'ലൈംഗിക വിദ്യാഭ്യാസം അനിവാര്യം'; കേട്ടതോടെ 'ചില' പ്രബുദ്ധ മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ഛര്‍ദ്ദിക്കല്‍
റിപ്പോര്‍ട്ടര്‍ ലൈവ് അടക്കമുള്ള മാധ്യമങ്ങളുടെ കമന്റ് ബോക്സുകളിലാണ് ഒരുവിഭാഗം മലയാളികളുടെ തനിസ്വഭാവം പ്രകടമായത്.
4 Oct 2021 1:59 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗം മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ഛര്‍ദ്ദിക്കല്‍. സതീദേവിയുടെ പരാമര്‍ശം വാര്‍ത്തയാക്കിയ റിപ്പോര്‍ട്ടര്‍ ലൈവ് അടക്കമുള്ള മാധ്യമങ്ങളുടെ കമന്റ് ബോക്സുകളിലാണ് ഒരുവിഭാഗം മലയാളികളുടെ തനിസ്വഭാവം പ്രകടമായത്.
ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവാണ് ഇവരുടെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്നും ഇവര്‍ തന്നെയാണ് ലൈംഗികവിദ്യാഭ്യാസം വേണമെന്നതിന്റെ തെളിവുകളെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു. ഇതുപോലുള്ള വിഡ്ഢികള്‍ കേരളത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമല്ല, അത്യാവശ്യമാണെന്നും സോഷ്യല്‍മീഡിയ പറയുന്നു.
'ലൈംഗിക വിദ്യാഭ്യാസം നല്കുന്നെങ്കില് സ്കൂളുകളില്‍ പ്രസവ വാര്‍ഡ് വേണം', 'പ്രാക്ടിക്കല്‍ ക്ലാസ് വേണം', 'എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കണം', 'പ്രാക്ടിക്കല്‍ ക്ലാസ് ഉണ്ടെങ്കില്‍ ഇനിയും സ്കൂളില്‍ പോകും', എന്നിങ്ങനെ പോകുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍. ഇത്തരക്കാര്‍ക്ക് മറുപടിയുമായി ട്രോള്‍ ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്.
പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കൊലപ്പെടുത്തിയ നിതിന മോളുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സതീദേവി സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് പറഞ്ഞത്. ലൈംഗിക വിദ്യാഭ്യാസം എന്ന് പറയുമ്പോള്‍ പലരുടേയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി നിലനില്‍ക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തെകുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാല്‍ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്ടുകള്‍ കൊണ്ടുവരണമെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.