറിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മത്സരത്തില്‍ തിരിച്ചു പങ്കെടുപ്പിക്കാന്‍ ബിഗ് ബോസ് തീരുമാനിക്കുകയും ചെയ്തതോടെയാണ് രംഗം വഷളായത്. റോബിന്റെ മടങ്ങി വരവില്‍ പ്രതിഷേധിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിന്‍ മൂസ സ്വന്തം ഇഷ്ടപ്രാകാരം ഇറങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് റോബിനെ പരിപാടിയില്‍ നിന്നും പുറത്താക്കി.

ബിഗ് ബോസില്‍ നിന്നും പുറത്തായ റോബിന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറാലാണ്. 'റോബിന്‍ ആര്‍മി' ഉള്‍പ്പെടെ നിരവധി ആരാധകരാണിപ്പോള്‍ റോബിനുള്ളത്. ബിഗ്‌ബോസ് സീസണ്‍4 ന്റെ ടൈറ്റില്‍ വിന്നര്‍ റോബിന്‍ ആയിരിക്കുമെന്ന് ഒരു വിഭാഗം ആളുകള്‍ ഉറച്ച വിശ്വാസത്തിലിരിക്കുമ്പോഴായിരുന്നു റോബിന്റെ അപ്രതീക്ഷിത പുറത്താകല്‍.

story highlights: shiyas kareem comments on the cyber attack against mohanlal on the elimination of robin radhakrishnan from big boss

Next Story